Home / Essays / Culture / ചരിത്രപുരുഷനായ ഭഗവാന്‍ വേദവ്യാസന്‍

ചരിത്രപുരുഷനായ ഭഗവാന്‍ വേദവ്യാസന്‍

R Hari

ആര്‍. ഹരി, മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, രാഷ്്ട്രീയ സ്വയംസേവക സംഘം

ഇതിഹാസകൃതിയായ മഹാഭാരതത്തില്‍ വിസ്തൃതമായ തോതില്‍ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമെല്ലാം ഉണ്ടെന്നിരിക്കിലും അതിന്റെ കഥാതന്തു ചരിത്രപരമാണെന്ന് ഈ പൗരാണിക ദേശത്തുള്ളവരെല്ലാം തന്നെ ഒരുപോലെ വിശ്വസിക്കുന്നു. യുഗങ്ങളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന വഴക്കങ്ങളും വിശ്വാസങ്ങളും അതിന് കല്‍പിച്ചുകൊടുക്കുന്ന ആധികാരികത, കേവലം പുരാവൃത്തകഥനമെന്നതിലുപരി അതില്‍ യാതൊന്നുമില്ല എന്നവകാശപ്പെടുന്ന പണ്ഡിതന്മാരേയും തത്വജ്ഞാനികളെയുംപോലും നിരാകരിക്കാന്‍ തക്കവണ്ണം പ്രബലമാണ്. ഭരതവംശജരുടെ ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ഭഗവാന്‍ വ്യാസന്‍ എന്ന് വിഖ്യാതനായ കൃഷ്ണദ്വൈപായനന് കാതലായ ഒരു സ്ഥാനമുണ്ട്.

പുണ്യപുരുഷന്മാരുടെ കഥകള്‍, പുരാവൃത്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതിയില്‍ നിന്നും കൃഷ്ണദ്വൈപായനന്‍ എന്ന ചരിത്രപുരുഷനെ അന്വേഷിച്ചു കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇരുമ്പയിരില്‍ നിന്നും സംസ്‌ക്കരണ പ്രക്രിയയിലൂടെ ഇരുമ്പിനെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനം പോലെതന്നെ ശ്രമകരമാണ് സ്വാഭാവികമായും ഈ ഉദ്യമവും. അതിന് അയുക്തികമായ വിശ്വാസത്തെ അന്ധമായി പിന്തുടരാനുള്ള പ്രവണതക്കു പകരം ഒരു യഥാര്‍ത്ഥ അന്വേഷകന്റെ ചരിത്രപരമായ വീക്ഷണമാണ് മനസ്സിനെ സ്വാധീനിക്കേണ്ടത്.

ജനനവും ദീക്ഷയും
ജാതിസംബന്ധമായ നിയന്ത്രണങ്ങള്‍ അത്രമാത്രം ശക്തമല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഒരു കടത്തുകാരന്റെ മകളായ കാളിക്ക് പരാശരനെന്ന് പേരുള്ള ഋഷിയില്‍ ഒരാണ്‍കുഞ്ഞ് ജനിച്ചു. ഒരു പക്ഷെ അവന്റെ ശരീരത്തിന്റെ കറുത്തനിറം കൊണ്ടായിരിക്കാം, അവന് കൃഷ്ണനെന്നാണ് നാമകരണം ചെയ്തത്. ജനിച്ചത് യമുനാനദിയിലെ ദ്വീപായ കല്പിയിലായതിനാല്‍ അവന്‍, വിശേഷിച്ചും നദിയുടെ ഇരുകരകളിലും അധിവസിക്കുന്ന ജനങ്ങള്‍ക്കിടയില്‍, ദ്വൈപായനന്‍ എന്നറിയപ്പെട്ടു. സംസ്‌കൃതത്തില്‍ ദ്വൈപായനന്‍ എന്നു പറഞ്ഞാല്‍ ദ്വീപിന്റെ സന്തതി എന്നാണര്‍ത്ഥം. ഭാവിയില്‍ മഥുരയിലെ കൃഷ്ണനില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിച്ചറിയുവാന്‍ വേണ്ടിയാണ് ദ്വീപിലെ കൃഷ്ണന്‍ അഥവാ കൃഷ്ണദ്വൈപായനന്‍ എന്നദ്ദേഹത്തെ വിളിച്ചത്. അങ്ങനെ മഥുരയിലെ കൃഷ്ണന്‍, ദ്വീപിലെ കൃഷ്ണന്‍ എന്നിങ്ങനെ മഹാഭാരതത്തില്‍ രണ്ടു കൃഷ്ണന്മാരുണ്ട്. രണ്ടുപേരുടെയും പങ്കാകട്ടെ, വളരെ പ്രാധാന്യമര്‍ഹിക്കുന്നതും അഭിനന്ദനീയവുമാണ്.
ഓരോ ആത്മാവും ഈശ്വരസാക്ഷാത്കാരം നേടുക എന്ന ലക്ഷ്യത്തോടെയുള്ള അതിന്റെ പ്രയാണത്തില്‍, പൂര്‍ത്തീകരിക്കാത്ത അതിന്റെ ദൗത്യം നിറവേറ്റാന്‍, മാതാപിതാക്കളുടെ കാര്യത്തിലുള്‍പ്പെടെ, യോഗ്യമായ ഒരു ചുറ്റുപാടില്‍ ജന്മമെടുക്കുന്നു. കൃഷ്ണന്റെ പിതാവായ പരാശരന്റെ ജന്മദൗത്യം വൈദികവിജ്ഞാനത്തെ ഉപദേശിക്കലും അതിന്റെ പ്രചാരണവുമായിരുന്നു. തന്നെ അപമാനിച്ച വസിഷ്ഠനോട് പകരം വീട്ടാന്‍ ഋഷിപദം നേടാനാഗ്രഹിച്ച രാജാവായ വിശ്വാമിത്രന്‍ ആളെ വിട്ടു കൊല്ലിച്ച വസിഷ്ഠപുത്രനായ ശക്തിയുടെ മകനായിരുന്നു കൃഷ്ണന്റെ പിതാവായ പരാശരന്‍. ശക്തിവധിക്കപ്പെട്ട അവസരത്തില്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ പത്‌നി അദൃശ്യവന്തി വസിഷ്ഠന്റെ ആശ്രമത്തിലായിരുന്നതിനാല്‍, ആശ്രമാന്തരീക്ഷത്തില്‍ ഗര്‍ഭാവസ്ഥയില്‍ ഇരിക്കുമ്പോള്‍ തന്നെ പരാശരന്‍ വേദാദ്ധ്യയനം നടത്തിയിരുന്നു. അത്രകണ്ട് ബുദ്ധികൂര്‍മ്മതയുള്ള ഒരു വ്യക്തിയുടെ മകനായാണ് ഈശ്വരദത്തമായ തന്റെ കൃത്യം നിര്‍വ്വഹിക്കാന്‍ കൃഷ്ണന്‍ ജന്മമെടുത്തത്. സ്വാഭാവികമായും കൃഷ്ണന്‍ വസിഷ്ഠഗോത്രജനായിരുന്നു. ഭാഗ്യമെന്ന് പറയട്ടെ, ആ കാലഘട്ടത്തില്‍ വൈദിക പൈതൃകത്തിന്റെ ഏറ്റവും പ്രമുഖനായ സൂക്ഷിപ്പുകാരനായ കൃഷ്ണന്റെ പിതാവുതന്നെ അവന്റെ ഗുരുവായി തീരുകയും കാലക്രമത്തില്‍ തന്റെ പിതാവിന്റെ പ്രതീക്ഷക്കൊത്ത്, അദ്ദേഹത്തിന് പൂര്‍ണ സംതൃപ്തി നല്‍കുമാറ് അവന്‍ വളര്‍ന്നുവരികയും ചെയ്തു.

കാലഘട്ടവും പ്രവണതകളും
വേദങ്ങള്‍ക്ക് അനിവാര്യമായും ഒരു മോചകന്‍ ഉണ്ടാകേണ്ടിയിരുന്ന കാലഘട്ടമായിരുന്നു അത്. വേദങ്ങള്‍ക്ക് നാശമില്ല എന്നത് രൂഢമൂലമായ ഒരു വിശ്വാസമായിരുന്നെങ്കിലും, പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ മറിച്ചായിരുന്നു. ഋഗ്വേദത്തിന് ആദിയില്‍ 21 ശാഖകള്‍ ഉണ്ടായിരുന്നു എന്നതില്‍ ഇന്ന് വൈദിക പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായക്കാരാണെന്നതോടൊപ്പം ഇന്ന് അവയില്‍ അവശേഷിക്കുന്നത് ശാകല, ഐതരേയ എന്നീ രണ്ട് ശാഖകള്‍ മാത്രമാണെന്നും അവര്‍ ഏകസ്വരത്തില്‍ അംഗീകരിക്കുന്നു. ശുക്ല യജൂര്‍വേദത്തിന്റെ 15 ശാഖകളില്‍ രണ്ടെണ്ണം മാത്രമാണിന്നുള്ളത്. സാമവേദത്തിന്റെ 1000 ശാഖകളില്‍ ഇപ്പോള്‍ മൂന്നെണ്ണം മാത്രം നിലനില്‍ക്കുന്നു. ഭീമഭാഗവും, അതായത് 997 ശാഖകള്‍, ഇന്ന് നിലവിലില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 99.7 ശതമാനം നഷ്ടപ്പെട്ടിരിക്കുന്നു. ഇതെന്താണ് തെളിയിക്കുന്നത്? ഏതു തരത്തിലുള്ള അറിവും അമരമെങ്കിലും ബുദ്ധിയുള്ള ഒരു ജീവി, അതായത് ജീവിക്കുന്ന മനുഷ്യനിലൂടെ പ്രകടമാകാത്ത സാഹചര്യത്തില്‍ നിഗൂഢവും അവ്യക്തവുമായിത്തീരും. മാധ്യമമാകുന്ന മനുഷ്യന് വീഴ്ച പറ്റിയാല്‍ അതിന്റെ പരിണതി അനിവാര്യമായും നാം മേലെ കണ്ടതുപോലെയായിരിക്കും. പരാശരന്റെയും മകനായ വ്യാസന്റെയും കാലത്ത് സംഭവിച്ചത് ഇതായിരുന്നു. ശ്രീകൃഷ്ണന്‍ ശ്രീമദ് ഭഗവദ്ഗീതയിലെ നാലാം അധ്യായത്തിലെ ഒന്നും രണ്ടും ശ്ലോകങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത് ഈ വസ്തുതയാണ്.
”മുമ്പത്തെ മന്വന്തരത്തില്‍ മറഞ്ഞുകിടന്നതും ഒരിക്കലും നശിക്കാത്തതുമായ ഈ ജ്ഞാനത്തെ, രാജവംശത്തിന്റെ മൂലഭൂതനായ വിവസ്വാന്ന് ഞാന്‍ ഈ മന്വന്തരാരംഭത്തില്‍ ഉപദേശിക്കുകയുണ്ടായി. ആ വിവസ്വാന്‍ തന്റെ മകനായ മനുവിന്നും അവന്‍ ഇക്ഷ്വാകുവിന്നും അതു പറഞ്ഞുകൊടുത്തു. പക്ഷെ കാലഗതിയില്‍ അത് നഷ്ടപ്പെട്ടുപോയി.” തുടര്‍ന്ന്, അവിടുന്ന് ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ക്കുന്നു: ”ഞാന്‍ അതിനെ വീണ്ടും പുനരുദ്ധരിക്കാന്‍ ശ്രമിക്കയാണ്.” രണ്ടു തലമുറ മുമ്പ് കൃഷ്ണദ്വൈപായനനു നിറവേറ്റാനുണ്ടായിരുന്ന ദൗത്യവും ഇതു തന്നെയായിരുന്നു. അദ്ദേഹം ശ്രീകൃഷ്ണന് രണ്ടു തലമുറമുമ്പ് ഭീഷ്മരുടെ തലമുറയില്‍ പെട്ട ആളായിരുന്നെന്ന് നമുക്കറിയാം. അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചപോലെ, തന്നില്‍ നിക്ഷിപ്തമായ ദൗത്യം നിറവേറ്റാന്‍ അദ്ദേഹം മുന്നിട്ടിറങ്ങുകയും ചെയ്തു.

