Home / News / Features / നൂറ്റവന്‍പാറയില്‍ വെളളംകുടി മുട്ടിച്ച് നിലം നികത്തല്‍

നൂറ്റവന്‍പാറയില്‍ വെളളംകുടി മുട്ടിച്ച് നിലം നികത്തല്‍

കുടിവെളള പദ്ധതിക്ക് ഭീഷണി : നാട്ടുകാര്‍ പ്രക്ഷോഭണത്തിനൊരുങ്ങുന്നു

ചെങ്ങന്നൂര്‍ : പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറ കുടിവെളള പദ്ധതിക്ക് നിലം നികത്തല്‍ ഭീഷണിയാകുന്നു. കിണറിനും പമ്പ് ഹൗസിനും ഭീഷണി ഉയര്‍ത്തിയാണ് സ്വകാര്യ വ്യക്തികള്‍ നിലവും നീര്‍ത്തടവും നികത്തുന്നത്. കുടിവെളള പദ്ധതിക്കുവേണ്ടി ജലം സംഭരിക്കുന്നത് ഇപ്പോള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്ന പാടത്തിന്റെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന കിണറ്റില്‍ നിന്നാണ്. കിണറും പമ്പ് ഹൗസും ഉള്‍പ്പെട്ട മൂന്നര ഏക്കറോളം വരുന്ന നിലവും അതിനോട് ചേര്‍ന്ന നീര്‍ച്ചാലുകളുമാണ് നികത്തിക്കൊണ്ടിരിക്കുന്നത്. നികത്തുന്ന ഇടത്ത് തെങ്ങിന്‍ തൈകള്‍ വെച്ച് ഇവിടം കരഭൂമിയാക്കി വില്പന നടത്താനുളള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. കുടിവെളള പദ്ധതിയുടെ കിണറ്റിലേക്കുളള ഉറവക്കണ്ണികള്‍ അടര്‍ന്ന് ജലസ്രോതസ്സ് ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇപ്പോള്‍ കിണറില്‍ ജലനിരപ്പ് കുറഞ്ഞു വരികയാണ്. പമ്പു ചെയ്യുന്ന വെളളം ചേറ് കലങ്ങിയ നിലയിലുമാണ്. ചെളിവെളളം സംഭരിച്ചുവെച്ച് മണിക്കൂറുകള്‍ക്കു ശേഷം തെളിയൂറ്റിയാണ് ഇപ്പോള്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നത്. പാടശേഖരത്തിന് തെക്ക് അരികിലൂടെ കിഴക്ക് പടിഞ്ഞാറ് സമൃദ്ധമായി ഒഴുകിയിരുന്ന തോട് നേരത്തെ അനധികൃതമായി നികത്തി ചിറ പിടിച്ച് റോഡാക്കി മാറ്റിയിരുന്നു. ക്രിസ്ത്യന്‍ കോളേജിന് സമീപത്തുനിന്ന് ആരംഭിച്ച് നാല് കിലോമീറ്ററോളം ഒഴുകി ഓര്‍ക്കോട്ട് ചാലില്‍ അവസാനിക്കുന്നതായിരുന്നു ഈ തോട്. ഇതിന്റെ കനിവില്‍ ഏക്കറുകണക്കിന് വരുന്ന നെല്‍ വയലുകളും അടുത്ത കാലം വരെ നൂറ് മേനി വിളവ് നല്കിയിരുന്നു. നീര്‍ച്ചാല്‍ ഇല്ലാതായതോടെ നെല്‍കൃഷിയേയും ബാധിച്ചു. അതോടെ തരിശായി മാറിയ പാടശേഖരത്തിന്റെ അവശേഷിക്കുന്ന ഒരു ഭാഗമാണ് ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. വലിയ 3 പാറകളും അതിനോട് ചേര്‍ന്ന പാറക്കൂട്ടങ്ങളും നിറഞ്ഞ നൂറ്റവന്‍പാറ പ്രദേശത്ത് കിണര്‍ കുഴിക്കുക അസാദ്ധ്യമാണ്. അതിനാല്‍ ഇവിടുത്തെ കുടിവെളള പ്രന്‌നം പരിഹരിക്കുന്നതിന് നാല് ദശാബ്ദങ്ങള്‍ക്കു മുന്‍പ് മലയുടെ അടിവാരത്ത് കിണര്‍ കുഴിച്ച് അതില്‍ നിന്നും ജലവിതരണം നടത്തുന്ന കുടിവെളള പദ്ധതി ഒരുക്കുകയായിരുന്നു. പുലിയൂര്‍ പഞ്ചായത്തിലേയും സമീപ നഗരസഭാ വാര്‍ഡുകളിലും ഉള്‍പ്പെട്ട അഞ്ഞൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. നിലം നികത്തലിന് ആര്‍.ഡി.ഓയുടെ നിരോധന ഉത്തരവ് നിലവിലുളളതാണ്. എന്നിട്ടും തണ്ണീര്‍ത്തടങ്ങളും മറയുന്ന തരത്തില്‍ ഇവിടെ നടക്കുന്ന നിലം നികത്തല്‍ ബദ്ധപ്പെട്ട അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കുടിവെളളം മുട്ടിച്ചുളള നിലം നികത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭണത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

About Managing Editor

Leave a Reply