Home / Essays / ആശയസമരത്തില്‍ പരാജയപ്പെട്ടവര്‍ ഭരണകൂട ഭീകരതയുടെ (പോലീസ്) തണല്‍ തേടുന്നു

ആശയസമരത്തില്‍ പരാജയപ്പെട്ടവര്‍ ഭരണകൂട ഭീകരതയുടെ (പോലീസ്) തണല്‍ തേടുന്നു

സുധീര്‍ നീരേറ്റുപുറം

media-Web

ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ അധ്യാപകരോട് പരാതികള്‍ പറയാറുണ്ട്. പരാതികള്‍ മിക്കപ്പോഴും ഇങ്ങനെയൊക്കെയായിരിക്കും, ”സാറെ, ആ കുട്ടി എന്നെ തുറിച്ചു നോക്കി”, ”എന്നെ കളിയാക്കി ചിരിച്ചു”, ”എന്നെ കൊഞ്ഞനം കാണിച്ചു”, ”പട്ടി എന്നു വിളിച്ചു”, ”തലയില്‍ തോണ്ടി”, ”പെന്‍സിലിട്ട് കുത്തി”, ”ചോക്കു കൊണ്ട് എറിഞ്ഞു”, ”കുരങ്ങാ എന്ന് വിളിച്ചു”, ”ഇരട്ടപ്പേര് വിളിച്ച് കളിയാക്കി”, ”അമ്മയേയും അച്ഛനേയും പറഞ്ഞു.” പിഞ്ചുകുട്ടികളുടെ ഇത്തരം ബാലിശമായ പരാതികള്‍ പരിണതപ്രജ്ഞരായ അധ്യാപകര്‍ ചിരിച്ചുതളളുകയോ, അല്ലെങ്കില്‍ പരാതിക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി കപട കോപം നടിച്ച് കുട്ടിപ്രതികളെ ശാസിക്കുകയോ ചെയ്ത് പ്രശ്‌നം അവസാനിപ്പിക്കുകയാണ് ചെയ്യുക.
ഇവിടെ ഇതാ ഈ ഇന്ത്യാ മഹാരാജ്യത്ത് മൊട്ടയില്‍ നിന്നും വിരിയാത്തവര്‍ പത്രപ്രവര്‍ത്തകരുടേയും ചാനല്‍ അവതാരകരുടെയും ആങ്കര്‍മാരുടെയും മറ്റും വേഷമിട്ട് സ്വയം പ്രഖ്യാപിത ന്യായാധിപരായി ചമഞ്ഞ് ഉന്നതമായ വിദ്യാഭ്യാസവും രാഷ്ട്രീയപാരമ്പര്യവും പ്രവര്‍ത്തനപരിചയവും മറ്റുമുളള ഭാരത പ്രസിഡന്റിനേയും ഉപരാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരേയും സുപ്രീകോടതിയിലേയും ഹൈക്കോടതികളിലേയും കീഴ് കോടതികളിലേയും ജഡ്ജിമാരെയും അഭിഭാഷകരേയും, സംസ്ഥാന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ജനപ്രതിനിധികളേയും വിവിധ സാമുദായിക നേതാക്കളേയും ആത്മീയാചാര്യന്മാരേയും സന്യാസിനിമാരേയും ബഹുമാന്യ വ്യക്തിത്വങ്ങളേയും എല്ലാം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി അപമാനിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും കുറ്റവിചാരണ നടത്തുകയും അസഭ്യവും അശ്ലീലവും പറഞ്ഞ് മാനഹാനിപ്പെടുത്തുകയും എല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ആരെങ്കിലും ഉചിതമായ മറുപടി പറഞ്ഞാല്‍ അവര്‍ക്കുനേരെ അസഹിഷ്ണുതയോടെ കുരച്ചു ചാടുകയും ചെയ്യും. തങ്ങള്‍ വാരിവിളമ്പുന്ന തോന്ന്യവാസങ്ങളെല്ലാം നാട്ടുകാരെല്ലാം പഞ്ചപുച്ഛമടക്കി കേട്ടുകൊളളണമെന്നാണ് ഇക്കൂട്ടരുടെ തീട്ടൂരം. തങ്ങള്‍ക്കെന്തും വിളിച്ചുകൂവാം, അതിനെതിരെ ആരും ശബ്ദിക്കരുത്…. ശബ്ദിച്ചാല്‍ ഉടന്‍ മുറവിളികൂട്ടും അസഹിണുത….. എന്ന്. ഏഷ്യാനെറ്റ് എന്ന ടിവി ചാനലിലെ ഒരു അവതാരിക ചാനല്‍ ചര്‍ച്ചക്കിടയില്‍ ഭാരതത്തിലെ ഹൈന്ദവ വിശ്വാസികളെയെല്ലാം അപമാനിക്കുന്ന തരത്തില്‍ പുജ്യയായ ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന സ്വരത്തില്‍ സംസാരിച്ചതിനെതിരെ ”തന്നെ ഭീഷണിപ്പെടുത്തുന്നു, വധശ്രമം നടക്കുന്നു” എന്നെല്ലാം അലമുറയിട്ടുകൊണ്ട് പോലീസില്‍ പരാതി നല്കുകയും, അഭിപ്രായ പ്രകടനം നടത്തിയ ചില ശ്രോതാക്കളെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തിരുന്നു.
