Home / Essays / Art / ചിരിയുടെ കാരണവര്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

ചിരിയുടെ കാരണവര്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

സുധീര്‍ നീരേറ്റുപുറം

Adoor Bhasi

അടൂര്‍ ഭാസി

മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായ അടൂര്‍ ഭാസി അന്തരിച്ചിട്ട് മാര്‍ച്ച് മാസം 29 ന് കാല്‍ നൂറ്റാണ്ട് തികയുന്നു. 1927 ല്‍ ഇ.വി. കൃഷ്ണപിളളയുടെയും, സി.വി. രാമന്‍പിളളയുടെ മകള്‍ മഹേശ്വരി അമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി തിരുവനന്തപുരത്ത് ജനിച്ച കെ. ഭാസ്‌കരന്‍ നായരെന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29 ന് വൃക്കരോഗ ബാധിതനായിട്ടാണ് അന്തരിച്ചത്. അച്ഛന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അടൂരിലെ കൊട്ടക്കാട്ട് തറവാട്ടിലേക്ക് കുടുംബസമേതം താമസം മാറ്റുകയായിരുന്നു. അടൂര്‍ ഭാസി രാഷ്ട്രീയക്കാരനായും നാടക നടനായും പത്രപ്രവര്‍ത്തകനായും സാമൂഹികപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശേഷമാണ് മലയാള സിനിമാരംഗത്തേക്ക് കടന്നു വന്നത്. മഹത്തായ ഒരു സാംസ്‌കാരിക പാരമ്പര്യത്തിന്റെ പിന്‍ബലം അദ്ദേഹത്തിന് എക്കാലത്തും കൂട്ടായി ഉണ്ടായിരുന്നു. തിരുവിതാംകൂറിന്റെ ചരിത്രമെഴുതിയ സി വി രാമന്‍ പിളളയുടെ കൊച്ചുമകനും, അക്ഷരങ്ങളിലൂടെ ഹാസ്യത്തിന്റെ നിറക്കൂട്ടുകള്‍ വിരചിച്ച ഇ വി കൃഷ്ണപിളളയുടെ മകനുമായ അടൂര്‍ ഭാസി പക്ഷേ മലയാളത്തിനു സംഭാവന ചെയ്തതു അക്ഷരങ്ങളല്ല, എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ജീവസ്സുറ്റ കഥാപാത്രങ്ങളാണ്. അടൂര്‍ ഭാസിയുടെ സഹോദരന്‍ ചന്ദ്രാജി അറിയപ്പെടുന്ന നടനാണ്. ആകാശവാണിയുടെ നാടകങ്ങളില്‍ അടൂര്‍ ഭാസി സജീവമായിരുന്നു. കൈനിക്കര കുമാരപിളള, ജഗതി എന്‍ കെ ആചാരി, നാഗവളളി ആര്‍ എസ് കുറുപ്പ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, വീരന്‍ എന്നറിയപ്പെട്ടിരുന്ന പി കെ വീരരാഘവന്‍ നായര്‍ തുടങ്ങിയവരുമായുളള സൗഹൃദം അഭിനയത്തെ ഗൗരവമായി കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
1961 ല്‍ റിലീസായ തോപ്പില്‍ ഭാസിയുടെ പ്രസിദ്ധ നാടകമായ മുടിയനായ പുത്രന്റെ ചലച്ചിത്രാവിഷ്‌കാരം തുടങ്ങി എഴുനൂറില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരമാലയിലെ അപ്രധാന കഥാപാത്രത്തിലൂടെയാണ് അടൂര്‍ ഭാസി സിനിമയില്‍ എത്തുന്നത്. ലക്ഷപ്രഭു, വിരുതന്‍ ശങ്കു, അച്ഛന്റെ ഭാര്യ,

അടൂര്‍ ഭാസിയും പ്രേം നസീറും

അടൂര്‍ ഭാസിയും പ്രേം നസീറും

ധര്‍മ്മയുദ്ധം, രാഗം, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായക വേഷമായിരുന്നു. ഒരു കാലഘട്ടത്തില്‍ അടൂര്‍ ഭാസി അഭിനയിക്കാത്ത ഒരു സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ മലയാളിക്ക് കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. മുപ്പത് വര്‍ഷക്കാലമാണ് അടൂര്‍ ഭാസി മലയാള സിനിമയുടെ ജീവാത്മാവായി നിലകൊണ്ടത്. എസ് പി പിളള – അടൂര്‍ ഭാസി – ബഹദൂര്‍ എന്ന കോമഡി ത്രയം സിനിമകളിലെ അഭിവാജ്യഘടകമായിരുന്നു. തനിക്കു വില്ലന്‍ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യന്‍ എന്നീ സിനിമകളിലൂടെ തെളിയിച്ചു. കൊട്ടാരം വില്‍ക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളില്‍ ഇരട്ട വേഷങ്ങളിലും ഭാസി

അടൂര്‍ ഭാസിയും ബഹദൂറും

അടൂര്‍ ഭാസിയും ബഹദൂറും

അഭിനയിക്കുകയുണ്ടായി. 1971 ല്‍ മികച്ച ഹാസ്യനടനുളള അവാര്‍ഡ് ഭാസിക്ക് ലഭിച്ചു. 1974 ല്‍ ചട്ടക്കാരിയിലെ അഭിനയത്തിന് അദ്ദേഹത്തിന് നല്ല നടനുളള സംസ്ഥാന അവാര്‍ഡ് കിട്ടി. 1978 ല്‍ ഇറങ്ങിയ ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ അഭിനയത്തിന് 1979 ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വീണ്ടും ലഭിച്ചു. 1984 ല്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ബാലചന്ദ്ര മേനോന്റെ ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ ലഭിച്ചു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം എന്നീ സിനിമകള്‍ അടൂര്‍ ഭാസി സംവിധാനം ചെയ്തു. വേലുതമ്പി ദളവ, തച്ചോളി ഒതേനന്‍ എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും പ്രവര്‍ത്തിച്ചു. നിരവധി ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുളള അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഏറെ ശ്രദ്ധേയമായത് ‘ലോട്ടറി ടിക്കറ്റ്’ എന്ന ചിത്രത്തിലെ ”ഒരു രൂപ നോട്ടു കൊടുത്താല്‍……..” എന്ന ഗാനമാണ്. 1989 ല്‍ അഭിനയിച്ച ‘ചക്കിക്കൊത്ത ചങ്കരനാണ്’ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ.
അടൂര്‍ ഭാസിയുടെ ഹാസ്യബോധത്തിനും സാമൂഹിക നിരീക്ഷണത്തിനും വിമര്‍ശനത്തിനും മികച്ച ഉദാഹരണമായി എന്‍.വി. കൃഷ്ണവാര്യര്‍ വിവരിക്കുന്ന ഒരു സംഭവം ഇതാ : സാംസ്‌കാരിക കാര്യങ്ങളില്‍ പിടിയില്ലാതിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അടൂര്‍ ഭാസി ഉണ്ടാക്കിയ ഒരു നേരമ്പോക്കു കൂടി എഴുതാം. ഷൗക്കര്‍ ജാനകിയെക്കുറിച്ചു മുഖ്യമന്ത്രി പറയുന്നതായി സങ്കല്പം. ‘മദ്രാസില്‍ വെറുമൊരു ഷൗരക്കാരിയായ ജാനകി പണം വാരിക്കൂട്ടുന്നു.’
അടൂര്‍ ഭാസിയുടെ 25 ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

About Managing Editor

Leave a Reply