Home / News / Features / ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം : കുമ്മനം രാജശേഖരന്‍

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം : കുമ്മനം രാജശേഖരന്‍

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി
കുമ്മനം രാജശേഖരന്‍ നല്‍കുന്ന പത്രപ്രസ്ഥാവന

പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിനെതിരെ സുപ്രീം കോടതിയും ഹരിതട്രൈബ്യൂണലും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ അട്ടിമറിക്കാനും എയര്‍പോര്‍ട്ട് കമ്പനിയെ വഴിവിട്ട് സഹായിക്കാനും കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ ഹീനവും അപലപനീയവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താപിച്ചു.
എയര്‍പോര്‍ട്ട് കമ്പനിക്കെതിരെ കോടതികള്‍ പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകള്‍ ഒന്നും അധികൃതര്‍ ഗൗനിക്കുന്നില്ല. പദ്ധതിപ്രദേശത്തെ മണ്ണ് നീക്കി ആറന്മുളയിലെ പുഴയും ചാലും പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞ് നാളുകളേറെയായിട്ടും അധികൃതര്‍ ഇപ്പോഴും കുറ്റക്കരമായ നിഷ്‌കൃയത്വം പാലിക്കുകയാണ്. ആറന്മുള ചാലുകള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കിയാല്‍ 60,000 ലോഡ് മണ്ണ് ലഭിക്കുമെന്നിരിക്കെ തൊട്ടടുത്ത എഞ്ചിനിയറിങ്ങ് കോളേജിനുവേണ്ടി വളരെ ദൂരെ നിന്നും മണ്ണ് കൊണ്ടു വന്ന് ലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ദുര്‍വ്യയം ചെയ്യുകയാണ്.
flight-taking-livesനിര്‍ദ്ധനരും ഭൂ രഹിതരുമായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് ആറന്മുളയിലെ മിച്ചഭൂമി. 232 ഏക്കര്‍ മിച്ചഭൂമിയില്‍മേല്‍ തീരുമാനം എടുത്ത് നടപടി പൂര്‍ത്തിയാക്കണമെന്ന് പലപ്രാവശ്യം ഹൈക്കോടതി താലൂക്ക് ലാന്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുളളതാണ്്. പാവങ്ങള്‍ക്ക് സാമൂഹ്യ നീതി നല്‍കുന്നില്ലെന്ന് മാത്രമല്ല കെ.ജി.എസ്. ഗ്രൂപ്പിന് അനര്‍ഹമായ ഭൂമി എങ്ങനെയും തരപ്പെടുത്തി കൊടുക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുകയാണ്. സീറോ ലാന്റ് പദ്ധതി അനുസരിച്ച് ഭൂമി കിട്ടുവാന്‍ ലക്ഷക്കണക്കിന് ഭൂ രഹിതര്‍ കേരളത്തില്‍ കാത്തുകെട്ടി കിടക്കുമ്പോള്‍ ആറന്മുളയില്‍ നിയമങ്ങളെല്ലാം പരസ്യമായി ലംഘിച്ച് കോര്‍പ്പറേറ്റ് കമ്പനിക്ക് മിച്ചഭൂമി വിട്ടുകൊടുക്കാന്‍ ജില്ലാ ഭരണകൂടം വഴിവിട്ട് ശ്രമിച്ചു വരുന്നു.
ആറന്മുളയില്‍ 1800ല്‍ പരം ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് ഇനിയും പിന്‍വലിച്ചിട്ടില്ല.നിയമസഭക്ക് അകത്തും പുറത്തും മുഖ്യമന്ത്രി പലവട്ടം വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടും നടപടി ഒന്നും ആയിട്ടില്ല. ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വ്യവസായ മേഖല പ്രഖ്യാപനം. വിമാനത്താവള കമ്പനി ഭൂമി വാങ്ങിച്ചതിലും പോക്കുവരവ് നടത്തിയ ഒട്ടേറെ ക്രമകേടും അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് സി.എ.ജിയും വിജിലന്‍സ് ഉദ്ദ്യോഗസ്ഥരും ലാന്റ് റവന്യു കമ്മീഷണറും തെളിവുകളോടെ വ്യക്തമാക്കിയിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ നടത്തേണ്ട പല സംഭവങ്ങളും തേച്ച്മാച്ച് കളയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എബ്രഹാം കലമണ്ണിലിന്റെ പേരില്‍ പോക്കുവരവ് നടത്താത്ത 300 ഏക്കര്‍ ഭൂമി കെ.ജി.എസ്. ഗ്രൂപ്പ് എങ്ങനെ വാങ്ങിയെന്നും കമ്പനിയുടെ പേരില്‍ എങ്ങനെ പോക്കുവരവ് നടത്തിയെന്നും എന്നുളളതിനെക്കുറിച്ച് നാളിതുവരെ അന്വേക്ഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച പരാതിയിന്‍ മേല്‍ ജില്ലാ ഭരണകൂടം നിശബ്ദ്ധത പാലിക്കുകയാണ്.
ശിവദാസന്‍ നായര്‍ എം.എല്‍യുടെ വീടിന് നേരെ കല്ലെറിഞ്ഞു എന്ന കുറ്റം ആരോപിച്ച് ഊര്‍ജിതമായ കേസ് അന്വേക്ഷണം നടത്തുന്ന പോലീസ് ആറന്മുള കര്‍മ്മസമിതി നേതാക്കളായ പി.ഇന്ദുചൂഡന്റെയും, ഹരിയുടെയും വീടുകള്‍ കോണ്‍ഗ്രസ്സ്‌ക്കാര്‍ ആക്രമിച്ച സംഭവം എഴുതി തളളിയത് എന്തുകൊണ്ടാണെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കണം. പി.ഇന്ദുചൂഡന്റെ വീട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി പോലീസിന് നല്‍കിയിട്ടുളളതാണ്. പരസ്യമായി പട്ടാപകലാണ് കോണ്‍ഗ്രസ്സുകാര്‍ ആറന്മുള പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. ബോര്‍ഡും ഉപകരണങ്ങളും തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളതുമാണ്. എന്നിട്ടും ആ കേസുകളിലൊന്നും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.
ആറന്മുള വിമാനത്താവള വിഷയം ഒരു അടഞ്ഞ അദ്ധ്യായമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയും ഗ്രീന്‍ട്രൈബ്യൂണലും വിമാനത്താവളം പാടില്ലായെന്നും പദ്ധതിപ്രദേശത്ത് യാതൊരുവിധ മാറ്റവും വരുത്തരുതെന്നും വ്യക്തമാക്കിയിരിക്കെ അതിനെയെല്ലാം മറി കടന്ന് വിമാനത്താവള കമ്പനിക്ക് വേണ്ടി എല്ലാവിധ സഹായവും ചെയ്ത് കൊടുക്കുവാനുളള നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുന്നു.