റിട്ട. മേജറും പ്രമുഖ സിനിമാ സംവിധായകനുമായ മേജര്‍ രവി ഒരു ചാനല്‍ ചര്‍ച്ചയില്‍ ”ദുര്‍ഗ്ഗാദേവിയെ സെക്‌സ് വര്‍ക്കറെന്ന് വിളിച്ച് ആക്ഷേപിക്കുന്നവരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് വേണ്ടത്,” എന്ന് ധാര്‍മ്മികരോഷം കൊണ്ടതിനെതിരെ ഏഷ്യാനെറ്റ് അവതാരിക സിന്ധു സൂര്യകുമാര്‍ ഐപിസി 500, 501, 509, 354 എന്നീ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ് കൊടുത്തിരിക്കുന്നു. ലോകമെമ്പാടുമുളള കോടിക്കണക്കിന് ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് സിന്ധു സൂര്യകുമാറിന് ചാനലിലൂടെ കമന്റുകള്‍ പറയാം….. ഭാരതത്തിന്റെ പ്രധാനമന്ത്രിയേയും മറ്റും അവഹേളിച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചകളും വാര്‍ത്തകളും അജണ്ടകളും കവര്‍ സ്റ്റോറിയും കോമഡികളും നടത്താം…. ഇതിനെതിരെ പരാതി നല്‍കിയാല്‍ കേസെടുക്കാന്‍ തയ്യാറാകാത്ത ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ (കോണ്‍ഗ്രസ്) കീഴിലുളള പോലീസാണ് മേജര്‍ രവിക്കെതിരെ ബാലിശമായ ഒരു വ്യാജാരോപണത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഇടതുപക്ഷക്കാരിയായ സിന്ധു സൂര്യകുമാറും അവരുടെ മുതലാളിമാരായ ഏഷ്യാനെറ്റും കോണ്‍ഗ്രസ് ഭരണ നേതൃത്വവും സംഘടിച്ചു നിന്നുകൊണ്ട് ഹിന്ദു സമൂഹത്തെ അപമാനിക്കുകയും എതിര്‍ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കളളക്കേസുകളെടുത്ത് പീഡിപ്പിച്ച് നിശബ്ദരാക്കാമെന്നും കരുതുന്നുവെങ്കില്‍ അത് വെറും ദിവാസ്വപ്‌നം മാത്രമായിരിക്കും. കോണ്‍ഗ്രസ് ഇടതു സഖ്യം ഒന്നിച്ചുവന്നാലും ഇന്നാട്ടിലെ ഹൈന്ദവസമൂഹത്തിനെ ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ല. തലസ്ഥാനനഗരിയില്‍ രാജ്യദ്രോഹപ്രകടനങ്ങള്‍ നടത്തുകയും ഭാരതത്തെ തുണ്ടം തുണ്ടമാക്കും എന്നു പറഞ്ഞുളള പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്ത കനയ്യാ കുമാറും കൂട്ടരുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയും പുതിയ സഖ്യവും രാജ്യസ്‌നേഹികള്‍ കണ്ടറിയുന്നുണ്ട്. ഇത്തരം രാജ്യവിരുദ്ധര്‍ക്കു വേണ്ടി ഘോരഘോരം വാദിക്കുന്ന ഏഷ്യാനെറ്റുള്‍പ്പെടെയുളള ചാനലുകളാണ് ഇവിടെ അഭിപ്രായപ്രകടനം നടത്തുന്നവരെ പോലീസ് ഉമ്മാക്കി കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്.
