Home / News / ചെങ്ങന്നൂര്‍ ക്ഷേത്രക്കുളം നവീകരണം അന്തിമഘട്ടത്തില്‍

ചെങ്ങന്നൂര്‍ ക്ഷേത്രക്കുളം നവീകരണം അന്തിമഘട്ടത്തില്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ഇനി നടക്കാനുളളത് സൗന്ദര്യവല്കരണം മാത്രം. അതുകൂടി കഴിഞ്ഞാല്‍ കുളം ഭക്തര്‍ക്ക് ഉപയോഗിച്ചു തുടങ്ങാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രവളപ്പില്‍ നിന്നും ചുറ്റു മതിലും കടന്ന് കുളത്തിലേക്ക് ഇറങ്ങുന്നതിന് രണ്ട് വശത്തുമായിട്ടാണ് പൂന്തോട്ടം ഉള്‍പ്പെടെയുളള സൗന്ദര്യവല്കരണം നടപ്പാക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുളളതും ഐതീഹ്യ പ്രാധാന്യവുമുളള ക്ഷേത്രതീര്‍ത്ഥക്കുളം ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. കാടും പടലും നിറഞ്ഞ് പടിക്കെട്ടുകളും മറ്റും പൊളിഞ്ഞുകിടന്ന കുളത്തിന്റെ ഭാഗത്തിലേക്ക് ആരും തിരിഞ്ഞുനോക്കുകപോലും ചെയ്തിരുന്നില്ല. ഇതിനിടെ ദേവസ്വം ബോര്‍ഡ് ഫണ്ടുപയോഗിച്ച് ചില അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും കുളം ഉപകാരപ്രദമായിരുന്നില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം കുളത്തില്‍ വെളളം കെട്ടിനില്‍ക്കുന്നില്ല എന്നതായിരുന്നു മുഖ്യപ്രശ്‌നം. ഇതെ തുടര്‍ന്ന് ചെളിയും മാലിന്യവും നിറഞ്ഞുകിടന്ന കുളത്തിന്റെ നവീകരണത്തിന് ക്ഷേത്രോപദേശക സമിതി മുന്‍കൈ എടുക്കുകയും ജില്ലാ കളക്ടറായിരുന്ന പി. വേണുഗോപാലിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണ്ണ് സംരക്ഷണ വകുപ്പാണ് 54.6 ലക്ഷം രൂപ ചെലവില്‍ ഇപ്പോള്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അകത്തെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടി, ഇടിഞ്ഞ തിട്ടകളുടെ സ്ഥാനത്ത് പാര്‍ശ്വ ഭിത്തികള്‍കെട്ടി സംരക്ഷിച്ചു. കുളത്തിന്റെ ചുറ്റുമായി നടപ്പാതയും, ഇടിഞ്ഞുപൊളിഞ്ഞ പടിക്കെട്ടുകള്‍ക്കു പകരം പുതിയ പടികളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് കുളത്തില്‍ നിറഞ്ഞുകവിഞ്ഞ വെളളം പോകാന്‍ ഷട്ടറുണ്ടായിരുന്നു. അതിനുപകരം പൈപ്പ് സ്ഥാപിച്ചു. അഗസ്ത്യ മുനി യാഗം നടത്തിയ സ്ഥലമാണ് ഇന്നത്തെ ക്ഷേത്രക്കുളമെന്നാണ് ഐതീഹ്യം. അതുകൊണ്ട് ഇവിടുത്തെ ഭക്തജനങ്ങള്‍ കുളത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. ശബരിമല തീര്‍ത്ഥാടന കാലമായാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം അനേകം ഭക്തജനങ്ങളെത്തുന്ന ഇവിടെ അവര്‍ക്ക് അല്പ സമയം വിശ്രമിക്കാന്‍ കഴിയുന്ന തരത്തിലാണ് നവീകരണ ജോലികള്‍ പുരോഗമിക്കുന്നത്.

About Managing Editor

Leave a Reply