Home / News / Features / അനധികൃത മണല്‍ ഖനനവും ഭൂമി കൈയേറ്റവും : രണ്ട് നദികള്‍ അപ്രത്യക്ഷമായി

അനധികൃത മണല്‍ ഖനനവും ഭൂമി കൈയേറ്റവും : രണ്ട് നദികള്‍ അപ്രത്യക്ഷമായി

നീരൊഴുക്ക് നിലച്ച് കരഭൂമിയായി മാറിയ വരട്ടാര്‍

നീരൊഴുക്ക് നിലച്ച് കരഭൂമിയായി മാറിയ വരട്ടാര്‍

ചെങ്ങന്നൂര്‍ : ഭൂമി കൈയേറ്റവും അനധികൃത മണല്‍ ഖനനവും മൂലം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ നദികളുടെ പട്ടികയില്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ട് നദികള്‍ കൂടി. പമ്പയുടെ കൈവഴികളായ വരട്ടാര്‍, അച്ചന്‍കോവിലാറിനേയും പമ്പയേയും ബന്ധിപ്പിക്കുന്ന ഉത്രപ്പളളി ആറ് എന്നിവക്കാണ് കൈയേറ്റക്കാരും മണല്‍ മാഫിയാകളും ചേര്‍ന്ന് ചരമക്കുറിപ്പെഴുതിയത്. മുന്‍പിന്‍ നോക്കാതെയുളള കൈയേറ്റങ്ങള്‍ പ്രകൃതിക്കും മനുഷ്യ ജീവിതത്തിനും മേല്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഉദാഹരണമാണ് ഈ രണ്ട് നദികളുടെ മരണം. രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തോടെ വന്‍ ഭൂവുടമകള്‍ നദികള്‍ കൈയേറി തട്ടിയെടുത്തത് ഏക്കര്‍ കണക്കിന് ഭൂമിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിട്ടിരുന്ന വരട്ടാര്‍ ഇല്ലാതായതോടെ അയ്യായിരം ഹെക്ടര്‍ കൃഷിഭൂമി വരണ്ടുണങ്ങിയതായി ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു. 3000 ഏക്കറോളം ഭൂമിയാണ് വരട്ടാര്‍ കൈയേറി തട്ടിയെടുത്തിരിക്കുന്നത്. 16 കിലോ മീറ്റര്‍ നീളമുണ്ടായിരുന്ന വരട്ടാര്‍ തിരുവല്ല, കോയിപ്രം വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നാരംഭിച്ച് ചെങ്ങന്നൂര്‍ താലൂക്കിലെ ഇരമല്ലിക്കരയില്‍ എത്തിയാണ് പമ്പാ നദിയില്‍ സംഗമിച്ചിരുന്നത്. ശരാശരി വീതി 150-200 മീറ്റര്‍ വരും. കോയിപ്രം മേഖലയിലെ അനിയന്ത്രിതമായ മണല്‍ ഖനനം മൂലം പമ്പയുടെ അടിത്തട്ട് എട്ട് മീറ്ററോളം താണതോടെയാണ് വരട്ടാറിലേക്കുളള ഒഴുക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചത്. ഇതോടെ പുഴ ഒഴുകിയ വഴിയില്‍ കൈയേറ്റം വ്യാപകമായി. നദീ മദ്ധ്യത്തില്‍ തെങ്ങിന്‍ തോപ്പ് മാത്രമല്ല ചിലര്‍ വീടു വരെ വച്ചിട്ടുണ്ട്. വരട്ടാറിന്റെ തീരത്തുളള തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രമുള്‍പ്പെടെയുളള നാല് പ്രധാന ക്ഷേത്രങ്ങളിലെ താളിയോല ഗ്രന്ഥങ്ങളില്‍ ഈ നദിയെപ്പറ്റി പരാമര്‍ശമുണ്ട്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനനാണ് പമ്പക്ക് ഒരു കൈവഴിയായി നദി ഉണ്ടാക്കിയതെന്ന് ഐതീഹ്യങ്ങളില്‍ പറയുന്നു. കഥയെന്തായാലും ശരി നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള വരട്ടാര്‍ ഇല്ലാതായതോടെ മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടന്നിരുന്ന നൂറ് കണക്കിന് ഹെക്ടര്‍ കൃഷിഭൂമി തരിശിടേണ്ട ഗതികേടിലായി. സമീപ പ്രദേശത്തെ കിണറുകളും നദിയുമായി ബന്ധപ്പെട്ട തോടുകളും വേനലില്‍ വറ്റിവരളും. ആലപ്പുഴ ജില്ലയിലെ വെണ്‍മണിയില്‍ നിന്നുത്ഭവിച്ച് 18 കിലോമീറ്റര്‍ ഒഴുകി നാല് പഞ്ചായത്ത് അതിര്‍ത്തികള്‍ കടന്ന് കുട്ടംപേരൂര്‍ ഭാഗത്ത് പമ്പാനദിയില്‍ സംഗമിക്കുന്ന ഉത്രപ്പളളിയാറ് അപ്രത്യക്ഷമായിട്ട് മൂന്നര ദശാബ്ദത്തോളമായി. 5000 ഹെക്ടര്‍ പ്രദേശത്തെ കാര്‍ഷിക വിളകളാണ് ഇതുമൂലം നശിച്ചത്. വെണ്‍മണിയിലെ ചാമക്കാവ്, വെട്ടിയാര്‍, കോടുകുളഞ്ഞി, പെണ്ണുക്കര, ആലാ എന്നിവിടങ്ങളിലൂടെ ഒഴുകി ശാഖകളായി പിരിഞ്ഞും പാണ്ടനാട്, വന്മഴി, ഇല്ലിമല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് നദി എത്തിച്ചേരുന്നത്. നദി ഒഴുകിയ ഭാഗത്ത് അടിഞ്ഞുകൂടിയ വന്‍ മണല്‍ ശേഖരം അനധികൃതമായി ഖനനം ചെയ്യുന്ന പ്രവര്‍ത്തനവും ഇപ്പോള്‍ നടക്കുന്നുണ്ട്. അടുത്തിടെ റവന്യൂ അധികൃതര്‍ നടത്തിയ സര്‍വേയില്‍ രണ്ട് നദികളിലേയും കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഉത്രപ്പളളിയാറിന്റെ 15 കിലോമീറ്റര്‍ നീളം വരുന്ന ആലാ പഞ്ചായത്തിന്റെ ഭാഗങ്ങളില്‍ മാത്രം ഒന്നേകാല്‍ ഏക്കറോളം കൈയേറിയതായാണ് കണക്ക്. സ്വകാര്യ വ്യക്തികളായ 43 പേരാണ് ഈ ഭാഗത്ത് കൈയേറ്റം നടത്തിയിരിക്കുന്നതെന്നും റവന്യൂ രേഖകളില്‍ പറയുന്നു. ആറിന്റെ ചില ഭാഗത്ത് 25 മീറ്റര്‍ വരെ വീതിയുളളപ്പോള്‍ മറ്റ് ചിലയിടത്ത് കൈത്തോടിന്റെ മാത്രം വീതിയേ ഉളളൂ. അനധികൃത കൈയേറ്റം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന റവന്യൂ വകുപ്പിന്റെ പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറുകയാണ്.

About Managing Editor

Leave a Reply