Home / Essays / നരേന്ദ്ര മോദി ഭരണത്തില്‍ ഭാരതം വികസന കുതിപ്പിലേക്ക്

നരേന്ദ്ര മോദി ഭരണത്തില്‍ ഭാരതം വികസന കുതിപ്പിലേക്ക്

സുധീര്‍ നീരേറ്റുപുറം
കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ഒറ്റ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. ഈ ഭരണം 8 മാസം പിന്നിടുമ്പോള്‍ കാണുന്ന ചിത്രം ആഭ്യന്തര വിദേശ രംഗങ്ങളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളോടെ മുന്നേറുന്ന ഒരു ഭരണകൂടത്തെയാണ്. കഴിഞ്ഞ നാളുകളില്‍ നാം പിന്തുടര്‍ന്നിരുന്ന ദേശീയ വീക്ഷണമില്ലാത്ത അഴകൊഴമ്പന്‍ നയങ്ങള്‍ (ഒരേസമയം മുതലാളിത്വവും സോഷ്യലിസവും കൂട്ടിക്കുഴച്ചത്) കാരണവും ഭരണകര്‍ത്താക്കളുടെയും രാഷ്ട്രീയഭിക്ഷാംദേഹികളുടെയും ഉദ്യോഗസ്ഥദുഷ്പ്രഭുക്കന്മാരുടെയും കുത്തക മുതലാളിമാരുടെയും മറ്റും അഴിമതി ഭരണത്താലാണ് 110 കോടി ജനങ്ങളില്‍ 30 ശതമാനവും ദരിദ്രരായി ഇന്നും ജീവിക്കുന്ന ഒരു രാജ്യമായി ഭാരതം മാറിയത്. ഭരണവര്‍ഗ്ഗത്തിന്റെയും ശിങ്കിടികളുടെയും രഹസ്യവിദേശ അക്കൗണ്ടുകളിലേക്ക് ഇവിടുത്തെ സമ്പത്ത് ചോര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനും റഷ്യയുടെയും ചൈനയുടെയും ആരാധകനുമായ പ്രഥമ പ്രധാനമന്ത്രിയും ‘ഗാന്ധി ശിഷ്യനുമായ’ ജവഹര്‍ലാല്‍ നെഹ്രു സോവ്യറ്റ് റഷ്യയെ അനുകരിച്ച് നടപ്പിലാക്കിയ അധികാരകേന്ദ്രീകരണവും ലൈസന്‍സിരാജ് സമ്പ്രദായങ്ങളും പഞ്ചവത്സര പദ്ധതികളുമെല്ലാം ഇന്നാടിന്റെ ഗ്രാമീണ ജീവിതത്തേയും പുരോഗതിയേയും സാമ്പത്തിക വികസനത്തേയും മുരടിപ്പിക്കുകയാണ് ചെയ്തത്. ലോകമെമ്പാടും നടന്ന വന്‍മാറ്റങ്ങള്‍ക്കനുസൃതമായ നരസിംഹറാവു സര്‍ക്കാര്‍ നെഹ്രുവിയന്‍ നയങ്ങളില്‍ നിന്നും പാടേ വ്യതിചലിച്ചുകൊണ്ട് നടത്തിയ പ്രായോഗികമായ നവഉദാരീകരണ പ്രക്രിയകളാണ് ഇവിടെ സാമ്പത്തികരംഗത്ത് വീണ്ടും ഒരു ഉണര്‍വിന് കാരണഭൂതമായത്. പിന്നീട് വന്ന ഭരണകര്‍ത്താക്കള്‍ ഈ നയം പിന്തുടരുകയും ചെയ്തു. ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്കനുഗുണമായ സാമ്പത്തിക പ്രത്യയശാസ്ത്രമാണു ബിജെപിയ്ക്കുളളത്. നിലവിലുളള ഉദാരീകരണപ്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമമായി, കൂടുതല്‍ സ്വകാര്യ മൂലധനത്തിനും ധനമൂലധനത്തിനും അനുകൂലമായി നടപ്പാക്കുക എന്നതാണു മോദിയുടെ ദൗത്യം.