മേജര്‍ രവി തന്റെ സംഭാഷണവേളയില്‍ ഏതെങ്കിലും വ്യക്തിയുടെ പേരെടുത്തു പറഞ്ഞ് കാര്‍ക്കിച്ചു തുപ്പണമെന്ന് പറഞ്ഞിട്ടില്ല. അത് തന്നെ ഉദ്ദേശിച്ചാണെന്ന് സിന്ധു സൂര്യകുമാറിന് തോന്നിയെങ്കില്‍ അതിനാസ്പദമായ സംഭവത്തിലെ കേന്ദ്രകഥാപാത്രം സിന്ധുവാണെന്ന് സ്വയം തോന്നിയതിനാലാണല്ലോ? കാര്‍ക്കിച്ചു തുപ്പുമെന്ന് പറഞ്ഞത് അത്ര വലിയ കുറ്റമൊന്നുമല്ലല്ലോ? ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അതിന് വധശിക്ഷയൊന്നും ലഭിക്കുകയില്ലല്ലോ? ശത്രുരാജ്യങ്ങളുടെ വെടിയുണ്ടകളേയും പീരങ്കികളേയും ഭയപ്പെടാത്ത ഭാരതത്തിന്റെ ധീരസൈനികനെയാണ് ഇവിടെയുളള ചില ഞാഞ്ഞൂലുകള്‍ ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ പേരില്‍ ആരോടും മാപ്പു പറയുകയില്ലെന്നും തനിക്കെതിരെയുളള കേസിനെ നിയമപരമായി നേരിടുമെന്നും മേജര്‍ രവി നിര്‍ഭയം വ്യക്തമാക്കുകയുണ്ടായി. സുപ്രീകോടതി ഉത്തരവ് പ്രകാരം രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ മഹത്വവല്കരിച്ചുകൊണ്ട് പ്രകടനം നടത്തുന്നവരേയും പ്രസംഗിക്കുന്നവരേയും മറ്റും പുകഴ്തിക്കൊണ്ട് ചാനല്‍ വാര്‍ത്തകള്‍ നല്കുന്നതാണ് യഥാര്‍ത്ഥ കുറ്റകൃത്യം. അതിന് തക്കതായ ശിക്ഷ ഉത്തരവാദികള്‍ക്ക് സമീപഭാവിയില്‍ തന്നെ ലഭിക്കും. മേജര്‍ രവിയുടെ പേര് വ്യക്തമായി പറഞ്ഞു കൊണ്ട് ”നിങ്ങളുടെ നാക്ക് അരിഞ്ഞ് പട്ടിക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്” എന്ന് ഫെയ്‌സ് ബുക്കിലൂടെ ഭീഷണി മുഴക്കിയ സിന്ധു ജോയി എന്ന വിപ്ലവ വായാടിയും ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്.
boyവ്യാജ പ്രൊഫൈലുകളുണ്ടാക്കി സംഘികളുടെ പേരില്‍ നവമാധ്യമങ്ങളില്‍ ദുഷ്പ്രചരണം നടത്തുന്നവര്‍ ഇന്ന് വളരെയേറെയാണ്. അതുപോലെ തന്നെ സംഘാനുഭാവി എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നവരുമുണ്ടാകാം. ഇത്തരം ഞരമ്പുരോഗികളുടെ ബാലിശമായ ജല്പനങ്ങള്‍ കേട്ട് കേസുമായി ഇറങ്ങുകയും മഹാപ്രസ്ഥാനങ്ങളേയും ഉന്നതവ്യക്തിത്വങ്ങളേയും കരിവാരിതേക്കാന്‍ ഒരുമ്പെട്ടിറങ്ങുകയും ചെയ്യുന്നവരുടെ പ്രചരണസ്റ്റണ്ടും അല്പത്വവും നിഗുഢനീക്കങ്ങളും കളളക്കേസുകളും ദുഷ്പ്രചരണങ്ങളുമാണ് ജനങ്ങള്‍ കരുതലോടെ വീക്ഷിക്കേണ്ടത്. ഇവരുടെ ഹിഡന്‍ അജണ്ടകളും വിദേശബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളും ദേശവിരുദ്ധശക്തികളുമായുളള ദൃഢബന്ധങ്ങളുമെല്ലാമാണ് പോലീസ് അന്വേഷണ വിഷയമാക്കേണ്ടത്. അതല്ലാതെ ഫോണില്‍ വിളിച്ച് ആരോ എന്തോ പറഞ്ഞുവെന്നു പറഞ്ഞ് കാടിളക്കുകയല്ല വേണ്ടത്. ക്ഷുദ്രമായ സങ്കുചിത രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നിത്യേന അര്‍ത്ഥസത്യങ്ങളുടേയും വ്യാജവാര്‍ത്തകളുടേയും മറ്റും അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയേയും മറ്റും ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും അപമാനിക്കുന്ന രാജ്യത്തിന്റെ യശസ്സ് നശിപ്പിക്കുന്ന കുലംകുത്തികളായവരെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തി നടപടികള്‍ എടുക്കേണ്ടത്.
