Home / Essays / Art / കാലം മായ്ക്കാത്ത കാഴ്ചയുടെ അകപ്പൊരുള്‍

കാലം മായ്ക്കാത്ത കാഴ്ചയുടെ അകപ്പൊരുള്‍

ഇ.വി. റെജി

(പ്രസിദ്ധ സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, സംഗീതജ്ഞനും, കാര്‍ട്ടൂണിസ്റ്റും, ചിത്രകാരനുമായ ജി. അരവിന്ദന്‍ 1931 ജനു. 31 ന് ജനിച്ച് 1991 മാര്‍ച്ച് 15 ന് ഈ ലോകത്തോട് യാത്രപറഞ്ഞു പോയിട്ട് ഇന്നേക്ക് 24 വര്‍ഷം കഴിയുന്നു. അദ്ദേഹത്തെ ഇ.വി.റെജി ഇവിടെ അനുസ്മരിക്കുന്നു : പത്രാധിപര്‍)

ചില വിയോഗങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യത ആലങ്കാരികമായി പറയുന്നതുപോലെയല്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശൂന്യതയാണ്. നികത്താനാകാത്ത ശൂന്യത. അത്തരം ഒന്നാണ് വിഖ്യാത മലയാള ചലച്ചിത്രകാരന്‍ ശ്രീ. ജി. അരവിന്ദന്റെ വിയോഗം സൃഷ്ടിച്ചത്. കഴിഞ്ഞ 23 വര്‍ഷക്കാലത്തെ നമ്മുടെ ദൃശ്യാനുഭവത്തിന്റെ അന്തസാരശൂന്യതയിലേക്ക് തിരിഞ്ഞു നോക്കിയാല്‍ അത് മനസ്സിലാകും. പ്രതീക്ഷ നല്‍കുന്ന ചില ശ്രമങ്ങള്‍ ഒഴിച്ചാല്‍ കാഞ്ചനസീതയോ, തമ്പോ, പോക്കുവെയിലോ പോലെ ഒന്നും മലയാള സിനിമയില്‍ ഇന്ന് സംഭവിക്കുന്നില്ല. കേവലം ഓര്‍മ്മക്കപ്പുറത്ത് അരവിന്ദന്‍ ഒരു വീണ്ടെടുപ്പ് ആകുന്നതിന്റെ അനിവാര്യത ഇതാണ്.
aravindan 2    തീര്‍ച്ചയായും അരവിന്ദന്റെ വിയോഗത്തിലൂടെ സര്‍ഗ്ഗാത്മകതയുടെ ഒരു വലിയ ആല്‍മരമാണ് വീണുപോയത്. മതാത്മകതക്കപ്പുറത്തുളള ആത്മീയതയുടെ സര്‍ഗ്ഗാത്മകമായ പ്രാണവായു ഈ സമ്പൂര്‍ണ്ണനായ കലാകാരന്‍ എപ്പോഴും പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അസാധാരണവും സ്വാഭാവികവുമായ ഒരാകര്‍ഷണ വലയം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു തലമുറയുടെ ക്ഷുഭിത സര്‍ഗ്ഗാത്മകതകളാകെ ആ കാന്തിക സൗഹൃദത്തിലേക്കെത്തിച്ചേര്‍ന്നതായി കാണാം.
ചിത്രകലയും സംഗീതവും സാഹിത്യവും ദര്‍ശനവുമൊക്കെ സംയോജിപ്പിച്ച് ചലച്ചിത്രത്തിന് തനതായ ഭാഷയും വ്യാകരണവും സൃഷ്ടിച്ചെടുത്ത അപൂര്‍വ്വ പ്രതിഭയായിരുന്നു അരവിന്ദന്‍. ഇതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞത് പാരമ്പര്യത്തെ നിഷേധിക്കാത്ത ഒരാധുനിക മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ്. പാരമ്പര്യത്തിന്റെ യാഥാസ്ഥിതികതയെ നിഷേധിക്കുകയും അതിന്റെ ആത്മസത്തയെ ഉള്‍ക്കൊളളുകയുമായിരുന്നു ഈ ചലച്ചിത്രകാരന്‍.