അന്തരാChina's President Xi Jinping modiഷ്ട്ര തലത്തില്‍ ശാക്തികചേരികളില്‍ ഉണ്ടായ വന്‍ മാറ്റങ്ങളും പുതിയ നയങ്ങള്‍ക്ക് പ്രേരണയേകി. ഒരുകാലത്ത് ലോകം മുഴുവന്‍ കീഴടക്കുമെന്ന് പ്രഖ്യാപിക്കുകയും സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. അവശേഷിച്ച ചൈനയും ക്യൂബയും ഇന്ന് ബദ്ധശത്രുവായിരുന്ന അമേരിക്കയുമായി കൈകോര്‍ത്ത് മുന്നേറുകയാണ്. ലോകത്തെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുളള, പ്രകൃതിവിഭവങ്ങളാലും ബൗദ്ധികഔന്നത്യത്താലും സാങ്കേതികവിദ്യകളിലുമെല്ലാം മുന്‍നിരയിലുളള ഭാരതത്തിന് ലോകവേദിയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറാനുളള കഴിവും പ്രാഗത്ഭ്യവുമുണ്ട്. ഈ സത്യം തിരിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ നയതന്ത്ര സാമ്പത്തിക മേഖലകളില്‍ നടത്തുന്ന ചടുലമായ നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് സമീപകാല സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഭാരതത്തെ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാക്കി മാറ്റുക എന്ന ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്ന മോദിയും സംഘവും വിജയംകൈവരിക്കുന്നുവെന്ന സത്യം കാണാതിരുന്നുകൂടാ. ലോകശക്തികളായ അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി മോദി നടത്തിയ ആശയവിനിമയങ്ങള്‍ വന്‍വിജയങ്ങളായിരുന്നു. തന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ബദ്ധശത്രുവായ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുളള ലോക രാഷ്ട്രതലവന്മാരെ പങ്കെടുപ്പിച്ചപ്പോള്‍തന്നെ നയതന്ത്രരംഗത്തെ പുതിയ യുഗപ്പിറവിയുടെ അനുരണനങ്ങള്‍ ജനം മനസ്സിലാക്കിയതാണ്. സാമ്പത്തികമായി പിന്നോക്കം നില്കുന്ന മൂന്നാം ലോകരാജ്യങ്ങളെ സംഘടിപ്പിക്കാനും പുതിയ ശാക്തികചേരികള്‍ സൃഷ്ടിക്കാനും മോദി ശ്രമങ്ങള്‍ നടത്തി. പാശ്ചാത്യ സമ്പന്ന രാജ്യങ്ങളായ അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റെയും സാമ്പത്തിക മേധാവിത്വത്തെ മിറകടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിക്‌സ് സമ്മേളനം ആരംഭിച്ചത്.

ഇന്ത്യ കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ കണ്ട എറ്റവും ശക്തമായ ഭരണകൂടമാണു മോദിയുടേത്. ബിജെപിക്ക് ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുളളതിനാല്‍ മുന്നണി സംവിധാനത്തിന്റെ സമ്മര്‍ദ്ദങ്ങളേയും വിലപേശലുകളേയും മോദി നേരിടേണ്ടതില്ല. സോണിയ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോളിനാല്‍ ഭരണം നടത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ നയങ്ങള്‍ രൂപീകരിക്കാനും നടപ്പാക്കാനുമുള്ള അവസരം ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിനുണ്ട്. ഈ അനുകൂല ഘടകങ്ങള്‍ ജനാധിപത്യപരമായി, ജനങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കപ്പെടുമ്പോളത് സമൂഹത്തില്‍ വന്‍വികസനവും പുരോഗതിയും സൃഷ്ടിക്കും. ഭാരതത്തെ ലോകത്തിലെ ഏറ്റവും പ്രബലവും സ്വതന്ത്രവും ശക്തവുമായ ഒരു പരമാധികാര രാഷ്ട്രമായി പരിണമിപ്പിക്കുക എന്നാ മഹാദൗത്യമാണ് മോദിക്കു മുന്നിലുളളത്.

