Home / News / അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തോടനുബന്ധിച്ച് ഗോശാല ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തോടനുബന്ധിച്ച് ഗോശാല ഉദ്ഘാടനം ചെയ്തു

Gosala

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുളള ഗോശാല

കൊടകര (തൃശൂര്‍): ഗോവര്‍ദ്ധനം ചൂടിയ ഉണ്ണിക്കണ്ണനെപ്പോലെ നിഴല്‍ വിരിച്ചു നിന്ന കനകമലയുടെ മടിത്തട്ടില്‍ ആര്‍ഷ സംസ്‌കൃതിയുടെ പ്രകാശം പരത്തി അഭിനവ വൃന്ദാവനത്തില്‍ ഗോശാല തുറന്നു; ഇത് ഗോപാലകനുള്ള ഗോകുലത്തിന്റെ കാണിയ്ക്ക. പച്ചപ്പ് പുതച്ച ആറേശ്വരം മലയുടെ ആശീര്‍വാദത്തോടെ, അനുഗ്രഹിച്ചെത്തിയ മഴയെയും ഒഴുകിയെത്തിയ ജനസാഗരത്തെയും സാക്ഷിയാക്കി നടന്‍ സുരേഷ്‌ഗോപി ഗോശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക സേവനരംഗത്തെ പ്രമുഖരും സംഘപ്രവര്‍ത്തകരും പങ്കെടുത്ത പ്രൗഢോജ്ജ്വല ചടങ്ങില്‍ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ആദ്യ പദ്ധതി യാഥാര്‍ത്ഥ്യമായി. സംസ്‌കാരത്തിന്റെ ഭാഗമായി ഗോശാലകള്‍ ശക്തിപ്പെടുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും കുറഞ്ഞത് അഞ്ച് പശുവിനെയെങ്കിലും വളര്‍ത്തണം. മുലപ്പാല് പോലെ അമൃതാണ് ഗോക്കളുടെ പാല്‍. അതിനാല്‍ ബാലികാ സദനങ്ങളോട് ചേര്‍ന്നും ഗോശാലകള്‍ സ്ഥാപിക്കണം. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ ഗോശാലകള്‍ ഗ്രാമോത്സവങ്ങളുടെ ഭാഗമാകണം. മനുഷ്യനെയും മണ്ണിനെയും നശിപ്പിക്കുന്ന നിലവിലെ ജീവിത രീതികള്‍ക്കുള്ള പ്രതിപ്രവര്‍ത്തനമായി ഗോശാലകളുടെ ശൃംഖല തന്നെ ഇതിലൂടെ ഉണ്ടാകണം. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിച്ച് നാം പ്രകൃതിയെ നശിപ്പിച്ചു. മണ്ണിന്റെ ജൈവികത വീണ്ടെടുക്കാനും നിലനിര്‍ത്താനും പശുവില്‍ നിന്ന് ലഭിക്കുന്ന ചാണകത്തിനും ഗോമൂത്രത്തിനും കഴിയും. പാക്കറ്റ് പാലുകള്‍ കേടാവാതിരിക്കുന്നതിന് രാസവസ്തുക്കള്‍ ചേര്‍ത്തവയായതിനാല്‍ ക്യാന്‍സര്‍ രോഗത്തിന് വരെ സാധ്യതയുണ്ട്. ഇതിനെല്ലാം മറുമരുന്ന് പശു പരിപാലനമാണെന്നും ഗാന്ധിജി സ്വപ്‌നം കണ്ട യഥാര്‍ത്ഥ ഗ്രാമത്തെ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഗോശാലയിലൂടെ നടക്കുന്നതെന്നും സുരേഷ്‌ഗോപി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ലാല്‍ജി മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എം.കൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, തെക്കേമഠം സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ വിഭൂതി, കല്യാണ്‍ സില്‍ക്‌സ് എംഡി ടി.എസ്. പട്ടാഭിരാമന്‍, പ്രാന്ത ഗോരക്ഷാ പ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, ബാലഗോകുലം ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, ശ്രീകൃഷ്ണ കേന്ദ്രം ജനറല്‍ സെക്രട്ടറി എം. ജയകൃഷ്ണന്‍, ക്ഷേത്രീയ കാര്യവാഹ് കെ. രാജേന്ദ്രന്‍,

ഗോപൂജ ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി

ഗോപൂജ ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി

എറണാകുളം മഹാനഗര്‍ സംഘചാലക് പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. ശിവന്‍ സ്വാഗതവും ജ്യോതീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ഏഴ് നിലകളിലുള്ള ശ്രീകൃഷ്ണ മന്ദിരം ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തില്‍ മുപ്പതോളം പദ്ധതികളാണ് കൊടകരയില്‍ നടപ്പാക്കുന്നത്.ഇതില്‍ ആദ്യപദ്ധതിയാണ് ഗോശാല.നിലവില്‍ വിവിധ ഗോവംശങ്ങളില്‍ പെട്ട 52 ഭാരതീയ ഇനം പശുക്കളാണ് ഗോശാലയില്‍ ഉള്ളത്.

About Managing Editor

Leave a Reply