Home / Essays / ജനതാ പരിവാറിന്റെ പതനവും ബീഹാറിന്റെ ഭാവിയും

ജനതാ പരിവാറിന്റെ പതനവും ബീഹാറിന്റെ ഭാവിയും

 സുധീര്‍ നീരേറ്റുപുറം

ബിജെപിയെ പരാജയപ്പെടുത്താന്‍ ജനതാ പരിവാര്‍ ഉണ്ടാക്കുകയും അതിന്റെ തലവനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുലായത്തിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകനും എംപിയുമായ തേജ് പ്രതാപ് യാദവും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഏറ്റവും ഇളയ മകള്‍ രാജ ലക്ഷ്മിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26 ന് നടന്നിരുന്നു. ഈ വിവാഹം രണ്ട് യാദവ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലുപരി ഉത്തര്‍പ്രദേശ്, ബിഹാര്‍ രാഷ്ട്രീയത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ പ്രത്യേകിച്ച് ബിജെപി വിരോധികള്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം സ്വപ്‌നങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് മുലായം സിങ്ങ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ജനതാ പരിവാറും, കോണ്‍ഗ്രസും, ആപ്പുമെല്ലാം ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സഖ്യത്തില്‍ നിന്ന് പുറത്തുപോകാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനും സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചു. സീറ്റ് പങ്കുവെയ്ക്കുന്നതില്‍ ഉള്‍പ്പെടെയുള്ള അഭിപ്രായ ഭിന്നതയാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനത്തിന് പിന്നില്‍. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവ് പറഞ്ഞു. നിതീഷി്‌ന്റെയും ലാലുവിന്റെയും പ്രവൃത്തികള്‍ തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാംഗോപാല്‍ യാദവ് ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടതെന്നും ആവശ്യമെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും രാം ഗോപാല്‍ യാദവ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുലായം സിംഗ് യാദവും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുത്തിരുന്നു.

സഖ്യത്തിന്റെ പേരില്‍ ആഗസ്റ്റ് 30 ന് പാറ്റ്‌നയില്‍ സംഘടിപ്പിച്ച റാലിയില്‍ നിന്നും മുലായം സിംഗ് യാദവ് വിട്ടുനിന്നിരുന്നു. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും പങ്കെടുത്ത റാലിയില്‍ പാര്‍ട്ടി പ്രതിനിധിയായി ശിവപാല്‍ യാദവിനെ അയയ്ക്കുക മാത്രമാണ് മുലായം സിംഗ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബീഹാറിലെ യോഗങ്ങളില്‍ പങ്കെടുത്തതിന്റെ നാലില്‍ ഒന്ന് ആളുകള്‍ പോലും ഗാന്ധിമൈതാനത്ത് നടന്ന മഹാസഖ്യത്തിന്റെ യോഗത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മുന്നണിക്ക് അത്രയൊന്നും ശക്തിയില്ലെന്ന് എസ് പിക്ക് ബോധ്യമായിട്ടുണ്ട്. അതാണ് അവരെ മുന്നണി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

പാറ്റ്‌ന റാലിക്ക് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും മുലായം പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് ബഹിഷ്‌ക്കരണ നടപടിയേയും മുലായം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനും വലിയ പങ്കൊന്നുമില്ല. ബീഹാര്‍ ഒറ്റയ്ക്ക് ഭരിച്ചിട്ടുളള ഈ ‘ദേശീയ’ പാര്‍ട്ടി കിട്ടിയ 40 സീറ്റു കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ലാലുവും നിതീഷും ചേര്‍ന്ന് ആകെയുളള 243 സീറ്റില്‍ നൂറു സീറ്റുകള്‍ വീതം തട്ടിയെടുക്കുകയായിരുന്നു. മുലയത്തിന് വെച്ചുനീട്ടിയത് വെറും 3 സീറ്റായിരുന്നു. വേണമെങ്കില്‍ 5 നല്കാമെന്നും പറഞ്ഞിരുന്നു. ഇതാണ് മുലായത്തെ ചൊടിപ്പിച്ചത്.