സാമ്പത്തിക നയങ്ങള്‍
സര്‍ക്കാര്‍ എട്ടു മാസം പിന്നിടുമ്പോള്‍, മേല്‍പറഞ്ഞ ലക്ഷ്യങ്ങളുമായി അതിവേഗം മുന്നോട്ടു പോകുന്ന ഒരു പ്രധാന മന്ത്രിയെ നരേന്ദ്ര മോദിയില്‍ കാണാം. എല്ലാ കാര്യത്തിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന പതിവ് പിന്തിരിപ്പന്‍ രീതിയില്‍ നിന്നുമാറി സ്വകാര്യ മൂലധനത്തിന്റെ സഹായത്തോടെ പ്രതിരോധം, നിര്‍മാണം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുകയോ നിബന്ധനകള്‍ ലഘൂകരിക്കുകയോ ചെയ്തുകൊണ്ട് പരമാവധി മൂലധന നിക്ഷേപം നടത്തി തൊഴിലവസരങ്ങളും വികസനവും സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ജീവനാഡിയായ റെയില്‍വേയിലും വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനമായി. ഇന്‍ഷുറന്‍സ് രംഗത്ത് 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഡിസംബര്‍ അവസാന വാരം മോഡി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. വന്‍കിട വികസനങ്ങള്‍ക്ക് വിഘാതമായിരുന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കാതലായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയുണ്ടായി. മുന്‍ നിയമമനുസരിച്ച് പദ്ധതികള്‍ക്കായി ഭൂമിയെറ്റെടുക്കുന്നതിന് പദ്ധതി ബാധിതരില്‍ കുറഞ്ഞത് എണ്‍പതു ശതമാനം പേരുടെയെങ്കിലും അനുമതി വേണമായിരുന്നു. തന്ത്രപ്രധാനമായ പ്രതിരോധമുള്‍പ്പെടെയുളള 5 മേഖലകളിലെ പദ്ധതികള്‍ക്ക് ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ബില്‍ നിയമമാക്കിയത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുളള വ്യവസ്ഥകള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട കരിനിയമങ്ങളുടെ പേരില്‍ വ്യാവസായിക പുരോഗതിയെ തടസ്സപ്പെടുത്തുന്ന നിയമങ്ങള്‍ പൊളിച്ചെഴുതി ജനതാല്പര്യങ്ങളേയും പ്രകൃതിയേയും പരമാവധി സംരക്ഷിച്ചുകൊണ്ടുളള വികസനപരിപാടികള്‍ക്കാണ് മോദി മുന്‍തൂക്കം നല്‍കുന്നത്.

ഭാരതത്തെ സ്വയംപര്യാപ്തമാക്കുന്നതിനും, ഇവിടുത്തെ വ്യവസായവും വിദേശ നിക്ഷേപവും ശക്തിപ്പെടുത്തുന്നതിനുമായി രൂപം നല്‍കിയ ‘മേക്ക് ഇന്‍ ഇന്ത്യ’ ക്യാംമ്പയിന്‍ 2014 സെപ്തംബര്‍ 25 ന് ഉദ്ഘാടനം ചെയതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, ”വിദേശ നിക്ഷേപം സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. അതുപോലെ രാജ്യത്തെ ഓരോ പൗരനേയും വിശ്വസിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നുള്ളത് കൊണ്ടാണ് സ്വയം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന നയം കൊണ്ടു വന്നത്. രാജ്യത്തെ ഉത്പാദനരംഗത്ത് പുത്തനുണര്‍വ്വ് സാധ്യമാക്കി അതിന്റെ നേട്ടം യുവാക്കളിലേത്തിക്കുകയാണ് തന്റെ ലക്ഷ്യം. വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇന്ത്യക്കാര്‍ക്ക് എഫ്ഡിഐ എന്നാല്‍ ഫസ്റ്റ് ഡിവലപ് ഇന്ത്യയാണ്. വ്യവസായ സംരംഭകര്‍ക്ക് ബുദ്ധിമുട്ടുകളും കാലതാമസവും സൃഷ്ടിക്കുന്ന ലൈസന്‍സ് രാജും നിയന്ത്രണങ്ങളും സര്‍ക്കാര്‍ എടുത്തുകളയുന്നതാണ്.”