അരവിന്ദന്റെ രചനകള്‍ ഉള്‍ക്കൊളളുന്ന വ്യത്യസ്തമായ സാംസ്‌കാരിക പരിസരങ്ങളും ദാര്‍ശനികമായ ഏകാത്മകതയും ഒക്കെ മുന്‍വിധികളില്ലാതെ ഇനിയും പഠിക്കപ്പെടേണ്ടതാണ്. തീര്‍ച്ചയായും അത് ഒരു വീണ്ടെടുപ്പായിരിക്കും. ആധുനികതയുടെ നിരൂപണ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ട് മാത്രമാണ് നാം അരവിന്ദന്റെ രചനകളെ വിലയിരുത്തിയിട്ടുളളത്. എന്നാല്‍ അതിനപ്പുറമുളള ദാര്‍ശനികവും സൗന്ദര്യശാസ്ത്രപരവുമായ പഠനങ്ങള്‍ ഈ ചലച്ചിത്രകാരന്റെ രചനകളെക്കുറിച്ച് ഉണ്ടാകേണ്ടതുണ്ട്. നമുക്കറിയാം, ആധുനികതയുടെ ഊര്‍ജ്ജസ്രോതസ്സ് അപാരമ്പര്യത്തിന്റേതായിരുന്നു. അത് സംസ്‌കൃതിയോ സംസ്‌കൃതിയുടെ വ്യത്യസ്തതകളോ പഠിച്ചിരുന്നില്ല. ജീവിതത്തിന്റെ മജ്ജയില്‍ നിന്നും മാംസത്തില്‍ നിന്നും മനുഷ്യനെ അടര്‍ത്തിയെടുത്ത് ഒരു ദാര്‍ശനിക പ്രശ്‌നമായി ചുരുക്കുകയായിരുന്നു അത്. പഠന വിമര്‍ശനങ്ങളാകെ ഈ ദാര്‍ശനിക പ്രശ്‌നത്തില്‍ കുടുങ്ങിക്കിടന്നു. അതുകൊണ്ടു തന്നെ കാഞ്ചന സീതയിലെ ലംബാടികളുടെ രാമായണഗാഥയും ഗോദാവരീ തീരവും നമുക്ക് കാഴ്ചകള്‍ മാത്രമായി. പ്രകൃതിയും പുരുഷനും എന്ന ദ്വന്ദത്തെ അതര്‍ഹിക്കുന്ന തലത്തില്‍ ചര്‍ച്ച ചെയ്യാനാകാതെപോയി. പോക്കുവെയിലിലെ സംഗീതം മധുരതരമായ കേഴ്‌വി മാത്രമായി. അതിനപ്പുറത്ത് ബാലുവിന്റെ തകരുന്ന മാനസികാവസ്ഥയെ ദ്യോതിപ്പിക്കുന്ന സംഗീതത്തിന്റെ ധ്യാനാത്മകത അരവിന്ദനെ തൃപ്തിപ്പെടുത്തിയത് എങ്ങനെയെന്ന് നാം അന്വേഷിച്ചില്ല. തമ്പില്‍ നിന്ന് തമ്പിലേക്ക് പോകുന്ന നിരര്‍ത്ഥകമായ മനുഷ്യയാനത്തെ കുറിച്ചല്ല നാം ചിന്തിച്ചത്. തമ്പിന്റെ ശില്പത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. അതിന്റെ നവീനതയും നിഷേധവും മാത്രമാണ് നാം ഉയര്‍ത്തിപ്പിടിച്ചത്.