ബിജെപിക്കെതിരെ എല്ല അഴിമതിക്കാരും ഒത്തുകൂടി ഒറ്റക്കെട്ടായി നിന്ന് ബീഹാറില്‍ അനായാസമായി ജയിക്കാമെന്ന സ്വപ്‌നം ഇതോടെ തകര്‍ന്നിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ബീഹാറില്‍ പുതിയ ചരിത്രം രചിക്കുവാനുളള സുവര്‍ണ്ണാവസരം ഇതോടെ സംജാതമായിരിക്കുന്നു. ബിജെപി വിരോധമെന്ന ഒറ്റ ചിന്തയാല്‍ രൂപീകൃതമാകുന്ന അവസരവാദ അധാര്‍മ്മിക അഴിമതി കൂട്ടുകെട്ടുകള്‍ക്ക് അല്പായുസ്സ് മാത്രമേ ഉണ്ടാവുകയുളളൂവെന്നും, ഇക്കൂട്ടര്‍ അധികാരത്തില്‍ വന്നാല്‍ അത് ജനങ്ങളുടെ നിര്‍ഭാഗ്യമായിരിക്കുമെന്നും വ്യക്തമാണ്. ഈ മുന്നണിയിലുളള ഓരോ നേതാവും സ്വയം ഭാവി പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്നവരാണ്. ഇക്കൂട്ടര്‍ ഒരിക്കലും തങ്ങളോടൊപ്പമുളള മറ്റു നേതാക്കളെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ അനുസരിക്കുകയോ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കുകയോ ചെയ്യുകയില്ലെന്ന കാര്യം സ്പഷ്ടമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ബീഹാറില്‍ രൂപംകൊണ്ട മഹാസഖ്യം (?) ഒരു താല്കാലിക പ്രതിഭാസം മാത്രമായിരിക്കുമെന്ന് ബിജെപിക്കും മറ്റ് ദേശീയവാദികള്‍ക്കും സ്പഷ്ടമായി അറിയാമായിരുന്നു. അത് ശരിവയ്ക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മുലായം സിങ്ങിന്റെ പിന്മാറ്റവും, ബീഹാറിലെത്തിയ അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെയുടെ അനുയായികള്‍ കരിങ്കൊടി കാട്ടിയതുമെല്ലാം ബിജെപി വിരുദ്ധസഖ്യത്തിന്റെ മനോവീര്യവും ഐക്യവും ജയസാദ്ധ്യതയും തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലമെന്റില്‍ സുഷമാ സ്വരാജ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ
എന്നിവര്‍ക്കെല്ലാമെതിരെ അനാവശ്യമായ രാജി ആവശ്യമുന്നയിച്ച് പാര്‍ലമെന്റ് പ്രതിപക്ഷം സ്തംഭിപ്പിച്ചിട്ടും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ബാഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയം കരസ്ഥമാക്കിയത് ജനങ്ങള്‍ ആരുടെ കൂടെയാണെന്നുളളതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ജനപിന്തുണയില്ലാതെ രാഷ്ട്രവിരുദ്ധശക്തികള്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി അര്‍ത്ഥശൂന്യമായ ബഹളങ്ങളാലും, മാധ്യമ കുപ്രചരണങ്ങളാലും, കലാപങ്ങളാലും (ഗുജറാത്തിലെ പട്ടേല്‍ സമരം) മറ്റും ഭാരതത്തിന്റെ സല്‌പേരും വികസനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ശക്തമായ പാഠം പഠിപ്പിക്കുകയും ചെയ്യുമെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്കുന്ന വ്യക്തമായ മുന്നറിയിപ്പ്. ബീഹാറിലും ശക്തമായ ജനകീയ മുന്നേറ്റമുണ്ടാവുകയും ഒരു ഭാവാത്മകമായ ഭരണമാറ്റം ഉണ്ടാകുമെന്നും വിശ്വസിക്കാം.

About Managing Editor

Leave a Reply