ഇന്ത്യയിലെ ഹിന്ദുവിരുദ്ധ ശക്തികളുടെ വിചാരം ഈ അവിഷ്‌കാരസ്വാതന്ത്ര്യവും, അഭിപ്രായപ്രകടനാവകാശവും, പ്രതികരണശേഷിയുമെല്ലാം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ്. ഹിന്ദുവിരുദ്ധരായ ഇടത്-കോണ്‍ഗ്രസ്-ഇസ്ലാം-ക്രൈസ്തവ ശക്തികളുടെ ഫാസിസ്റ്റുകളെന്ന ഓമനപ്പേരിലുളള എല്ലാവിധ തെറിവിളികള്‍ക്കും ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിശ്വാസധ്വംസനങ്ങള്‍ക്കും എല്ലാം വിധേയരായി ഹിന്ദുക്കള്‍ അടിമകളെപ്പോലെ നിശബ്ദം കഴിഞ്ഞുകൊളളണം….!!!! ദേശവിരുദ്ധശക്തികളുടെ കളളക്കേസുകള്‍ക്കും കുപ്രചരണങ്ങള്‍ക്കും ഭീഷണികള്‍ക്കുംമെതിരെ ജനങ്ങള്‍ ഒന്നടങ്കം നിദ്രവിട്ട് ജാഗരൂകരായി സടകുടഞ്ഞെഴുന്നേല്‍ക്കുകയും, എല്ലാവിധ പ്രതിസന്ധികളേയും സധൈര്യം നേരിടുകയും വേണം. ഹിന്ദുവിരുദ്ധ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ചനലുകളും പത്രങ്ങളും വാരികകളും മറ്റും പരമാവധി ബഹിഷ്‌കരിക്കുകയും അവയ്ക്ക് പരസ്യങ്ങള്‍ നല്കാതിരിക്കുകയും അതിനായി മറ്റുഴളളവരെ ബോധവല്കരിക്കുകയും ചെയ്യേണ്ടതാണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ വഴിയെ പോകുന്ന ഏത് തെമ്മാടിക്കും തെരുവ് വേശ്യക്കും ദേശദ്രോഹിക്കും കയറിനിരങ്ങാനുളള സത്രമല്ലെന്നും, കൊട്ടാനുമുളള ചെണ്ടയല്ലെന്നും തല്പരകക്ഷികള്‍ ഓര്‍ക്കുക. ഹിന്ദുക്കള്‍ക്കെതിരെ എന്തു പറഞ്ഞാലും സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെയും സംയമനത്തിന്റെയും വിശാലമനസ്‌കതയുടെയും പേരില്‍ പ്രതികരിക്കരിക്കാതിരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഹിന്ദുത്വത്തിനെതിരെ ഉയരുന്ന ഒരൊറ്റ വെല്ലുവിളിപോലും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന ഹൈന്ദവനേതാക്കളുടെ ആഹ്വനം ഇന്ന് ബഹുജനം ഏറ്റെടുത്തിരിക്കുന്നു. അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഹൈന്ദവ വിശ്വാസധ്വംസനത്തിനുമെതിരെ മാന്യമായ രീതിയിലുളള നിയമാനുസൃതമായ പ്രതിഷേധങ്ങള്‍ നാടെമ്പാടും അലയടിച്ചുയരട്ടെ. ഏതായാലും ‘ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തും” എന്ന് വീമ്പിളക്കി നടന്ന വിപ്ലവ സിംഹങ്ങള്‍ ഇപ്പോള്‍ തങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അവ അടിച്ചമര്‍ത്താന്‍ പോലീസിനേയും കോടതിയേയും നിയമത്തേയുമെല്ലാം ആശ്രയിക്കേണ്ടി വന്നുവെന്നത് ഈ ‘വിപ്ലവ ചെഗുവരേ’മാരുടെ ദൈന്യതയേയും അല്പത്വത്തേയും നിസഹായതയേയുമാണ് തുറന്നുകാട്ടുന്നത്. ആശയപരമായി സര്‍ഗ്ഗാത്മകമായി നേരിടാനുളള ത്രാണിയില്ലാത്തതിനാലാണ് ഇക്കൂട്ടര്‍ ഭരണകൂട ഭീകരതയുടെ തണല്‍ തേടുന്നത്. ഇതവരുടെ ദുര്‍ബലതയെയാണ് തുറന്നുകാട്ടുന്നത്. ഇവരാണ് ഹൈന്ദവ സമൂഹത്തെ അവഹേളിച്ചും അപമാനിച്ചും ഇവിടെ വിപ്ലവമുണ്ടാക്കുമെന്ന് അധരവ്യായാമം നടത്തുന്നത്. ഇവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും.

About Managing Editor

Leave a Reply