പ്രവര്‍ത്തനമണ്ഡലം
അത്തരത്തിലുള്ള ആദ്യത്തെയും അത്യന്തം കഠിനവുമായ ഒരു പ്രവര്‍ത്തനമായിരുന്നു അത്. അനേകം വെളിപാടുകളുടെ അടുക്കും ചിട്ടയുമില്ലാത്ത സംഗ്രഹം, വൈദിക സൂക്തങ്ങളുടെ രൂപത്തിലുള്‍ക്കൊള്ളുന്ന സംഹിതയാണ് യുവാവായ പരാശരകൃഷ്ണന് കാണാനായത്. ഭഗിനി നിവേദിതയുടെ ശൈലിയില്‍ പറഞ്ഞാല്‍ ”ഒരു അസംഘടിതാവസ്ഥ’യുടെ രൂപം. മാത്രമല്ല, ഈ വിഷയത്തില്‍ നിഷ്ണാതരായവരുടെ അനുഭവം വെച്ചുനോക്കുമ്പോള്‍, വളരെയധികം കണ്ടെത്താനും സ്വരൂപിക്കാനുമുണ്ടെന്നതില്‍ ഭിന്നാഭിപ്രായത്തിന് വകയുണ്ടായിരുന്നില്ല. ഭാരതവര്‍ഷത്തിലുടനീളം സ്വതന്ത്രരായി സ്വന്തം ഗുരുകുലങ്ങളില്‍ ജീവിച്ച കുലപതിമാര്‍ക്കുണ്ടായ ദിവ്യമായ വെളിപാടുകള്‍ അര്‍ഹരായ ശിഷ്യന്മാരുടെ ഹൃദയാന്തരാളങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ച നിലയിലാണുണ്ടായിരുന്നത്. പഴയതും പുതിയതും ഒരുമിച്ചുചേര്‍ന്ന് ഒരഭംഗുര പ്രവാഹത്തിന്റെ രൂപം പ്രാപിച്ചിരുന്നു. സംഹിതകളുടെ രൂപീകരണം ഒറ്റയടിക്ക് നിറവേറിയത് എന്നതിലുപരി ഒരു പ്രക്രിയയായിരുന്നു. ഈ വസ്തുത ഋഗ്വേദത്തിലെ രണ്ടാമത്തെ മന്ത്രത്തില്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഋഷി പറയുന്നു: ”പൂര്‍വ്വികരും പിന്നീടുള്ളവരുമായ ഋഷിമാര്‍ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്തത് (ഋഗ്വേദം 1-2) (പൂര്‍വേഭി: നൂതനൈഃ ഋഷിഭിഃ ഇഡഃ – ഗദ്യരൂപം) കയ്യില്‍ സംഭരിച്ചുവെച്ചിരിക്കുന്നതിനെ പരിപോഷിപ്പിക്കുവാന്‍ പുതിയവരുടെ വാതിക്കല്‍ചെന്ന് മുട്ടണമെന്നര്‍ത്ഥം. മറ്റൊരു വിഷമസ്ഥിതി കൂടി നേരിടണമായിരുന്നു. ഉഷ്ണമേഖലാപ്രദേശമായ സസ്യജാലങ്ങളും ജന്തുജാലങ്ങളും ധാരാളമുള്ള ഈ ദേശത്ത് അക്കാലത്ത് നിരത്തുകളും പാലങ്ങളും ഇല്ലാതിരുന്ന സാഹചര്യത്തില്‍, ഏറ്റവും സുനിശ്ചിതവും വേഗതയുമുള്ള യാത്രാമാര്‍ഗ്ഗം കാല്‍നടയായിരുന്നു. ആ ഋഷിമാരാകട്ടെ, ന്യായമായ കാരണങ്ങളാല്‍തന്നെ ഭ്രാന്തുപിടിപ്പിക്കുന്ന ആള്‍ക്കൂട്ടത്തില്‍നിന്നും അകന്ന് വനങ്ങളിലാണ് ജീവിച്ചിരുന്നത്. മുക്തിയിലേക്ക് നയിക്കാന്‍ സഹായകമായ ഇത്തരം ഒമ്പത് വനങ്ങളെക്കുറിച്ചു നമ്മുടെ പൗരാണിക മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ദണ്ഡകം, സൈന്ധവം, ജംബുമാര്‍ഗ്ഗം, പുഷ്‌ക്കരം. ഉത്പലാവര്‍ത്തം, നൈമിഷം, കുരുജാങ്ഗലം, ഹിമവാന്‍, അര്‍വുദം എന്നിവയാണവ.

ദണ്ഡകം സൈന്ധവാരണ്യം
ജംബുമാര്‍ഗ്ഗം ച പുഷ്‌കരം
ഉത്പലാവര്‍തകാരണ്യം
നൈമിഷംകുരുജാംങ്ഗലം
ഹിമവാനര്‍വുദഞ്ചൈവ നവാരണ്യം വിമുക്തിദം
(ശബ്ദകല്പദ്രുമം 1-93)

ഈ പട്ടിക നോക്കുന്നമാത്രയില്‍ വടക്ക് ഹിമാലയം തൊട്ട് തെക്ക് ദണ്ഡകം വരെ നീണ്ടുകിടക്കുന്ന ഭൂപ്രദേശം മുഴുവന്‍ ഇതില്‍ ഉള്‍പ്പെടുന്നതായി ബോധ്യപ്പെടും.

സംഗ്രഹവും വിന്യാസവും
ഈ ചിത്രം മന:കണ്ണില്‍ ഉറപ്പിച്ചുകൊണ്ട് ദൃഢനിശ്ചയത്തോടെ ക്രാന്തദര്‍ശിയും ധര്‍മ്മപ്രചാരകനുമായ കൃഷ്ണദ്വൈപായനന്‍ തന്റെ ഗുരുകുലം വിട്ടിറങ്ങി. ഒന്നൊഴിയാതെ എല്ലാ കേന്ദ്രങ്ങളിലുമെത്തി പുരാതനവും നൂതനവുമായ എല്ലാ മന്ത്രങ്ങളും  സംഭരിച്ചു. അവ സംഭരിക്കുക എന്നതിന്റെ അര്‍ത്ഥം അവ മനഃപാഠമാക്കുക എന്നാണ്. തീക്ഷ്ണമായ തന്റെ ഓര്‍മ്മശക്തി അദ്ദേഹത്തെ ഈ വിഷയത്തില്‍ തുണച്ചു. ബദ്രീനാഥത്തിനടുത്തുള്ള മാനയിലെ തന്റെ ആസ്ഥാനത്ത് തിരിച്ചെത്തിയ അദ്ദേഹം നിലവില്‍ തന്റെ പക്കലുള്ളതും പുതുതായി ലഭിച്ചതുമായ സൂക്തങ്ങളെ വര്‍ഗ്ഗീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. അവയുടെ അന്തഃസത്ത ആഴത്തില്‍ ഗ്രഹിച്ച് അവയെ നാലായി വ്യസിച്ചു. മുഖ്യമായും ചൊല്ലാനുള്ള മന്ത്രങ്ങളെല്ലാം സംയോജിപ്പിച്ച് ഋഗ്വേദമുണ്ടാക്കി. അര്‍ച്ചനാപ്രധാനങ്ങളായ മന്ത്രങ്ങളെല്ലാം ചേര്‍ത്ത് യജുര്‍വേദമുണ്ടാക്കി. യജ്ഞകര്‍മ്മത്തെ സംഗീതാത്മകമാക്കി തീര്‍ക്കുന്നവയെ സാമവേദമായും നേരിട്ട് യജ്ഞകര്‍മ്മവുമായി ബന്ധമില്ലാത്തവയെ അഥര്‍വവേദമായും രൂപപ്പെടുത്തി. പദവ്യുല്‍പത്തി ശാസ്ത്രമനുസരിച്ച് ആദ്യത്തെ മൂന്നെണ്ണത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് അവയുടെ പേരുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നാലാമത്തേതാകട്ടെ, അതിലെ വിഷയത്തിന്റെ ആചാര്യന്റെ പേരിലാണറിയപ്പെടുന്നത്. അഥര്‍വന്‍ എന്നാല്‍ പുരോഹിതന്‍ എന്നാണര്‍ത്ഥം. ആ പേരോടുകൂടിയ ഒരു ഋഷിയുമുണ്ട്.