Modi and Japan's PM Shinzo Abeവികസനത്തിന്റെ പുത്തന്‍ ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാന്‍ സന്ദര്‍ശിച്ച മോദി നിരവധി വന്‍കിട പദ്ധതികള്‍ ഇന്ത്യയില്‍ തുടങ്ങാന്‍ ജപ്പാനീസ് കമ്പനികളെ പ്രേരിപ്പിക്കുകയുണ്ടായി. ടോക്യോയില്‍ അവിടുത്തെ നിക്ഷേപ സമൂഹം സംഘടിപ്പിച്ച സെമിനാറില്‍ ഭാരത സര്‍ക്കാരിന്റെ പുതിയ നയം വ്യക്തമാക്കിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു,”ഇന്ത്യയില്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് ചുവപ്പ് നാടകളല്ല, മറിച്ച് ചുവപ്പ് പരവതാനിയാണ്. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയാണ്. വിദേശ നിക്ഷേപകര്‍ക്കായി ഇന്ത്യ നയങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരുക്കാന്‍ ഇന്ത്യ തയ്യാറാണ്. കിഴക്കന്‍ നയങ്ങള്‍ക്ക് ഇന്ത്യ പ്രാധാന്യം നല്‍കുന്നത് പോലെ ജപ്പാനില്‍ നിന്നും ഇന്ത്യ അത്തരമൊരു നയം പ്രതീക്ഷിക്കുന്നു. ഇന്ത്യ എന്നത് വലിയൊരു ഉപഭോക്തൃ വിപണിയാണ്. ഇന്ത്യയില്‍ വിദഗ്ദ്ധരായ തൊഴിലാളികളെ വേഗത്തില്‍ ലഭിക്കും. മെട്രോ റെയില്‍ പദ്ധതിക്കായി ഇന്ത്യയില്‍ അമ്പതോളം നഗരങ്ങളാണ് കാത്തിരിക്കുന്നത്. ഒരു മേഖലയില്‍ ഇത്രയും ബിസിനസ് നടക്കുന്ന വേറൊരു രാജ്യത്തെ കാണാന്‍ കഴിയുമോ? ഇന്ത്യയും ജപ്പാനും ചേര്‍ന്നാല്‍ സാമ്പത്തിക രംഗത്ത് പുതിയൊരു ചരിത്രം കുറിക്കാനാവും. അതിനാലാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. ജനാധിപത്യം, ജനസംഖ്യ, ആവശ്യം എന്നിവയുള്ള രാജ്യമാണ് ഇന്ത്യ. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ നാം ഓര്‍മിക്കേണ്ടതാണ്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വികസനം ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യയിലുള്ളത്. അതിനാല്‍ വന്‍കിട, ചെറുകിട വിദേശ നിക്ഷേപങ്ങളെ ഇന്ത്യ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മെയ്ഡ് ഇന്‍ ജപ്പാന്‍ എന്ന് നിരവധി കേട്ടിട്ടുണ്ട്. അത്തരത്തില്‍ ജപ്പാനില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ലായിരുന്നു. ഇനി മുതല്‍ അത് മെയ്ഡ് ഇന്‍ ഇന്ത്യ എന്നറിയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”

ലോക ബാങ്കിനെ വെല്ലാന്‍ ബ്രിക്‌സ് ബാങ്ക്
അമേരിക്കയും യൂറോപ്യന്‍ യൂനിയനും അടക്കി വാഴുന്ന ആഗോള സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുന്ന അതിപ്രധാനമായ ഒരു ചുവടുവെപ്പായാണ് ബ്രസീലില്‍ നടന്ന ‘ബ്രിക്‌സ്’ ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ട ‘ബ്രിക്‌സ് വികസന ബാങ്കി’ന്റെ രൂപവത്കരണം. ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയും ദക്ഷിണാഫ്രിക്കയും അടങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങളിലെ വികസന പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ബാങ്കിന്റെ മാതൃകയില്‍ വികസന ബാങ്ക് രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വെക്കപ്പെട്ട നിര്‍ദേശം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. അമേരിക്കയുടെ സാമ്പത്തിക ഏകാധിപത്യത്തിന് നേരെ ഉയരുന്ന ആദ്യ ശക്തമായ വെല്ലുവിളിയായി മാറാന്‍ കെല്‍പ്പുള്ളതാണ് ‘ബ്രിക്‌സ് ബാങ്ക്’. ചൈനയിലെ ബീജിങ്ങിലാവും ബ്രിക്‌സ് ബാങ്കിന്റെ ആസ്ഥാനമെങ്കിലും ബാങ്കിന്റെ ആദ്യ മേധാവി ഇന്ത്യയില്‍ നിന്നുമായിരിക്കമെന്ന് തീരുമാനിച്ചിട്ടുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം നിലവില്‍ വന്ന ലോക ബാങ്കും ഐ.എം.എഫും അമേരിക്കയുടെ മേധാവിത്വത്തിന് അടിമപ്പെട്ടതു പോലെ ബ്രിക്‌സ് ബാങ്ക് ചൈനീസ് മേധാവിത്വത്തിനടിപ്പെടുമോ എന്ന ആശങ്കയുണ്ട്. ഗ്രൂപ്പില്‍ ചൈനക്കുള്ള മേധാവിത്വവും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈനയെന്നതുമാണ് ഈ ആശങ്കകളുടെ അടിസ്ഥാനം. ഭാരതവും റഷ്യയുമുള്‍പ്പെടെയുളള മറ്റ് അംഗരാജ്യങ്ങളുടെ നിതാന്തജാഗ്രതയും ആത്മവിശ്വാസവും ഈ ആശങ്കകളെ അസ്ഥാനത്താക്കുമെന്ന് കരുതാം.