വ്യാജന്മാരെ ഒറ്റപ്പെടുത്തുക

ആറന്മുള വിമാനത്താവളത്തിനെതിരെ നടന്നു വരുന്ന ജനകീയ പ്രക്ഷോഭത്തെ പരാജയപ്പെടുത്താനും അട്ടിമറിക്കാനും കോര്‍പ്പറേറ്റ് മാഫിയകളും കേരള സര്‍ക്കാരും ചേര്‍ന്ന് സംഘടിതവും ആസൂത്രിതവുമായി കരുക്കള്‍ നീക്കി വരുകയാണ്. ” ആറന്മുളയില്‍ വിമാനത്താവളം വരണം” എന്ന് ഞാന്‍ പ്രസ്താവിച്ചതായി വ്യക്തമാക്കുന്ന എന്‍റെ ചിത്രം സഹിതമുള്ള വ്യാജ ഫേസ്ബുക്ക്‌ പോസ്റ്റിംഗാണ് ഏറ്റവും ഒടുവിലായി ശത്രു പക്ഷം പുറത്തിറക്കിയിട്ടുള്ളത്. വിമാനത്താവളത്തിനെതിരെ നാളിതു വരെ എടുത്ത കടുത്ത നിലപാടില്‍ അലോസരമുള്ളവരും പച്ചക്കള്ളം പ്രചരിപ്പിച്ചു ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കണമെന്നു ആഗ്രഹമുള്ളവരുമാണ് ഈ നീക്കത്തിന് പിന്നില്‍.
ഇവരുടെ ദുരുദ്ദേശ്യം ഏവര്‍ക്കും മനസിലാക്കാവുന്നതെ ഉള്ളൂ. കെ.ജി.എസ്സ് ഗ്രൂപ്പിന്‍റെ താല്‍പ്പര്യം പരിരക്ഷിക്കാന്‍ നടത്തുന്ന ഈ വ്യാജ പ്രചരണത്തെ തിരിച്ചറിയണമെന്നും അവയില്‍ കുടുങ്ങരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
ആറന്മുള വിമാനത്താവളത്തിനെതിരെ നടത്തുന്ന ജനകീയ പ്രക്ഷോഭം അന്തിമ വിജയം കണ്ടെത്തുന്നത് വരെ തുടരുക തന്നെ ചെയ്യും. 5 കോടതികളില്‍ കേസ്സ് നടന്നു വരുകയാണ്. ഈ കാര്യത്തില്‍ യാതൊരു വിധ വിട്ടു വീഴ്ചയുമില്ല. രാഷ്ട്രീയ മത ജാതി പരിഗണനകളുടെ അടിസ്ഥാനത്തിലോ കൊടിയുടെ നിറം നോക്കിയോ അല്ല പ്രക്ഷോഭം നടക്കുന്നത്. കുന്നും കാവും വയലും നീര്‍ത്തടവും നദിയും ആരാധനാലയവും ജനവാസ സ്ഥലവും പരിരക്ഷിക്കുകയാണ് ലക്‌ഷ്യം. അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടി നടക്കുന്ന ഈ ധാര്‍മ്മിക ജനമുന്നേറ്റത്തെ തകര്‍ക്കുവാനാണ് മാഫിയകള്‍ക്ക്‌ വേണ്ടി വ്യാജ പോസ്റ്റിങ്ങുമായി ചിലര്‍ രംഗത്ത് വരുന്നത്. സമര നേതാക്കൾക്കെതിരെ അപവാദ പ്രചരണങ്ങൾ പലതും നടക്കുന്നുണ്ട്. ഈ അടവുകളൊന്നും ആറന്മുളയില്‍ വിലപ്പോവില്ല. വ്യാജന്മാരെ ഒറ്റപ്പെടുത്തണം. ധര്‍മ്മത്തിനും നീതിയ്ക്കും വേണ്ടി പോരാട്ടം നാം തുടരും. വ്യാജ പോസ്റ്റിങ്ങ്‌കാര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വ്യാജന്മാരെ കുറിച്ച് അറിവ് ലഭിച്ചാല്‍ അത് ഉടനെ കൈമാറണമെന്ന് അപേക്ഷിക്കുന്നു.

കുമ്മനം രാജശേഖരന്‍

About Managing Editor

Leave a Reply