മേല്‍ പറഞ്ഞതില്‍ നിന്നും ഋക്-യജുര്‍-സാമവേദങ്ങള്‍ നേരിട്ട് യജ്ഞകര്‍മ്മവുമായി ബന്ധപ്പെട്ടവയാണെന്നും അഥര്‍വവേദം അങ്ങനെയല്ലെന്നും വ്യക്തമാകുന്നു. അതുകൊണ്ട് വ്യാവഹാരിക ലോകത്ത് ആദ്യത്തെ മൂന്ന് വേദങ്ങള്‍ ത്രയീ എന്നപേരില്‍ അറിയപ്പെട്ടു. ഒരുപക്ഷെ നാലുവേദങ്ങളെയും ഉദ്ദേശിച്ചാണ് പറയുന്നതെങ്കില്‍പ്പോലും ഉപയോഗിച്ചിരുന്ന വാക് ത്രയീ എന്നു തന്നെ ആയിരുന്നു. ബ്രഹ്മഋഷി വിശ്വാമിത്രനെ ത്രിയജിന്‍ എന്നാണ് വിളിച്ചിരുന്നത്. വൈദിക കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളുമായി നേരിട്ടോ മുഖ്യമായോ ബന്ധമുള്ളവരെ സംബന്ധിച്ചാണിത്. എന്നാല്‍ മഹത്തായ സങ്കലനം നിര്‍വ്വഹിച്ച കൃഷ്ണദ്വൈപായനനെ സംബന്ധിച്ച് നാലെണ്ണവും തുല്യ പ്രധാന്യമുള്ളവയായിരുന്നു. യജ്ഞം നടത്തുമ്പോള്‍ നാലെണ്ണത്തിനും സ്ഥിരവും വ്യക്തവുമായ സ്ഥാനം അദ്ദേഹം കല്‍പിച്ചു നല്‍കി. യജ്ഞകുണ്ഡത്തിന്റെ വടക്ക് ഭാഗത്ത്, തിരുത്താനും മാര്‍ഗ്ഗോപദേശം നല്‍കാനും അധികാരം നല്‍കിക്കൊണ്ട്, മേല്‍നോട്ടക്കാരനായി അഥര്‍വവേദിയെ ഇരുത്തി.  സാങ്കേതികമായി അദ്ദേഹത്തെ ബ്രഹ്മന്‍ എന്നാണ് വിശേഷിപ്പിക്കാറ് (ആത്യന്തിക സത്യമായ ബ്രഹ്മവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്). കിഴക്ക് വശത്ത് ഹോതാവ് എന്നറിയപ്പെടുന്ന ഋഗ്വേദിയുടെ സ്ഥാനമാണ്. തെക്ക് വശത്ത് അധ്വര്യു എന്നറിയപ്പെടുന്ന യജുര്‍വേദിയുടെ സ്ഥാനമാണ്. പടിഞ്ഞാറുവശത്ത് ഉദ്ഗാതാവ് എന്നറിയപ്പെടുന്ന സാമവേദിയുടെ സ്ഥാനവും. ചൊല്ലുന്നവന്‍, യജ്ഞകാരന്‍, പാടുന്നവന്‍ എന്നാണ് ക്രമത്തില്‍ ഈ വാക്കുകള്‍ക്ക് അര്‍ത്ഥം. അങ്ങനെ പൊതുവായി വേദങ്ങളെ ത്രയീ എന്നു പറയുമെങ്കിലും, വാസ്തവത്തില്‍ നാല് വേദങ്ങളേയുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സന്ദര്‍ഭവശാല്‍, യുധിഷ്ഠിരന്‍ നടത്തിയ രാജസൂയത്തില്‍ വ്യാസനെന്ന് അറിയപ്പെടുന്ന കൃഷ്ണദ്വൈപായനനായിരുന്നു അദ്ധ്യക്ഷപദമായ ബ്രഹ്മന്റെ സ്ഥാനത്തിരുന്നത് എന്നോര്‍ക്കുന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു.

അസ്മിതയുടെ പരിരക്ഷ
കൃഷ്ണദ്വൈപായനനെ സംബന്ധിച്ച് വേര്‍തിരിക്കല്‍ എന്നാല്‍ വര്‍ഗ്ഗീകരണം മാത്രമായിരുന്നില്ല. ചക്രവാളം മുട്ടെ വ്യാപകമായ ഒരു വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. വെളിപാടുകളുടെ ഈ സമുച്ചയം എന്നെന്നേക്കും നിലനില്‍ക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ട് അതിനെ അദ്ദേഹം സ്വയം വിശദീകരിക്കുന്നതും സ്പഷ്ടമാക്കി. ഓരോ സൂക്തത്തെയും അതിന്റെ ദ്രഷ്ടാവായ ഋഷി, ദേവത, ഛന്ദസ്സ് എന്നിവ ആദ്യമെ പ്രസ്താവിച്ചുകൊണ്ട് ചേര്‍ക്കുകയാണ് ചെയ്തത്. ഉദാഹരണത്തിന്, ഋഗ്വേദത്തിലെ ആദ്യത്തെതായ ‘അഗ്നിമീളേ പുരോഹിതം’ എന്ന മന്ത്രത്തിന്റെ ഋഷി മധുഛന്ദ വിശ്വാമിത്രനും, ദേവത അഗ്നിയും ഛന്ദസ്സ് ഗായത്രിയുമാണ്. 24 അക്ഷരങ്ങളോടകൂടിയ ഛന്ദസ്സാണ് ഗായത്രി. വേദത്തില്‍ അനുഷ്ടുപ്, ബ്രിഹതി, അതിബ്രിഹതി, ജഗതി, ത്രിഷ്ടുപ് തുടങ്ങി കൃത്യമായ ലക്ഷണങ്ങളോടുകൂടിയ മറ്റ് ചല ഛന്ദസ്സുകളുമുണ്ട്. മാത്രമല്ല, അവ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവയെക്കുറിച്ച് വിശദമായിതന്നെ പരാമര്‍ശിച്ചിട്ടുമുണ്ട്. സന്ദര്‍ഭവശാല്‍ ഈ വൈദിക ഛന്ദസ്സുകളാണ് ഭാവിയില്‍ സംസ്‌കൃത സാഹിത്യത്തിലെ കവിതകളുടെ ഛന്ദസ്സുകള്‍ക്ക് നിദാനമായി തീര്‍ന്നത്.

അങ്ങനെ പരാശരന്റെയും കാളിയുടെയും മകന്‍ വൈദിക സമ്പത്ത് ശേഖരിക്കുകയും സങ്കലനം ചെയ്യുകയും വര്‍ഗ്ഗീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍, സമൂഹത്തിലെ പ്രബുദ്ധരായ നേതാക്കന്മാര്‍ ആദരവോടെ, ആശംസയോടെ, നന്ദിപൂര്‍വ്വം അദ്ദേഹത്തെ മഹാനായ തരംതിരിക്കുന്നവന്‍, മഹാനായ പത്രാധിപര്‍ എന്ന നിലക്ക് വ്യാസന്‍ എന്നുവിളിച്ചു. എക്കാലവും നിലനില്‍ക്കുന്ന ബഹുമതി എന്നവണ്ണം ”വിവ്യാസ വേദാന്‍ യസ്മാന്‍ സഃ തസ്മാത് വ്യാസ ഇതി സ്മൃത:” എന്ന വിശേഷണം നല്‍കി. ഇതോടെ അദ്ദേഹം ഭഗവാന്‍ വ്യാസന്‍ എന്ന പേരിലറിയപ്പെടുകയും യഥാര്‍ത്ഥനാമം വിസ്മൃതിയിലാണ്ടുപോവുകയും ചെയ്തു.

എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന, അറിയപ്പെടുന്ന ആദ്യത്തെ വ്യക്തി
കുട്ടിക്കാലം തൊട്ട് എല്ലാറ്റിനേയും ഉള്‍ക്കാള്ളാവുന്ന മനസ്സ് വ്യാസന് ഈശ്വരാനുഗ്രഹത്താല്‍ ഉണ്ടായിരുന്നു. ഓരോ അര്‍ത്ഥിയും ഈശ്വര സന്തതിയാണെന്നതിനാല്‍ അയാളുടെ ഭക്തിയുടെ തീവ്രതക്ക് യഥാര്‍ത്ഥമായ അനുപാതത്തില്‍ ആദ്ധ്യാത്മികവെളിച്ചം ഈശ്വരന്‍ അയാള്‍ക്ക് കനിഞ്ഞരുളും. അത് നിഷേധിക്കാനാവില്ല. വ്യാസന്‍ ജന്മനാല്‍ തന്നെ അമൂല്യമായ ഈ ആശയം സ്വായത്തമാക്കിയിരുന്നു. അവസരം കൈവന്നപ്പോഴാകട്ടെ, ആനോ ഭദ്രാ: ക്രതവോ യന്തു വിശ്വത: (ഋഗ്വേദം 1-89-1) എന്ന മന്ത്രം അദ്ദേഹം തന്റെ സംഗ്രഹത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതേ ആദര്‍ശത്താല്‍ പ്രചോദിതനായി, തന്റെ മുത്തച്ഛന്റെ ഘാതകനായ ഋഷി വിശ്വാമിത്രന്റെ ശ്രേഷ്ഠമായ ഗായത്രിമന്ത്രവും  അദ്ദേഹം സര്‍വാത്മനാ തന്റെ സങ്കലനത്തില്‍ ചേര്‍ക്കുകയും ചെയ്തു. ആ ധന്യനിമിഷം തൊട്ടിങ്ങോട്ട് ഈ മണ്ണിന്റെ അത്യുല്‍കൃഷ്ടമായ ആദ്ധ്യാത്മിക പൈതൃകം തലമുറയില്‍നിന്ന് തലമുറയിലേക്ക് കൈമാറുകയും ഒടുവില്‍ 1983-ല്‍ ചിക്കാഗോവിലെ കൊളംബസ് ഹാളിനെ, വിവേകാനന്ദ സ്വാമികളുടെ അധരങ്ങളില്‍ നിന്നുമടര്‍ന്നു വീണ ”സാഹായ്യം, സമരമരുത്; സ്വാംശീകരണം, സംഹാരമരുത്; രഞ്ജിപ്പും ശാന്തിയും, ഭിന്നിപ്പരുത്” എന്ന വാക്കുകളാല്‍ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തു. അന്നേദിവസം അയ്യായിരം വര്‍ഷങ്ങള്‍ക്ക് ശേഷം വിവേകാനന്ദനിലൂടെ സംസാരിച്ചത് വ്യാസനല്ലാതെ മറ്റാരുമായിരുന്നില്ല.

എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ഈ മനസ്സും പദാര്‍ത്ഥനിഷ്ഠമായ സത്യാഭിമുഖ്യവും തന്റെ സങ്കലനത്തില്‍ സ്ത്രീകളായ ഋഷിമാരെപ്പോലും സ്വീകരിക്കാനും വ്യാസനെ സജ്ജനാക്കി. സത്യത്തെ സാക്ഷാത്ക്കരിക്കാനുള്ള യത്‌നത്തില്‍ സ്ത്രീക്കും പുരുഷനും ഉള്ള കഴിവ് ഒന്നുതന്നെയാണെന്ന് വേദങ്ങള്‍ അംഗീകരിക്കുന്നു ശരീരശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങളിലൊഴിച്ച് പുരുഷനും സ്ത്രീയും തുല്യരായി പരിഗണിക്കപ്പെടുന്നു, വിശേഷിച്ചും ആദ്ധ്യാത്മിക മണ്ഡലത്തില്‍. ഈ കാരണത്താല്‍ വ്യാസന്‍ നാല്പതോളം സ്ത്രീ-ഋഷികളെ കണ്ടെത്തുകയും അവരുടെ മന്ത്രങ്ങള്‍ സഹിതം തന്റെ സങ്കലനത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിലെ 85-ാമത് സൂക്തം സൂര്യാ ഋഷിയുടേതാണ്. വൈദിക വിവാഹ ചടങ്ങില്‍ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണിത്. ലോകത്ത് ഇന്നുള്ള മതങ്ങളെയെല്ലാം വിമര്‍ശനാത്മകമായി പഠിച്ചാല്‍ ലിംഗഭേദം കൂടാതെ എല്ലാ മനുഷ്യര്‍ക്കും മതസ്വാതന്ത്ര്യമനുവദിക്കുന്നതില്‍ അനുപമവും അനന്യവുമായ സ്ഥാനമാണ് വൈദികമതത്തിനുള്ളത് എന്ന് ഉറപ്പിച്ചു പറയാനാവും. അതൊരു സ്ത്രീക്ക് ആദ്ധ്യാത്മിക സാധന അനുഷ്ഠിക്കാനുള്ള അധികാരം പ്രദാനം ചെയ്യുന്നു എന്ന് മാത്രമല്ല, അവരെ ഒരു ഋഷിയായി സ്വീകരിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. സമാനതകളില്ലാത്ത ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നതില്‍ വ്യാസന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വാസ്തവത്തില്‍ ലോകത്ത് ആദ്ധ്യാത്മികതയുടെ ശ്രീകോവിലായ ഭാരതത്തിന്റെ സുകൃതമാണത്.

അനന്യ പ്രവിധിയുടെ ആസൂത്രകന്‍
വേദങ്ങളെ സനിഷ്‌കര്‍ഷമായി വ്യസിച്ചശേഷം അതിലെ ജ്ഞാനസമ്പത്തിനെ ചിരപ്രതിഷ്ഠിതമാക്കുന്നതിനെക്കുറിച്ചായി വ്യാസന്റെ ചിന്ത. ”സര്‍വസംഹാരകമായ കാലത്തിന്റെ ഗതിയില്‍ ആ ജ്ഞാനം ക്രമേണ ഇല്ലാതായി (ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 4 ശ്ലോകം 2) എന്ന ശ്രീകൃഷ്ണന്റെ വാക്യം ഒരു പക്ഷെ വ്യാസന്‍ ഓര്‍ക്കുകയും ഉല്‍ക്കണ്ഠാകുലനാവുകയും ചെയ്തിരിക്കാം. മാത്രമല്ല, തന്റെ ആദ്യത്തെ ഗ്രന്ഥമായ ഋഗ്വേദത്തില്‍ 11000 മന്ത്രങ്ങളും യജുര്‍വേദത്തില്‍ ഏറെക്കുറെ 2000 മന്ത്രങ്ങളും സാമവേദത്തില്‍ ഏകദേശം 1600 മന്ത്രങ്ങളും അഥര്‍വവേദത്തില്‍ ഏകദേശം 6100 മന്ത്രങ്ങളുമുണ്ടെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ചിരന്തനമായ ഈ ജ്ഞാനം ഭാവിതലമുറക്ക് പകര്‍ന്നുകൊടുക്കുവാന്‍ അദ്ദേഹം ഒരു സംഘം യുവാക്കളെ വളര്‍ത്തിയെടുക്കുകയും  പൈലന്‍, വൈശമ്പായനന്‍, ജൈമിനി, സുമന്തു എന്നിങ്ങനെ നാല് ശിഷ്യന്മാരെ പരിശീലിപ്പിച്ച് ക്രമത്തില്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയുടെ ചുമതലയേല്‍പിക്കുകയും ചെയ്തു. അതോടെ വേദ ശിക്ഷണ സമ്പ്രദായം ആരംഭിക്കുകയും, ഭാഗ്യമെന്ന് പറയട്ടെ, അതിന്നും തുടരുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പ്രതിഭയുടെ മഹത്വം പ്രകടമാക്കുന്ന മറ്റൊരു തലം മന്ത്രങ്ങളുടെ ഉച്ചാരണരീതിയാണ്. ഇന്ന് പ്രചാരത്തിലുള്ള ദേവനാഗരി ലിപി അന്നുണ്ടായിരുന്നില്ലെന്നും അപ്പോഴുണ്ടായിരുന്ന പ്രാദേശിക ലിപിയില്‍ പനയോലയിലോ പ്രത്യേക വൃക്ഷത്തിന്റെ തൊലിയിലോ ആണ് എഴുതിയുണ്ടാക്കേണ്ടിയിരുന്നതെന്നും നാം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിമിതി കണക്കിലെടുത്ത് ദേശത്തുടനീളം പരന്നുകിടക്കുന്ന സമൂഹം, നിര്‍വഹണസൗകര്യം പരിഗണിച്ച് ചെറിയ വൃന്ദങ്ങള്‍ രൂപീകരിച്ച് വായ്‌മൊഴിയിലൂടെ ഈ ജ്ഞാനം പകര്‍ന്നുകൊടുക്കുന്ന രീതിക്ക് രൂപം നല്‍കി. കേള്‍വിയിലൂടെ പകര്‍ന്നു കിട്ടിയതിനാല്‍ അവര്‍ ഈ ജ്ഞാനത്തെ ‘ശ്രുതി’ എന്ന വിശേഷിപ്പിച്ചു. പുനരാവര്‍ത്തനം ചെയ്യുമ്പോള്‍ പദഭാഗമോ, അക്ഷരമോ വാക്കുകളോ വിട്ടുപോകാനോ, കൂട്ടിച്ചേര്‍ക്കാനോ ഉള്ള സാധ്യത നിലനില്‍ക്കുന്നു. മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതയും വളരെ വലുതാണ്. മുഹൂര്‍ത്തം മൂന്ന് പകര്‍ത്തിയാല്‍ മൂത്രമാകും എന്ന് മലയാളത്തില്‍ തമാശയായി പറയുന്ന ഒരു ചൊല്ലു തന്നെയുണ്ട്. ഈ വലിയ വിപത്തിനെ നിര്‍ബന്ധമായും ഒഴിവാക്കാന്‍ – വിശേഷിച്ചും താന്‍ വളരെയേറെ കഠിനാദ്ധ്വാനം ചെയ്ത് ഒന്നായി നെയ്‌തെടുത്ത വേദമന്ത്രങ്ങളുടെ കാര്യത്തില്‍ – വ്യാസന്‍ ആഗ്രഹിച്ചു. അതിനായി അദ്ദേഹം ”പാഠം” എന്ന സമ്പ്രദായം കണ്ടുപിടിച്ചു. ഒരാള്‍ പഠിച്ച് ഹൃദിസ്ഥമാക്കിയത് ഒരു നിര്‍ദ്ദിഷ്ട രീതിയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കണം. അതായിരുന്നു പാഠം. പൊതുവായി പറഞ്ഞാല്‍ പ്രകൃതി, വികൃതി എന്നിങ്ങനെ ക്രമത്തില്‍ സരളം, സങ്കീര്‍ണം എന്ന തരത്തില്‍ പാഠങ്ങള്‍ രണ്ടുണ്ട്. സരളമായ പാഠത്തിന് വാക്യം, പദം, ക്രമം എന്നിങ്ങനെ മൂന്ന് രൂപങ്ങളുണ്ട്. സങ്കീര്‍ണമായ പാഠത്തിനാകട്ടെ, ജടാ, മാലാ, ശിഖാ, രേഖാ, ധ്വജ, ദണ്ഡ, രഥ, ഘനാ എന്നിങ്ങനെ എട്ടു രൂപങ്ങളുണ്ട്. അതിന്റെ ശ്ലോകം ഇപ്രകാരമാണ്:
”ജടാ മാലാ ശിഖാ രേഖാ ധ്വജ ദണ്ഡോ ഘനാഃ
ഇത്യഷ്ടൗ വികൃതയഃ പ്രോക്താഃ ക്രമപൂര്‍വാ മഹര്‍ഷിഭിഃ”