aravindan 1    അരവിന്ദന്റെ ചലച്ചിത്ര സപര്യ ജീവിതത്തിന്റെ അകപ്പൊരുള്‍ തേടിയുളള ഒരു അന്വേഷണമായിരുന്നു. ഉത്തരായനം മുതല്‍ വാസ്തുഹാര വരെയുളള രചനകള്‍ക്ക് തീര്‍ച്ചയായും ഒരു തുടര്‍ച്ചയുണ്ട്. അത് അസ്വസ്ഥതയും ആകര്‍ഷണവും ആഴമുളളവരില്‍ ഇപ്പോഴും ഉണ്ടാക്കുന്നു. വിസ്മയിപ്പിക്കുന്ന പ്രമേയ വൈവിദ്ധ്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ കലാകാരന്റെ അന്വേഷണത്തിന്റെ ശ്രുതിക്ക് ഭംഗമുണ്ടാകുന്നില്ല. ഉത്തരായനത്തിലെ രവി മുതല്‍ വാസ്തുഹാരയിലെ വേണു വരെയുളളവര്‍ ഏകാകികളും ആത്മാന്വേഷികളുമാണ്. ഈ ആത്മാന്വേഷണം ജീവിതത്തിന്റെ ഇരുട്ടും വെളിച്ചവും നിറഞ്ഞ നിബിഡതകള്‍ക്കുളളിലെ ഒരു വിധിയാണ്. മറിച്ച്, ജീവിതബാഹ്യമായ ഒരു യോഗാത്മകതയല്ല. പാപബോധത്താല്‍ വേട്ടയാടപ്പെടുന്ന ചിദംബരത്തിലെ ശങ്കരന്‍ ആത്മശാന്തിക്കായി പല വഴി തേടുമ്പോഴും കാവിയില്‍ അഭയം പ്രാപിക്കുന്നില്ല എന്നു കാണാം.
അരവിന്ദന്റെ മഹാമൗനത്തിന്റെ വാതിലുകള്‍ എന്നും തുറന്നുകിടന്നിരുന്നത് പ്രകൃതിയിലേക്കായിരുന്നു. പ്രകൃതിയെന്നു പറഞ്ഞാല്‍ കേവലം കാഴ്ചയുടെ ഭൂപ്രകൃതിക്കപ്പുറം അകക്കാഴ്ചകളുടെ പ്രകൃതിയായിരുന്നു. ഭൂപ്രകൃതിയിലും മനുഷ്യപ്രകൃതിയിലുമെല്ലാം അരവിന്ദന്റെ ക്യാമറ അന്വേഷിച്ചത് അകപ്പൊരുളായിരുന്നു. ഒരു മിസ്റ്റിക് കവിയെപ്പോലെ അദ്ദേഹം പ്രകൃതിയെ നോക്കിക്കണ്ടു. നിബിഡമായ ആള്‍ക്കൂട്ടം അരവിന്ദന്റെ രചനകളിലാകെയുണ്ട്, നിറഞ്ഞ ഭൂപ്രകൃതി പോലെ തന്നെ. തമ്പും ഒരിടത്തും വാസ്തുഹാരയുമൊക്കെ ആള്‍ക്കൂട്ടത്തിന്റെയും അതേപോലെ തന്നെ ഏകാകിതത്വത്തിന്റെയും ചലച്ചിത്ര കാവ്യങ്ങളാണ്.
അടര്‍ത്തി മാറ്റാനാകാത്തതാണ് അരവിന്ദന്റെ ജീവിതവും കലയും. ആ കല പോലെതന്നെ നിഷ്‌കളങ്കവും നിഷ്‌കപടവുമായിരുന്നു ആ ജീവിതവും. ഈ നിഷ്‌കളങ്കത ആദ്യം ലോകം അറിയുന്നത് ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ രചനയിലെ നായകനായ രാമൂവിലൂടെയാണ്. ആ തലമുറയില്‍പെട്ട ആര്‍ക്കും രാമുവിനെ മറക്കാനാകാത്തത് രാമുവിന്റെ രൂപത്തിലും പ്രകൃതത്തിലുമുളള നിഷ്‌കളങ്കത കൊണ്ടാണ്. പിന്നീട് ചലച്ചിത്രങ്ങളിലും നാം അത് തിരിച്ചറിഞ്ഞു.  അരവിന്ദന്റെ ജീവിതവും അപ്രകാരം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാടുപേര്‍ ആ ആല്‍മരത്തിന്റെ ചുവട്ടില്‍ കൂടി. അവര്‍ ആവോളം അത് പ്രസരിപ്പിച്ച ശുദ്ധവായു ശ്വസിച്ചു. പരിഭവങ്ങളും പരാതികളുമില്ലാതെ ആ മരം അവര്‍ക്കാകെ തണലായി.

About Managing Editor

Leave a Reply