ഓഹരി വിപണി കുതിക്കുന്നു
5 വര്‍ഷം നീണ്ടുനിന്ന സാമ്പത്തിക മാന്ദ്യം അകലുന്നുവെന്ന സൂചനകള്‍ ശക്തമാവുകയും മുന്‍ യു.പി.എ സര്‍ക്കാറിനേക്കാള്‍ വ്യവസായികള്‍ക്ക് അനുകൂലമാകും നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന വിലയിരുത്തലുകളും ഓഹരി വിപണിക്ക് അപുഗ്രഹമായി. ഇതേതുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരും, 5 വര്‍ഷത്തോളമായി വിപണിയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്ന സാധാരണ നിക്ഷേപകരും ഇന്ത്യയിലെ വിപണികളില്‍ സജീവമായി. ഇപ്പോള്‍ പുതിയ റെക്കോര്‍ഡ് ഉയരങ്ങളിലാണ് ഓഹരി വില സൂചികകള്‍. ഓഹരി വിലകളിലെ കുതിപ്പ് നിക്ഷേപകരുടെ വരുമാനത്തില്‍ പല മടങ്ങ് വര്‍ധനക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ചോദ്യം ചെയ്യപ്പെടുന്ന അമേരിക്കന്‍ മേല്‍കോയ്മ
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെന്ന അമേരിക്കയുടെ നൂറ്റാണ്ടു നീണ്ട അധികാരത്തിന് വെല്ലുവിളി ഉയര്‍ന്നതാണ് 2014 ലെ ഏറ്റവും വലിയ സംഭവ വികാസം. ഇതിന് വഴിയൊരുക്കപ്പെട്ടത് ഏഷ്യയില്‍ നിന്നാണെന്നത് ഇന്ത്യക്കും അഭിമാനിക്കാവുന്ന കാര്യം.

ഐ.എം.എഫിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും ഉയര്‍ന്ന 17.63 ലക്ഷം കോടി ഡോളറിന്റെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനം ചൈന കൈവരിച്ചൂ. 17.41 ലക്ഷം കോടി ഡോളര്‍ ആഭ്യന്തര ഉത്പാദനമുള്ള അമേരിക്കയെ പിന്നിലാക്കിയാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ഉയര്‍ന്ന വളര്‍ച്ച നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനെ പോലുള്ള സാമ്പത്തിക ശക്തികളെ പിന്തള്ളി 17.28 ലക്ഷം കോടി ഡോളറിന്റെ വാര്‍ഷിക മൊത്ത ഉത്പാദനം കൈവരിച്ച ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയെന്നത് നമുക്ക് അഭിമാനാര്‍ഹമായ കാര്യമാണ്.