ഇതേക്കുറിച്ച് വിസ്തരിച്ച് പറയുക ഇവിടെ സംഗതമല്ല. ഏതായാലും ഈ അഭ്യാസം എന്താണെന്ന് വ്യക്തമാക്കുവാന്‍ ചെറിയൊരു ശ്രമം നടത്താം. കഖഗഘങഛഛജഝഞ എന്നത് പത്ത് വാക്കുകളോടു കൂടിയ ഒരു മന്ത്രമാണെന്ന് സങ്കല്‍പിക്കുക. ഓരോ വാക്കും വെവ്വേറെ ക-ഖ-ഗ-ഘ-ങ-ച-ഛ-ജ-ഝ-ഞ എന്നിങ്ങനെ ആവര്‍ത്തിച്ചു പരിശീലിക്കുന്നതാണ് വാക്യം. ഇതാണ് ഏറ്റവും സ്വാഭാവികവും സാര്‍വത്രികവുമായ ഉരുവിടുന്ന രീതി. കഖ – ഗഘ – ങച -ഛജ – ഝഞ എന്നിങ്ങനെ അടുത്തടുത്ത രണ്ടു വാക്കുകള്‍ ചേര്‍ത്ത് ആവര്‍ത്തിക്കുന്നതിനെ പദമെന്ന് പറയുന്നു. കഖ-ഖഗ-ഗഘ-ഘങ-ങച-ചഛ-ഛജ-ജഝ-ഝഞ എന്നിങ്ങനെ ആവര്‍ത്തിക്കുന്നതാണ് ക്രമം. ഈ മൂന്നു പാഠങ്ങളും സ്വാഭാവിക ക്രമത്തിലുള്ളവയാണ്. അതുകൊണ്ട് അവ മൂന്നിനേയും ചേര്‍ത്ത് സരളം അല്ലെങ്കില്‍ പ്രകൃതി പാഠം എന്ന് പറയുന്നു. സങ്കീര്‍ണമെന്ന് പറയുന്നത് വാസ്തവത്തില്‍ സങ്കീര്‍ണം തന്നെയാണ്. കാര്‍ഡിയോഗ്രാഫ് വഴി ലഭിക്കുന്ന, ഇടയ്ക്ക് വിടവൊന്നുമില്ലാത്ത ഹൃദയചലനത്തിന്റെ രേഖ പോലെയുള്ള ഒരടയാളമായിരിക്കുമിത്. ഘനപാഠമാണ് ഏറ്റവും സങ്കീര്‍ണമായത് എന്നതിന്റെ തെളിവാണ് ഈ വേദഭൂമിയില്‍ ഘനപാഠികളുടെ എണ്ണം 50ല്‍ കുറവാണെന്ന് പറയുന്നത്. അതെന്തെങ്കിലുമാകട്ടെ, ഈ പാഠസമ്പ്രദായം കൊണ്ടുണ്ടായ ഫലം ഒരു സ്വരമോ വ്യഞ്ജനമോ വാക്കോ കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ കഴിഞ്ഞില്ലെന്നതാണ്. അതിന്റെ ഫലമായി വാത്മീകി രാമായണത്തിലോ വ്യാസന്റെ മഹാഭാരതത്തിലോ നൂറുകണക്കിന് ശ്ലോകങ്ങളോ ദീര്‍ഘമായ കാണ്ഡങ്ങള്‍ പോലുമോ വ്യാജമായി തിരുകിക്കയറ്റിയതായി കാണാവുന്നപോലെ ആയിരക്കണക്കിന് മന്ത്രങ്ങളടങ്ങിയ വേദങ്ങളില്‍ ഒരു സ്വരമോ വ്യഞ്ജനമോതണപോലും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന രൂപത്തില്‍ തന്നെ വേദങ്ങള്‍  ഇപ്പോഴും തുടരുന്നു. ഇത്തരമൊരു പ്രതിഭാസം ലോകത്ത് മറ്റൊന്നില്ലതന്നെ.

ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍, ഋഷി പരാശരന്റേയും കാളിയുടെയും മകനായി പിറന്ന കൃഷ്ണദ്വൈപായനന്‍ വേദവ്യാസനായിത്തീര്‍ന്നു എന്നു നാം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം അക്ഷയമായ തന്റെ ഊര്‍ജ്ജത്തിന്റെ സഹായത്താല്‍ അന്ന് ലഭ്യമായിരുന്ന മന്ത്രങ്ങളെല്ലാം സങ്കലനം ചെയ്യുകയും അവയുടെ വര്‍ഗ്ഗീകരണം നിര്‍വ്വഹിച്ച് നാല് വേദങ്ങളായി രൂപപ്പെടുത്തുകയും അവയെ ശാശ്വതമായി നിലനിര്‍ത്താന്‍ സമര്‍പ്പിതരായി പ്രവര്‍ത്തിക്കുന്ന ശിഷ്യന്മാരുടെ ഒരു സംഘത്തെ ഉണ്ടാക്കുകയും, അവയുടെ ഉള്ളടക്കത്തില്‍ ബാഹ്യമായ എന്തെങ്കിലും ഇടപെടലോ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയില്‍ സവിശേഷവും അനുപമവുമായ ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്തു എന്നാണ്. മാനവ ചരിത്രത്തിലെ തന്നെ ഗ്രന്ഥരൂപത്തില്‍ ആദ്യമായി രചിക്കപ്പെട്ടത് ഈ വേദങ്ങളാണെന്ന് നാം ഓര്‍ക്കണം. അതിന്റെ അംഗീകാരം അഥവാ പ്രശസ്തി വ്യാസന് അവകാശപ്പെട്ടതാണ്.

പ്രഥമ ചരിത്രകാരന്‍:
ഇതുവരെ നാം വ്യാസനെ കണ്ടത് ആദ്ധ്യാത്മിക ആചാര്യന്റെ വേഷത്തിലാണ്. അദ്ദേഹം രചിച്ച ഭരതവംശജരുടെ വിശദമായ ചരിത്രമാണ് പില്‍ക്കാലത്ത് മഹാഭാരതമെന്ന് അറിയപ്പെട്ടത്. അദ്ദേഹം നല്‍കിയ വിശദാംശങ്ങള്‍ എത്രമാത്രം സൂക്ഷ്മവും പൂര്‍ണ്ണവുമാണെന്നതിന്റെ തെളിവാണ് ധര്‍മ്മ-അര്‍ത്ഥ-കാമ-മോക്ഷങ്ങളെക്കുറിച്ച് ”ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റിടങ്ങളിലും കണ്ടേക്കാം, എന്നാല്‍ ഇതില്‍ പറയാത്ത കാര്യങ്ങളാകട്ടെ മറ്റൊരിടത്തും കാണുക സാധ്യമല്ല” എന്ന അദ്ദേഹത്തിന്റെ വാക്യം. (ധര്‍മ്മ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ-1
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തത് ക്വചിത് ?- മഹാഭാരതം 1-62-53) പൊതുവെ പലരും ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധം മാത്രം ഉദ്ധരിച്ചു കൊണ്ട്, ശ്ലോകം കൊണ്ട് ഉദ്ദേശിച്ച അര്‍ത്ഥത്തെ ഭാഗികമായി ചോര്‍ത്തിക്കളയുന്നതായി കാണാം. വാസ്തവത്തില്‍ ശ്ലോകം ഊന്നല്‍ കൊടുക്കുന്നത് ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെ സമഗ്രതക്കാണ്, കഥാതന്തുവിനല്ല. ”മഹാഭാരതം മാനസികരോഗ നിദാനശാസ്ത്രപരമായ മഹത്തായ കൃതിയാണ്; ഭഗവദ്ഗീതയാകട്ടെ അബോധവിശ്ലേഷണ മാര്‍ഗ്ഗമുപയോഗിച്ചുള്ള രോഗചികിത്സയെ സംബന്ധിക്കുന്ന മഹനീയ ഗ്രന്ഥമാണ്” എന്ന പ്രഗത്ഭയായ ഒരു മനഃശാസ്ത്രവിദഗ്ദ്ധന്റെ വാക്കുകളും ഇതേ തരംഗദൈര്‍ഘ്യത്തെയാണ് കാണിക്കുന്നത്. മഹത്തായ ആ ചരിത്രത്തിലെ കഥാപാത്രങ്ങളിലൊരാളാണ് സ്വയം വ്യാസന്‍. ആ സംഭവ പരമ്പരയിലുടനീളം നിഷ്‌ക്രിയനായ ഒരു കാഴ്ചക്കാരനെന്ന നിലക്കല്ല, ധര്‍മ്മത്തോടു പ്രതിബദ്ധതയുള്ള ശക്തനായ സക്രിയ പ്രവര്‍ത്തകനെന്ന നിലക്കാണ് നാം അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ശരിയായ സമയവും സ്ഥലവും നോക്കിയാണ് തന്റെ സേവനം ലഭ്യമാക്കിയിരുന്നത്. ഈ വിഷയത്തില്‍ അദ്ദേഹം ശ്രീകൃഷ്ണനുമായി വളരെ സഹകരിച്ചിരുന്നു എന്നുവേണം പറയാന്‍. ഇത് തെളിയിക്കാന്‍ പോന്ന ഒട്ടനേകം സന്ദര്‍ഭങ്ങളുണ്ട്. അവയില്‍ ചിലത് മാത്രം ഇവിടെ വിവരിക്കാം.

