Home / Essays / ദേശദ്രോഹികളുടെ പിണിയാളുകളെ ഒറ്റപ്പെടുത്തുക

ദേശദ്രോഹികളുടെ പിണിയാളുകളെ ഒറ്റപ്പെടുത്തുക

സുധീര്‍ നീരേറ്റുപുറം

മുംബൈ സ്‌ഫോടനക്കേസില്‍ 2007 ജൂലൈ 27 ന് പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വിധിച്ച വധശിക്ഷ അവസാനം 2015 ജൂലൈ 30 ന് രാവിലെ 7 ന് മഹാരാഷ്ട്രയിലെ നാഗപ്പൂര്‍ ജയിലില്‍ നടപ്പിലായി. 1993 മാര്‍ച്ച് 12 ന് നടന്ന സ്‌പോടനത്തില്‍ 257 പേര്‍ മരിക്കുകയും, 713 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 27 കോടി രൂപയുടെ വസ്തുവകകള്‍ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവരാണ് ഇതിന്റെ മുഖ്യസൂത്രധാരന്‍മാരെന്ന് അന്വേഷണസംഘം കണ്ടെത്തി. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു. സ്‌ഫോടനക്കേസില്‍ ഗൂഢാലോചന നടത്തിയതിനും അതിനുള്ള സാമ്പത്തിക സഹായം നല്‍കിയതിനുമാണ് യാക്കൂബ് മേമന്‍ ജയിലഴിക്കുള്ളിലായത്. യാക്കൂബിനെ 1994 ഓഗസ്റ്റ് 5 ന് കാഠ്മണ്ഡുവില്‍വച്ച് അറസ്റ്റ് ചെയ്തുവെന്നാണു സിബിഐ പറയുന്നത്. എന്നാല്‍ താന്‍ നേപ്പാളില്‍വച്ച് പോലീസിനു കീഴടങ്ങുകയായിരുന്നുവെന്നാണ് മേമന്റെ വാദം. 1993 നവംബര്‍ 4 ന് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി. പതിനായിരത്തിലേറെ പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടെന്നു കരുതുന്ന 189 പേരുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. കേസിന്റെ വിചാരണയ്ക്കായി ടാഡ കോടതി രൂപീകരിച്ചു. 2001 മാര്‍ച്ച് മുതല്‍ ജൂലൈ വരെ 684 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. പ്രോസിക്യൂഷന്റെ വാദം ഒക്‌ടോബര്‍ 2001 ല്‍ പൂര്‍ത്തിയായി. യാക്കൂബ് മേമനെതിരെ വിധിച്ച വധശിക്ഷക്കെതിരെ കടുത്ത നിയമപോരാട്ടമാണ് മേമന്‍ നടത്തിയത്. വധശിക്ഷക്കെതിരെ മേമന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ മേമന്റെ വധശിക്ഷ ഉറപ്പാക്കുന്നതിനായി റഫറന്‍സ് ഫയല്‍ ചെയ്തു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അല്ലെങ്കില്‍ പ്രേരകശക്തി എന്നാണു ജഡ്ജിമാര്‍ മേമനെ വിശേഷിപ്പിച്ചിരുന്നത്. സുപ്രീംകോടതി, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍, രാഷ്ട്രപതി തുടങ്ങിയവരെല്ലാം മേമന്റെ വാദങ്ങളെല്ലാം തളളിക്കളയുകയും, മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും ശക്തമായ നിലപാടുകളെടുക്കുകയും ചെയ്തതിനാലാണ് സ്‌ഫോടനം നടന്ന് 22 വര്‍ഷത്തിനു ശേഷം കുറ്റവാളികളില്‍ ഒരാള്‍ക്കെങ്കിലും പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാന്‍ സാധിച്ചത്.
ഭാരതവിരുദ്ധരായ വൈദേശിക ഭീകരവാദ സംഘടനകളുടെയും മതശക്തികളുടെയും പണവും സ്ഥാനമാനങ്ങളും അവാര്‍ഡുകളും ആയുധങ്ങളും മറ്റും നേടിക്കൊണ്ട് ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മറപിടിക്കുന്ന ഇവിടുത്തെ കപട മതേതരവാദികളായ മനുഷ്യാവകാശ സംഘടനകളും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും, സാമൂഹിക സാംസ്‌കാരിക കലാ പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഇസ്ലാമിക ഭീകരപ്രവര്‍ത്തകനായ മേമന്റെ ജീവന്‍ രക്ഷിക്കാനായി അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉപേക്ഷിച്ച് മറ്റ് പാര്‍ട്ടികളിലേക്ക് സ്വമേധയാ പോകുന്നവരെപ്പോലും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ബോംബെറിഞ്ഞും 51 വെട്ടിനും മറ്റും നിഷ്ഠൂരമായി കൊലപ്പെടുത്താറുളള ഇടതുപക്ഷക്കാര്‍ 257 പേരുടെ മരണത്തിനുത്തരവാദിയായ യാക്കൂജ് മേമന് വേണ്ടി കണ്ണീരൊഴുക്കുന്നത് എന്തിനുവേണ്ടിയാണ്? ഇത് തെളിയിക്കുന്നത് ഇവരുടെ ദേശദ്രോഹപരവും മാനുഷ്യാവകാശവിരുദ്ധവും ക്രൂരവുമായ മനോഭാവത്തെയല്ലേ…? രാഷ്ട്രദ്രോഹികളായ കൊലയാളികള്‍ക്കുവേണ്ടി നിര്‍ലജ്ജം വക്കാലത്ത് പറയുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി മുന്നോട്ടുവരട്ടെ. മുംബൈ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തവരില്‍ ഹിന്ദുവും, മുസ്ലീമും, ബൗദ്ധനും, ജൈനനും, മതേതരനും, ദരിദ്രനും, ധനികരും, ഇടത്തരക്കാരും, പല ഭാഷക്കാരും ദേശക്കാരും എല്ലാം ഉള്‍പ്പെടുന്നുണ്ട്. ഈ ഹതഭാഗ്യരായവര്‍ക്കുവേണ്ടി ഹൃദയം തപിക്കാതെ കൊലയാളിളെ രക്ഷിക്കാന്‍ വേണ്ടി ഹൃദയം തുടിക്കുന്നവര്‍ ദേശദ്രോഹികളും ഫാസിസ്റ്റുകളും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമാണ്. ഇവരെ കരുതിയിരിക്കുക……

About Managing Editor

Leave a Reply