എണ്ണ വിപണി കൂപ്പുകുത്തുന്നു
ലോക എണ്ണ വിപണി നിയന്ത്രിച്ചിരുന്ന എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ‘ഒപെക്കി’ന് നിയന്ത്രണം നഷ്ടമായതോടെ എണ്ണ വിപണി തകര്‍ച്ചയെ നേരിടുകയാണ്. മുന്‍കാലങ്ങളില്‍ എണ്ണ വിപണിയില്‍ തകര്‍ച്ച പ്രകടമാകുമ്പോള്‍ ഉത്പാദനം നിയന്ത്രിച്ച് വില ഉയര്‍ത്താന്‍ ഒപെക്കിന് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളായ ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം മൂലം എണ്ണ ലഭ്യത ഏറെക്കുറെ പൂര്‍ണമായി നിലച്ചിട്ടും ലോക വിപണിയില്‍ എണ്ണ വില ഉയരുന്നതിനു പകരം കുത്തനെ ഇടിയുകയാണ് ചെയ്തത്.

ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയില്‍ 60 ശതമാനവും ഉപയോഗിക്കുന്ന അമേരിക്കയാണ് എണ്ണ വിലയില്‍ നിര്‍ണായകമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്ത് ഏറ്റവും അധികം എണ്ണ ഉപയോഗിക്കുന്ന രാജ്യം എന്ന പദവിക്കൊപ്പം ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി അമേരിക്ക മാറി. 2005 ല്‍ പ്രതിദിനം ഒരു കോടി വീപ്പ എണ്ണ ഇറക്കുമതി ചെയ്തിരുന്ന അമേരിക്ക ഇപ്പോഴിത് 70 ലക്ഷം വീപ്പയായി കുറച്ചു. അമേരിക്കയിലെ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഈ വന്‍വര്‍ധനവാണ് ലോക വിപണിയിലെ ആവശ്യവും ലഭ്യതയും തമ്മിലുള്ള സമവാക്യമാകെ തെറ്റിച്ചത്. എണ്ണ വിലയിലെ കയറ്റിറക്കങ്ങള്‍ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മിയില്‍ വന്‍ ദുരന്തങ്ങളാണ് ഉണ്ടാക്കിയിട്ടുളളത്. 2014 ല്‍ 50 ശതമാനത്തോളം വിലത്തകര്‍ച്ചയാണ് രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ ഉണ്ടായത്. ബാരലിന് 120 ഡോളറിനടുത്തുണ്ടായിരുന്ന വില കഴിഞ്ഞ ദിവസം 45.15 ഡോളര്‍ വരെ താഴ്ന്നു. ഇതുമൂലം ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി തവണ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെയെല്ലാം വില കുറക്കുകയുണ്ടായി. ഭാവിയില്‍ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവ് നമ്മെ ഭീഷണിപ്പെടുത്താതിരിക്കണമെങ്കില്‍ നാമും നമ്മുടെ ആഭ്യന്തര എണ്ണ ഉല്പാദനം വര്‍ദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണ്.

ഐ.എം.എഫ് (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്നത്തെ രീതിയില്‍ ഇന്ത്യ മുന്നോട്ടു പോവുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം (2016) നാം വ്യവസായിക വളര്‍ച്ചയുട കാര്യത്തില്‍ ചൈനയെ പിന്നിലാക്കുമെന്നാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.3% ആണെങ്കില്‍ ഇന്ത്യയുടേത് 6.5% ആകും (ജനുവരി 26, 2015, എക്കണോമിക് ടൈംസ്). ഇന്‍ഷുറന്‍സ്, റെയില്‍വേ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ വിദേശപങ്കാളിത്വം ഉറപ്പുവരുത്തുന്നതും, തൊഴില്‍ നിയമങ്ങള്‍, ഗുഡ്‌സ് & സര്‍വീസ് ടാക്‌സ്, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയിലെല്ലാം വരുത്തുന്ന കാതലായ പരിഷ്‌കാരങ്ങളും, പുതുതായി ആരംഭിക്കുന്ന 100 സ്മാര്‍ട്ട് സിറ്റികളും, പുതിയ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രോജക്ടുകളുമെല്ലാം ഭാരതത്തിന്റെ വ്യാവസായിക പുരോഗതിയെ അതിവേഗത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

obama-modi-hyderabad-houseഅമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ റിപ്പബ്ലിക്ദിന സന്ദര്‍ശനം ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢതരമാക്കി. ഇത് ചൈനയെപ്പോലും ചൊടിപ്പിച്ചുവെന്ന് അവരുടെ പ്രസിഡന്റ് ഇന്ത്യന്‍ പ്രസിഡന്റിന് അയച്ച റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരേ സമയം ചൈനയും അമേരിക്കയും ആയി സൗഹാര്‍ദ്ദം പുലര്‍ത്തിക്കൊണ്ട് സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും അഭിമാനവും അടിയറവെയ്ക്കാതെതന്നെ മുന്നോട്ടു ചുവടുവെക്കണമെന്നതാണ്.