പിതാമഹനും സംരക്ഷകനും:
ശന്തനുവിന് സത്യവതിയിലുണ്ടായ രാജകുമാരന്മാരുടെ അകാലമൃത്യുവിനെ തുടര്‍ന്ന് കുരുവംശത്തിന്റെ പിന്തുടര്‍ച്ച ഒരു പ്രശ്‌നചിഹ്നമായിത്തീര്‍ന്നു. ആ സമയത്ത് നിലനിന്നിരുന്ന സമ്പ്രദായമനുസരിച്ച്, മാതാവിന്റെ നിര്‍ദ്ദേശപ്രകാരം കൃഷ്ണദ്വൈപായനന്‍ വിധവകളായ രാജ്ഞിമാരുമായി നിയോഗത്തിലേര്‍പ്പെടുകയും ധൃതരാഷ്ട്രനും പാണ്ഡുവും ജനിക്കുകയും ചെയ്തു. അപ്രകാരം അദ്ദേഹം കൗരവരുടെയും പാണ്ഡവരുടെയും ജൈവിക പിതാമഹനായിത്തീര്‍ന്നു. ഭരതവംശജരുടെ മേല്‍ അദ്ദേഹത്തിന് ധാര്‍മ്മികമായ അധികാരം നേടാനായി (ആദിപര്‍വം -106).

അരക്കില്ലത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് പഞ്ചപാണ്ഡവന്മാരും അവരുടെ മാതാവായ കുന്തിയും വനാന്തരങ്ങളില്‍ അലഞ്ഞു നടക്കുമ്പോള്‍ അദ്ദേഹമായിരുന്നു അവരെ ചെന്നു കണ്ട് ആശ്വസിപ്പിക്കുകയും സമുജ്ജ്വലമായ ഒരു ഭാവി അവരെ കാത്തിരിക്കുന്നതായി ബോധ്യപ്പെടുത്തുകയും ചെയ്തത്. ഏകചക്രമെന്ന ഗ്രാമത്തിലവരെ എത്തിച്ചതും അവിടെ ഒരു മാസക്കാലം തങ്ങാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെയായിരുന്നു. ആ ഗ്രാമത്തില്‍ വെച്ചാണ് ഭീമന്‍ ബകാസുരനെ വധിച്ചത് (ആദിപര്‍വം – 156).

വീണ്ടും ഒരു മാസത്തിനു ശേഷം അവിടെയെത്തി ദ്രൗപദിയുടെ സ്വയംവരത്തില്‍ പങ്കെടുക്കാന്‍ പാഞ്ചാലദേശത്ത് പോകുവാന്‍ അവരോട് നിര്‍ദ്ദേശിച്ചതും അദ്ദേഹമായിരുന്നു. വളരെ പെട്ടെന്ന് ബഹുഭര്‍തൃത്വത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ അദ്ധ്യക്ഷം വഹിക്കുകയും അതിനനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. ശ്രീകൃഷ്ണനും അവര്‍ക്ക് അമൂല്യമായ ധാരാളം സമ്മാനങ്ങള്‍ നല്‍കി അവരുടെ വിവാഹത്തെ പിന്തുണച്ചു (ആദിപര്‍വ്വം 195-196).

പിന്നീടാണ് ഇന്ദ്രപ്രസ്ഥത്തില്‍ യുധിഷ്ഠിരന്റെ മഹത്തായ രാജസൂയയജ്ഞം നടന്നത്. തന്റെ ശിഷ്യനായ പൈലനെ ഹോതാവാക്കി ആ യജ്ഞത്തില്‍ വ്യാസന്‍ സ്വയം ബ്രഹ്മന്റെ സ്ഥാനമലങ്കരിച്ചു. ശിശുപാലവധം നടന്നെങ്കിലും, രാജസൂയം അത്യന്തം വിജയകരമായി പര്യവസാനിച്ചു. എന്നാല്‍ റഡാറിനെ കിടപിടിക്കുന്ന വ്യാസന്റെ കണ്ണുകള്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന കറുത്ത മേഘങ്ങളെ കാണാതിരുന്നില്ല. തപസ്സു ചെയ്യാന്‍ ഹിമാലയത്തിലേക്ക് പോകുവാന്‍ പാണ്ഡവരോട് യാത്ര പറഞ്ഞു പിരിയുന്ന അവസരത്തില്‍ അദ്ദേഹം യുധിഷ്ഠിരന് മുന്നറിയിപ്പു നല്‍കി: ”13 വര്‍ഷത്തെ യാതനാനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആയിരക്കണക്കിന് ക്ഷത്രിയന്മാരുടെ നിന്ദ്യമായ വിനാശത്തിന്റെ മൂലകാരണമായിത്തീരും നിങ്ങള്‍. ഭീമനും അര്‍ജ്ജുനനും ഈ കൃത്യം നിറവേറ്റും. എന്നാല്‍ ധൈര്യം കൈവിടരുത്. കാലത്തെ വെല്ലാന്‍ ആര്‍ക്കുമാകില്ല” (സഭാപര്‍വം 33). താന്‍ മുന്‍കൂട്ടിക്കണ്ട കാര്യങ്ങള്‍ താന്‍ അധ്യക്ഷതവഹിച്ച രാജകീയ വിജയത്തിന്റെ ധന്യമുഹൂര്‍ത്തത്തില്‍ അക്ഷോഭ്യനായി, അലിപ്തനായി, അചഞ്ചലനായി അദ്ദേഹത്തിന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ഒന്നോര്‍ത്തു നോക്കൂ!

മ്ലേച്ഛമായ ചൂതുകളി അതിന്റെ ദൂഷ്യഫലം പ്രകടമാക്കുകതന്നെ ചെയ്തു. പാണ്ഡവരെ അവരുടെ ഭാര്യയോടൊപ്പം നാടുകടത്തി. ശേഷവും കാട്ടില്‍ ചെന്ന് ഭീമനേയും അര്‍ജ്ജുനനേയും വധിക്കുമ്പോള്‍ ദൂര്യോധനനും കര്‍ണ്ണനും ഗൂഢാലോചന നടത്തി. ഈ കാര്യം മനസ്സിലാക്കിയ വ്യാസന്‍ ഹസ്തിനാപുരത്ത് ചെന്ന് ധൂര്‍ത്തനായ മകനെയും അവന്റെ കൂട്ടാളിയേയും ഇത്തരം ബുദ്ധിഹീനമായ കൃത്യത്തില്‍ നിന്നും വിലക്കണമെന്നും ”വനത്തില്‍ പ്രവേശിച്ചാല്‍ ആ വിഡ്ഢി ജീവനോടെ തിരിച്ചു വരില്ലെന്നും പറഞ്ഞ് ധൃതരാഷ്ട്രനെ ഗുണദോഷിച്ചു. (വനപര്‍വ്വം 7.8)

വനപര്‍വ്വത്തില്‍ മറ്റൊരു സംഭവമുണ്ട്. മേല്‍പറഞ്ഞ സംഭവത്തേക്കാള്‍ പ്രധാന്യമതിനുണ്ട്. വ്യാസന്റെ മനഃശാസ്ത്രപരവും തന്ത്രപൂര്‍വ്വവുമായ നീക്കമാണ് നാമതില്‍ കാണുന്നത്. കാട്ടില്‍ പഞ്ചപാണ്ഡവര്‍ കൈവിട്ടുപോയ തങ്ങളുടെ രാജ്യം എങ്ങനെ തിരിച്ചുപിടിക്കും എന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തുകയായിരുന്നു. എതിര്‍പക്ഷം ഒരിക്കലും പരാജയപ്പെടുത്താനാകാത്ത അതിശക്തമായ സൈനിക സഖ്യമാണെന്നായിരുന്നു അവരുടെ പൊതുവായ നിഗമനം. അവര്‍ അങ്ങേയറ്റം ദുഃഖിതരായി. സന്ദിഗ്ദ്ധമായ ആ അവസരത്തില്‍ വ്യാസന്‍ അവിടെയെത്തി. എല്ലാവരെയും അനുഗ്രഹിച്ചശേഷം യുധിഷ്ഠിരനെ ഒറ്റക്കൊരിടത്ത് കൊണ്ടുപോയി ഭാവി തന്ത്രങ്ങളെക്കുറിച്ച് ഉപദേശിച്ചു. കൂടാതെ പ്രതിസ്മൃതി എന്ന സവിശേഷമായ വിദ്യ ഉപദേശിച്ച്, അതിന്റെ സഹായത്താല്‍ അര്‍ജ്ജുനനിലൂടെ അപ്രതിഹതമായ പ്രഹരശേഷി നേടാനാകുമെന്ന് ധരിപ്പിച്ചു. ഈ ഉപദേശ പ്രകാരം അര്‍ജ്ജുനനെ പ്രതിസ്മൃതി വിദ്യയോടെ, അജയ്യമായ സജ്ജീകരണങ്ങളോടെ തിരിച്ചുവരാന്‍ ഉത്തരദിശയിലേക്കയച്ചു. ആ പദ്ധതി വിജയിക്കുകയും ചെയ്തു എന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ടല്ലൊ.

പ്രതീക്ഷിച്ചപോലെ ആ മഹായുദ്ധം നടന്നു. അതിലുണ്ടായ ഭീമമായ ആള്‍നാശത്തില്‍ നൂറു കൗരവരും ചത്തൊടുങ്ങി. അവരുടെ മാതാവായ ഗാന്ധാരി സ്വാഭാവികമായും ദുഃഖഭാരത്താല്‍ ആകെ തകര്‍ന്നുപോയി. ദുഃഖവും കോപവും നിറഞ്ഞ ആ മാനസികാവസ്ഥയില്‍ പാണ്ഡവന്മാര്‍ക്ക് മൃത്യുശാപം നല്‍കാന്‍ അവരുടെ ഹൃദയം വെമ്പി. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ വ്യാസന്‍, ഓരോ ദിവസവും യുദ്ധഭൂമിയിലേക്കു പോകുന്നതിന് മുമ്പ് അനുഗ്രഹം തേടി ദുര്യോധനന്‍ തന്റെ പക്കല്‍ വന്നപ്പോള്‍ ഗാന്ധാരി ‘യതോ ധര്‍മ്മസ്തതോ ജയ:” എന്ന് മുറതെറ്റാതെ പറഞ്ഞകാര്യം അവരെ ഓര്‍മ്മപ്പെടുത്തി. ആ വാക്കുകളുടെ സാധുതയെക്കുറിച്ച് ഋഷിവര്യനായ ആ പിതാമഹന്‍ അവരെ ബോദ്ധ്യപ്പെടുത്തി. അതിന്റെ ഫലമായി സ്വയം കണ്ണുകെട്ടി അന്ധത ഏറ്റുവാങ്ങിയ ഗാന്ധാരിയുടെ മനസ്സ് ശാന്തമാവുകയും തന്റെ തെറ്റായ ഇംഗിതത്തെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്തു. അങ്ങനെ വലിയൊരു വിപത്ത് ഒഴിവാക്കുകയും ചെയ്തു (സ്ത്രീപര്‍വ്വം.14).

