Home / Essays / നമ്മുടെ സംസ്ഥാന പക്ഷി എന്തു കൊണ്ട് കാക്ക ആയില്ല..?

നമ്മുടെ സംസ്ഥാന പക്ഷി എന്തു കൊണ്ട് കാക്ക ആയില്ല..?

manoj manayil 1

ലേഖകന്‍: മനോജ് മനയില്‍

കേരളത്തില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണ് കാക്ക. നമ്മുടെ ജീവിതത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ കാക്ക എന്ന ഈ ചെറിയ പക്ഷി വരുത്തുന്ന ശുചീകരണ പ്രക്രിയ നമ്മുടെയൊക്കെ ശ്രദ്ധയില്‍ പെടേണ്ടതാണ്. മനുഷ്യ വാസമുള്ളിടത്തെ കാക്ക ജീവിക്കുകയുള്ളു. കദളി വാഴ കൈയിലിരുന്നു വിരുന്നു വിളിക്കുന്ന കാക്ക പണ്ട് മുതലേ നമ്മുടെ മിത്തുകളിലും അതുവഴി സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നു. അടുക്കളപ്പുറത്തിരുന്നു കാക്ക കുറുകുമ്പോള്‍ ‘ ഇന്ന് ആരാ വിരുന്നു വരുന്നതെന്ന് ‘ പണ്ട് കാലത്ത് അമ്മ ആത്മഗതം നടത്തുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

കലപില കൂട്ടുന്ന കുട്ടികളെ ഉപമിക്കാന്‍ മുതിര്‍ന്നവര്‍ പറയുന്നത് ‘കാക്ക കൂട്ടില്‍ കല്ലെറിഞ്ഞ പോലെ’ എന്നാണു. കാരണം വല്ലാത്ത സംഘ ബോധമാണ് കാക്കകള്‍ക്ക്. കാക്കയോടു അധികം കളിക്കാന്‍ നാമാരും പോകാറില്ല. കാരണം വാശി പിടിച്ചാല്‍ പിന്നെ അത് നമ്മളെ വഴി നടത്തില്ല എന്നത് തന്നെ. പണ്ട് ഞാന്‍ ഒരു വാര്‍ത്ത വായിച്ചിട്ടുണ്ട് .. മലപ്പുറത്തോ കോഴിക്കോടോ എന്നറിയില്ല ഒരാളെ കാക്കകള്‍ ശത്രുവായി പ്രഖ്യാപിച്ച കഥ. വളരെ ചെറുപ്പത്തില്‍ എപ്പോഴോ ഇയാള്‍ ഒരു കാക്കയുടെ കൂടു തകര്‍ത്തു. അതോടെ അയാളുടെ കഷ്ടകാലവും തുടങ്ങി. പിന്നീട് ജീവിതകാലം മുഴുവന്‍ കാക്കകള്‍ അയാളെ പിന്തുടര്‍ന്ന കഥ.

കാക്കകള്‍ക്ക് കറുത്ത നിറം ഉള്ളതുകൊണ്ടാണോ നമ്മുടെ സംസ്ഥാന പക്ഷിയായി കണക്കാക്കാന്‍ പറ്റാഞ്ഞത് എന്ന് ഞാന്‍ സംശയിക്കുന്നു. നമ്മുടെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ടിരിക്കുന്ന കാക്കയെ അവഗണിച്ചു ഒരു തരം അപശകുനത്തിന്റെ പ്രതീകമായ വേഴാമ്പലിനെ സംസ്ഥാന പക്ഷിയായി തീരുമാനിച്ചത് ഒരു പക്ഷെ നമ്മള്‍ മലയാളികളുടെ ഒരു പൊതു സ്വഭാവത്തെ കാണിക്കുന്നുണ്ട്. കാത്തിരിക്കുക…. കാത്തിരിക്കുക….. എന്നോ വരാന്‍ പോകുന്ന ഒരു മഴക്കാലത്തിനു വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ തന്നെ മലയാളികള്‍ എന്നോ വരാന്‍ പോകുന്ന സൗഭാഗ്യത്തെ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു.

കാക്കയ്ക്ക് മതപരമായ വല്ലാത്തൊരു സ്ഥാനവും നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്. ആത്മാവിന്റെ പ്രതിരൂപങ്ങളായി കണ്ടു നാം സമര്‍പ്പിക്കുന്ന ബലിച്ചോറുണ്ണുന്ന കാക്കയെ നോക്കി നെടുവീര്‍പ്പിടാത്തവര്‍ ആരെങ്കിലുമുണ്ടോ?

ദ്രാവിഡന്റെ കറുത്ത സ്വത്വം അതേപടി ആവിഷ്‌ക്കരിക്കുന്ന കാക്കയെ ആര്യന്റെ വെളുത്ത തൊലിയെ പ്രേമിക്കുന്ന മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടാഞ്ഞത് വളരെ സ്വാഭാവികം. ലോകത്ത് തന്നെ ഒരു പക്ഷിയെ കുറിച്ചു എഴുതപ്പെട്ട കവിത മലയാളത്തിനു സ്വന്തമാണ്. അതാവട്ടെ കാക്കയെക്കുറിച്ചും! വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘കാക്ക’ യുടെ സൗന്ദര്യം അനുഭവിച്ചറിഞ്ഞവര്‍ക്ക് അതൊരു വല്ലാത്ത അനുഭവമായി പിന്തുടരും. തന്റെ കാക്ക അനുഭാവത്തെ കുറിച്ചു വൈലോപ്പിള്ളി പറയുന്നു ‘ ‘ചില പക്ഷികള്‍ ഞാന്‍ മുതിര്‍ന്ന കാലത്ത് എന്റെ കവിതകളില്‍ വന്ന് ചിറകടിച്ചുപോയി. കാക്കകള്‍ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്.’

കാക്കയെ കുറിച്ചു നമ്മുടെ സാഹിത്യത്തിലും പഴമൊഴി വാമൊഴി സഞ്ചയങ്ങളിലും നിരവധി ഈടു വെപ്പുകള്‍ ഉണ്ട്.

എന്നിട്ടും സദാ കേണു കൊണ്ടിരിക്കുന്ന (കേ) വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി കണക്കാക്കുന്നു. അതും അധികമാരും കാണാത്തതും കണ്ടു കിട്ടാന്‍ പ്രയാസമേറിയതുമായ പക്ഷി. വേഴാമ്പല്‍ സൌന്ദര്യമുള്ളതായിരിക്കാം. പക്ഷെ നമ്മുടെ ജീവിതവുമായി പുലബന്ധം അതിനില്ല എന്ന് മാത്രം പറയട്ടെ……..

About Managing Editor