വരട്ടുപിന്തിരിപ്പന്‍കാളവണ്ടിയുഗ ചിന്തകളുടെ പിടിയിലമര്‍ന്ന കാലഹരണപ്പെട്ടതും പരാജയപ്പെട്ടതുമായ പുരോഗമനവിപ്ലവ(?) തത്വശാസ്ത്രങ്ങളില്‍ ഇന്നും അന്ധമായി അഭിരമിക്കുന്ന ഇടതുപക്ഷക്കാരും, ഭരണം നഷ്ടമായി അണികളും നേതാക്കളും കൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന സോണിയാ കോണ്‍ഗ്രസുകാരും ഭാരതം കൈവരിക്കുന്ന സാമ്പത്തിക പുരോഗതിയെ ആശങ്കകളോടെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇക്കൂട്ടര്‍ക്ക് സ്വന്തം അണികളുടെ പോലും പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നാണ് പൊതുജനാഭിപ്രായങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടാണ് ഇക്കൂട്ടര്‍ ഗ്രാമീണയായ ഒരു കേന്ദ്രമന്ത്രിയുടെ അപക്വമായ പ്രസംഗത്തിന്റെയും, യുപിയിലും കേരളത്തിലും നടന്ന ചില പുനഃമതപരിവര്‍ത്തനങ്ങളുടേയും പേരില്‍ ദിവസങ്ങളോളം ലോകസഭയും രാജ്യസഭയും സ്തംഭിപ്പിച്ച് അടിയന്തിരപ്രാധാന്യമുളള നിയമങ്ങള്‍പോലും പാസാക്കാന്‍ അനുവദിക്കാതിരുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളും വിദേശനയതന്ത്ര വിജയങ്ങളുമെല്ലാം മറച്ചുവെയ്ക്കാനോ പരിഹസിക്കാനോ ആണ് ഇക്കൂട്ടര്‍ വൃഥാശ്രമിക്കുന്നത്. ജനം ഇവര്‍ക്കു പിന്നിലില്ലെന്നാണ് ബിജെപി വിരുദ്ധമാധ്യമങ്ങള്‍പോലും പറയുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം പേരുകേട്ട മോദിവിരുദ്ധ പത്രമായ ടൈസ് ഓഫ് ഇന്ത്യ നടത്തിയ ഒരു സര്‍വേയുടെ ഫലം ജനു. 1 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിലവര്‍ പറയുന്നത് 15-ാമത് ഭാരത പ്രധാനമന്ത്രിയായ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം പ്രതീക്ഷക്കൊത്തുയര്‍ന്നുവെന്നാണ.് 78% പേരും സര്‍ക്കാരിനോടുളള ജനങ്ങളുടെ ആഭിമുഖ്യം ഇപ്പോഴും നിലനില്‍ക്കുന്നതായി പറഞ്ഞു. 82% മോദിയുടെ വിദേശ നയത്തെ അഭിനന്ദിക്കുന്നു. 71% പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിക്ക് വന്‍ജനപിന്തുണയാണ് ലഭിച്ചത്. കളളപ്പണം തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെന്ന് 74% പേരും വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചുവെന്ന് 42% പേര്‍. 32% പേര്‍ കളളപ്പണം തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടു എന്ന അഭിപ്രായക്കാരുമാണ്. സര്‍ക്കാര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നുവെന്ന അഭിപ്രായപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഭാരതം ഒരു സുശക്തവും സമ്പന്നവും വികസിതവുമായ രാജ്യമായി മാറുമെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ല. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗ്ഗീയപ്രീണനങ്ങളും കൊണ്ട് കലുഷിതമായിരുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ഒരു നല്ല ഭാവിയ്ക്കുവേണ്ടി മുഴുവന്‍ ജനതയും കൈകോര്‍ത്തുപിടിച്ച് മുന്നേറിയാല്‍ ഭാരതത്തിന്റെ ഭാവി ശോഭനമായിത്തീരുന്നതാണ്.

About Managing Editor