ഭീഷ്മപിതാമഹന്റെ യോഗ്യമായ ഉപദേശത്തെ തുടര്‍ന്ന് യുധിഷ്ഠിരന്‍ രാജ്യഭരണം ഏറ്റെടുത്തപ്പോള്‍ അശ്വമേധം നടത്താന്‍ അദ്ദേഹത്തെ ഉപദേശിച്ചത് വ്യാസനായിരുന്നു. മാത്രമല്ല, കരം കൂട്ടുന്നതൊഴിവാക്കാനും സാമന്തന്മാരില്‍ നിന്നും കൂടുതല്‍ കാഴ്ചദ്രവ്യം ആവശ്യപ്പെടാതെ കഴിക്കാനും പടിഞ്ഞാറന്‍ മലകളിലെ ഗുഹകളില്‍ ഒളിഞ്ഞുകിടക്കുന്ന നിധിയെക്കുറിച്ചു യുധിഷ്ഠിരനോട് വെളിപ്പെടുത്തിയതും അദ്ദേഹം തന്നെയായിരുന്നു. അങ്ങനെ യാഗം വിജയകരമായി നടത്താനും ഒരു ചക്രവര്‍ത്തിക്ക് അര്‍ഹതപ്പെട്ട സാര്‍വത്രികമായ അംഗീകാരം നേടുവാനും യുധിഷ്ഠിരനു സാധിച്ചു (അശ്വമേധപര്‍വ്വം 62, 71). പൂര്‍ണ്ണ സംതൃപ്തനും ചരിതാര്‍ത്ഥനുമായിത്തീര്‍ന്ന യുധിഷ്ഠിരന്‍ ആ സമയത്ത്, തന്റെ സമ്പൂര്‍ണ്ണ രാജ്യവും ജീവിതത്തിലുടനീളം തനിക്കുപകാരം ചെയ്ത മുത്തച്ഛനായ വ്യാസന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. ആ ഋഷിവര്യനാകട്ടെ, സര്‍വാനുഗ്രഹങ്ങളും നല്‍കിക്കൊണ്ട്, എല്ലാവരുടെയും നന്മക്കുവേണ്ടി യാതൊരു വിവേചനവും കാണിക്കാതെ ധര്‍മ്മനിഷ്ഠമായി ഭരണം നിര്‍വ്വഹിക്കാന്‍ വേണ്ടി രാജ്യം യുധിഷ്ഠിരനെ തന്നെ തിരിച്ചേല്‍പിച്ചു. ശേഷം, തന്റെ തപസ്സുതുടരാന്‍ ഒഴിഞ്ഞ കൈകളുമായി പര്‍വ്വതങ്ങളിലേക്ക് പോയി (അശ്വമേധപര്‍വ്വം – 89).

അദ്ദേഹം ഒരിക്കല്‍കൂടി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപക്ഷെ അതദ്ദേഹത്തിന്റെ അവസാനത്തെ വരവായിരുന്നിരിക്കണം. പ്രകൃത്യാ തന്റെ മകനായ ധൃതരാഷ്ട്രന് വനവാസത്തിന് പോകുവാന്‍ സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു ആ വരവിന്റെ ഉദ്ദേശ്യം. യുധിഷ്ഠിരന്റെ പരിചരണവും ആദരവുമേറ്റ് നീണ്ട പതിനഞ്ചു വര്‍ഷം കൊട്ടാരത്തില്‍ കഴിഞ്ഞശേഷം ധൃതരാഷ്ട്രന്‍ വനവാസം സ്വീകരിക്കുവാന്‍ ആഗ്രഹിച്ചു. കുരുരാജാവായ യുധിഷ്ഠിരനോട് അദ്ദേഹം അനുമതി തേടി. എന്നാല്‍ ധൃതരാഷ്ട്രനോടു ഉണ്ടായിരുന്ന സ്‌നേഹവും അടുപ്പവും കാരണം രാജാവ് അനുമതി നല്‍കിയില്ല. ഏതായാലും ധൃതരാഷ്ട്രന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ഉണ്ണാവ്രതം അനുഷ്ഠിക്കുകയും ചെയ്തു. എട്ടു ദിവസം കഴിഞ്ഞു. പിതൃതുല്യനായ ധൃതരാഷ്ട്രന്‍ ഉണ്ണാവ്രതം ഉപേക്ഷിച്ചാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് രാജാവായ യുധിഷ്ഠിരന്‍ പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ അവസാനം പിതാമഹന്‍ ഇടപെട്ടു. അനുമതി നല്‍കാന്‍ വ്യാസന്‍ രാജാവിനോട് ഉപദേശിച്ചു. ലൗകികവും ആദ്ധ്യാത്മികവുമായ ദൃഷ്ടിയില്‍, അനുമതി നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജാവിനെ പറഞ്ഞു ബോധ്യപ്പെടുത്തി. അവസാനം ഭക്ത്യാദരങ്ങളോടെ രാജാവ് പൂര്‍ണമനസ്സോടെ സമ്മതിച്ചു. യുധിഷ്ഠിരനെ അനുഗ്രഹിച്ചശേഷം ധൃതരാഷ്ട്രന്‍ ഉണ്ണാവ്രതം അവസാനിപ്പിച്ചു. ഗാന്ധാരിയേയും കുന്തിയേയും കൂട്ടി കാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളാരംഭിച്ചു (ആശ്രമവാസികപര്‍വ്വം 3,4).

പില്‍ക്കാലത്ത് സത്യവതിയെന്നറിയപ്പെട്ട കാളിയുടെ മകനായി പിറന്ന കൃഷ്ണദ്വൈപായനന്റെ പങ്ക് ഏറെക്കുറെ ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും ഇടപെടലും ഇല്ലായിരുന്നെങ്കില്‍ ഓരോ സംഭവത്തിന്റെയും പര്യവസാനം എങ്ങനെയായിരുന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹം ധര്‍മ്മത്തിന്റെ പ്രകടരൂപമായിരുന്നുവെന്ന് നിസ്സംശയം പറയാനാവും. കൃഷ്ണദ്വൈപായനന്‍ പ്രകൃതം കൊണ്ട് മൗനിയും ഗൗരവക്കാരനുമായിരുന്നു. യാദവനായ കൃഷ്ണനാകട്ടെ ഇണക്കമുള്ളവനും നര്‍മ്മപ്രിയനുമായിരുന്നു. എന്നാല്‍ രണ്ടുപേരുടേയും ദൗത്യം ഒന്നായിരുന്നു, ധര്‍മ്മത്തിന്റെ പുനഃസ്ഥാപനം. മാത്രമല്ല, അവരതില്‍ നിന്നൊരിക്കലും അണുവിടപോലും വ്യതിചലിച്ചില്ല. ഈ കാരണത്താല്‍ അവരിന്ന് ഭഗവാന്മാരായി അറിയപ്പെടുന്നു.

വ്യാസന്‍ എന്ന പാരമ്പര്യം

വ്യാസത്വം വരിച്ച കൃഷ്ണദ്വൈപായനന്‍ ഭീഷ്മന്റെ തലമുറതൊട്ട് പരീക്ഷിത്തിന്റെ തലമുറവരെ നീണ്ടകാലം ജീവിച്ചു. ശന്തനു മുതല്‍ പരീക്ഷിത്ത് വരെ നീളുന്ന കുരുക്കളുടെ ആറ് തലമുറകളെ അദ്ദേഹം കണ്ടു. ഒരു മനുഷ്യനായി പിറന്ന അദ്ദേഹം മരണമുള്ളവനാണെന്നതിനാല്‍ തീര്‍ച്ചയായും തന്റെ ഭൗതികശരീരം ഉപേക്ഷിച്ച് ഈ ലോകത്തോട് വിടപറഞ്ഞിരിക്കും. എന്നാല്‍ ഭാരതത്തിന്റെ പൗരാണിക പാരമ്പര്യം അദ്ദേഹത്തെ ചിരഞ്ജീവി എന്ന് വിശേഷിപ്പിക്കുന്നു. വാസ്തവത്തില്‍ അത് പ്രതീകാത്മകമായ ഒരു വിശേഷണം മാത്രമാണ്. അദ്ദേഹം ബാക്കിവെച്ചുപോയ പാരമ്പര്യം അപൗരുഷേയവും ശാശ്വതവുമാണെന്നതിനാല്‍ ആ പാരമ്പര്യം അനുസ്യൂതം തുടര്‍ന്നുപോന്നു. പില്‍ക്കാലത്ത് ശങ്കരാചാര്യരുടെ പാരമ്പര്യമെന്നപോലെ, വ്യാസപാരമ്പര്യവും പരിണമിച്ചുണ്ടായി. മഹാഭാരതത്തെപ്പോലുള്ള ഗ്രന്ഥമെഴുതിയവരെല്ലാം വ്യാസനെന്നറിയപ്പെട്ടു. ഏറെക്കുറെ വ്യാസനെന്നത് ഉല്പന്നനാമം പോലെയായിത്തീര്‍ന്നു. 28 വ്യാസന്മാരുള്ളതായി വിഷ്ണുപുരാണം പറയുന്നു. ഇന്നിപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കൃത സാഹിത്യത്തിലേക്ക് നാം കണ്ണോടിക്കുമ്പോള്‍, എത്ര പുരാണങ്ങളുണ്ടോ അത്രതന്നെ വ്യാസന്മാരുള്ളതായി കാണാം. ഇതൊരു തെറ്റിദ്ധാരണക്ക് കാരണമായിട്ടുണ്ട് – അതും പരമ്പരാഗതമാണ്. അതായത് പുരാണങ്ങളെല്ലാം രചിച്ചത് മഹാഭാരത കര്‍ത്താവായ വ്യാസനാണെന്ന ധാരണ. ഒരു വിരോധാഭാസാലങ്കാരമെന്ന് പറയാവുന്ന പേരോടുകൂടിയ ഭവിഷ്യപുരാണം പോലും രചിച്ചത് അദ്ദേഹമാണെന്ന് പറയപ്പെടുന്നു. അതേസമയം സംസ്‌കൃത സാഹിത്യചരിത്രകാരന്മാര്‍ അത് രചിക്കപ്പെട്ട കാലഘട്ടം ക്രിസ്തുവിനുശേഷം 9-ാം നുറ്റാണ്ടാണെന്നാണ് പറയുന്നത്. അവരുടെ അഭിപ്രായത്തില്‍, 18 പുരാണങ്ങളില്‍ ഒന്ന് പോലും ക്രിസ്തുവര്‍ഷം 200ന് മുമ്പ് രചിക്കപ്പെട്ടിട്ടില്ല. അതുപോലെ ബ്രഹ്മസൂത്രത്തിന്റെ രചയിതാവിനെ സംബന്ധിച്ചും ഒരിക്കലുമൊടുങ്ങാത്ത തര്‍ക്കങ്ങള്‍ തുടരുന്നു. ബാദരായണന്‍ മഹാഭാരത കര്‍ത്താവില്‍ നിന്നും ഭിന്നനായ വ്യക്തിയാണെന്ന് ചിലര്‍ കരുതുമ്പോള്‍ മറ്റു ചിലര്‍ രണ്ടും ഓരേ വ്യക്തിയാണെന്ന് കരുതുന്നു. ഈ തര്‍ക്കം എന്നെങ്കിലും അവസാനിക്കുമെന്ന് തോന്നുന്നില്ല. അതേസമയം മഹാഭാരത കര്‍ത്താവായ വ്യാസന്‍ വസിഷ്ഠകുലത്തിലാണ് ജനിച്ചതെങ്കില്‍ ബ്രഹ്മസൂത്രകാരനായ വ്യാസന്‍ ജനിച്ചത് അംഗീരസകുലത്തിലാണ്. ഭാരതീയ പാരമ്പര്യമനുസരിച്ച് ഈ സുപ്രധാനവസ്തുത ഒരിക്കലും അവഗണിക്കാനാവില്ല. ഈ കാരണങ്ങളാല്‍ അവര്‍ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നതാണ് എന്റെ ഉറച്ച നിഗമനം. അതേ സമയം എന്നെ സംബന്ധിച്ച് ബ്രഹ്മസൂത്രത്തിന്റെ ആദ്ധ്യാത്മിക പ്രാധാന്യം ഈ കാരണത്താല്‍ അണുവിടപോലും കുറയുന്നുമില്ല.

അതെന്തായാലും, വേദങ്ങളുടെയും മഹാഭാരതത്തിന്റെയും കാര്യത്തില്‍ വ്യാസന്‍ നടത്തിയ കഠിനാധ്വാനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍തന്നെ വ്യാസന്റെ യുക്തിയുക്തമായ ജീവചരിത്ര സംഗ്രഹം തയ്യാറാക്കാന്‍ സാധിക്കും എന്ന ചിന്തയാണ് ആ പരിധിയില്‍ നിന്നുകൊണ്ട് ഞാനതിനു മുതിര്‍ന്നത്.

വ്യാസനെ കൂടാതെ നമുക്ക് വേദങ്ങളെയും മഹാഭാരതത്തെയും കുറിച്ചു ചിന്തിക്കാനാവില്ല. നമ്മുടെ ആദ്ധ്യാത്മിക പൈതൃകത്തിന്റെ പ്രപിതാമഹനാണദ്ദേഹം. ധര്‍മ്മഭൂമിയെന്നും കര്‍മ്മഭൂമിയെന്നും വാഴ്ത്തപ്പെടുന്ന നമ്മുടെ മാതൃഭൂമിക്ക് മഹാനായ അദ്ദേഹം നല്‍കിയ സംഭാവന അപരിമേയമാണ്. എല്ലാവരും അദ്ദേഹത്തെ ഗുരുക്കന്മാരുടെയും ഗുരുവായിട്ടാണ് കാണുന്നത്. അതിനാല്‍ അനാദികാലംതൊട്ട്, വ്യാസന്റെ ജന്മദിനമെന്ന് കരുതപ്പെടുന്ന ആഷാഢപൗര്‍ണ്ണമി ഗുരുപൂജാ ദിനമായി ആഘോഷിച്ചുവരുന്നു. ഇന്നോളം വെളിവാക്കപ്പെട്ട ദര്‍ശനങ്ങള്‍ക്കെല്ലാം മീതെയും അവയ്‌ക്കെല്ലാം അപ്പുറവുമാണ് അദ്ദേഹം എന്നിരിക്കിലും എല്ലാവര്‍ക്കും ഒരു പോലെ പ്രമാണബിന്ദുവാണദ്ദേഹം. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അങ്ങേയറ്റം സമഗ്രവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതുമായിരുന്നു എന്നതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ച കാലം ഭൂതവും വര്‍ത്തമാനവും ഭാവിയും ഇല്ലാത്ത അനുസ്യൂതമായ ഒരു പ്രവാഹമാണ്. ഇത്തരം ജ്ഞാനികളെ ത്രികാലാതീതന്മാര്‍ എന്നാണ് അറിവുള്ളവര്‍ വിശേഷിപ്പിക്കുന്നത്. അവരാണ് യഥാര്‍ത്ഥ ദ്രഷ്ടാക്കള്‍. നശ്വരരായ സാധാരണക്കാരായ നമുക്ക് കാണാനാവാത്തത് അവര്‍ക്ക് വ്യക്തമായി കാണാനാകുന്നു.

ശ്രീമദ് ഭഗവദ് ഗീതയിലെ 13-ാം അദ്ധ്യായത്തിലെ 13-ാം ശ്ലോകം കാണുന്ന അവസരങ്ങളിലെല്ലാം ആ ശ്ലോകത്തിന്റെ മൂര്‍ത്ത രൂപമാണ് വ്യാസന്‍ എന്നെനിക്ക് തോന്നാറുണ്ട്. ”(അത്) എല്ലാ ഇന്ദ്രിയങ്ങളുടേയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നതും എല്ലാ ഇന്ദ്രിയങ്ങളും വിട്ടുനില്‍ക്കുന്നതും ഒന്നിനോടും ചേരാത്തതും എല്ലാറ്റിനേയും ഭരിക്കുന്നതും ഒരു ഗുണവുമില്ലാത്തതും ഗുണങ്ങളെ അനുഭവിക്കുന്നതുമാകുന്നു.” ഈ ലോകത്ത് ശാരീരികമായി അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോകാറുള്ളത് ശ്രീമദ് ഭഗവദ്ഗീതയിലെ 12-ാം അദ്ധ്യായത്തിലെ 13-ാമത്തെ ശ്ലോകമാണ്. ”എല്ലാ പ്രാണികളുടേയും ദ്വേഷ്ടാവല്ലാത്തവനും മിത്രഭാവത്തോടു കൂടിയവനും ദയയോടുകൂടിയവനും എന്റേതെന്ന ബുദ്ധിയില്ലാത്തവനും ഞാന്‍ കര്‍ത്താവാണെന്ന ബുദ്ധിയില്ലാത്തവനും”. സുഖദുഃഖങ്ങള്‍ തുല്യങ്ങളായിട്ടുള്ളവനും ക്ഷമയോടു കൂടിയവനും അത്തരം ഭഗവാന്‍ വ്യാസനെ വിനയാന്വിതനായി പ്രണാമങ്ങളര്‍പ്പിച്ചു കൊണ്ട് നിര്‍ത്തട്ടെ

(2014 ജനുവരി 4 ശനിയാഴ്ച കൊച്ചിയിലെ സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ മലയാള വിവര്‍ത്തനം)

ഇതിഹാസകൃതിയായ മഹാഭാരതത്തില്‍ വിസ്തൃതമായ തോതില്‍ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമെല്ലാം ഉണ്ടെന്നിരിക്കിലും അതിന്റെ കഥാതന്തു ചരിത്രപരമാണെന്ന് ഈ പൗരാണിക ദേശത്തുള്ളവരെല്ലാം തന്നെ ഒരുപോലെ വിശ്വസിക്കുന്നു. യുഗങ്ങളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന വഴക്കങ്ങളും വിശ്വാസങ്ങളും അതിന് കല്‍പിച്ചുകൊടുക്കുന്ന ആധികാരികത, കേവലം പുരാവൃത്തകഥനമെന്നതിലുപരി അതില്‍ യാതൊന്നുമില്ല എന്നവകാശപ്പെടുന്ന പണ്ഡിതന്മാരേയും തത്വജ്ഞാനികളെയുംപോലും നിരാകരിക്കാന്‍ തക്കവണ്ണം പ്രബലമാണ്. ഭരതവംശജരുടെ ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ഭഗവാന്‍ വ്യാസന്‍ എന്ന് വിഖ്യാതനായ കൃഷ്ണദ്വൈപായനന് കാതലായ ഒരു സ്ഥാനമുണ്ട്. പുണ്യപുരുഷന്മാരുടെ കഥകള്‍, പുരാവൃത്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കൃതിയില്‍ നിന്നും കൃഷ്ണദ്വൈപായനന്‍ എന്ന ചരിത്രപുരുഷനെ അന്വേഷിച്ചു കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ഇരുമ്പയിരില്‍ നിന്നും സംസ്‌ക്കരണ പ്രക്രിയയിലൂടെ ഇരുമ്പിനെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനം പോലെതന്നെ ശ്രമകരമാണ് സ്വാഭാവികമായും ഈ ഉദ്യമവും. അതിന് അയുക്തികമായ വിശ്വാസത്തെ അന്ധമായി പിന്തുടരാനുള്ള പ്രവണതക്കു പകരം ഒരു യഥാര്‍ത്ഥ…

Review Overview

User Rating: Be the first one !
0

About Managing Editor