Don't Miss
Home / News / Features / പുരാണപുണ്യമായി പാണ്ഡവന്‍ പാറ : വികസനസാദ്ധ്യതകളേറെ

പുരാണപുണ്യമായി പാണ്ഡവന്‍ പാറ : വികസനസാദ്ധ്യതകളേറെ

pandavan-para-1

പാണ്ഡവന്‍ പാറ

ഐതീഹ്യത്തിന്റെ ഉറവ തേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് ചെങ്ങന്നൂരിലുളള പാണ്ഡവന്‍ പാറ. ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൂറ്റന്‍ പാറക്കൂട്ടമാണ് ഐതീഹ്യങ്ങളുറങ്ങുന്ന പാണ്ഡവന്‍ പാറ. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നതായി പറയുന്ന ചെങ്ങന്നൂരിലെ ഈ പാറക്കൂട്ടവും അതിനു മുകളില്‍ നിന്നും നീല വിതാനിച്ചപോലെ കാണുന്ന പുറം ലോകത്തിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികളേയും തീര്‍ത്ഥാടകരേയും അത് മാടിവിളിക്കുകയാണ്. എന്നാല്‍ ടൂറിസം വകുപ്പും സാംസ്‌കാരിക വകുപ്പും ഈ മേഖലയെ ഇന്നും അവഗണിക്കുകയാണ്. വികസനത്തിന്റെ കാലൊച്ച കാത്തിരിക്കുന്ന ഈ പ്രദേശത്തേക്ക് ഒന്നര ദശാബ്ദങ്ങള്‍ക്കു മുന്‍പ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സഹായ ഹസ്തവുമായി എത്തിയിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. അതിശയോക്തി കലര്‍ത്തി സൂതര്‍ പാടിയ പാട്ടുകളുടെ പാഠഭേദമാകാം ഈ പാണ്ഡവന്‍ പാറ. ഐതീഹ്യങ്ങള്‍ ചൂഴ്ന്നു നില്കുന്ന ഭീമന്റെ കാല്പാദങ്ങള്‍, മുറുക്കാന്‍ ചെല്ലം, സിംഹാസനം, താമര ആകൃതിയിലുളള സ്തൂപങ്ങള്‍, ആനയുടെ ആകൃതിയിലുളള പാറ, 2 കിലോമീറ്റര്‍ കിഴക്കുളള നൂറ്റവന്‍ പാറയില്‍ നിന്നും ഇങ്ങോട്ട് എറിഞ്ഞുവീഴ്തിയതെന്ന് കരുതുന്ന കൂറ്റന്‍ പാറകള്‍ ഇവയെല്ലാം സഞ്ചാരികളുടെ മനംകവരുന്നവയാണ്. കല്ലെടുത്ത് ഇടിച്ചാല്‍ ”ഡും… ഡും…” എന്ന ശബ്ദം കേള്‍ക്കുന്ന വലിയ ഒരു പാറയെ നാട്ടുകാര്‍ ഭീമന്റെ മദ്ദളമായി കാണുന്നു. പടിപ്പുര എന്നു പറയപ്പെടുന്ന പാണ്ഡവരുടെ വിശ്രമ സങ്കേതം ഒരു സ്തൂപം കണക്കെ നിലകൊളളുന്നു. രണ്ട് മീറ്റര്‍ വ്യാസവും 5 മീറ്റര്‍ ഉയരവുമുളള കുടയുടെ ആകൃതിയിലാണ് ഇത്. ഇവിടെ ഒരു ഭാഗത്ത് 10 പേര്‍ക്ക് ഒരേസമയം ഇരുന്ന് വിശ്രമിക്കാനും മറുഭാഗത്ത് 5 പേര്‍ക്ക് ഉറങ്ങാനുമുളള സൗകര്യത്തോടുകൂടിയ സ്‌നാന മണ്ഡപമായി പടിപ്പുര ഇന്നും ഉയര്‍ന്നു നില്കുന്നു. പാറക്കെട്ടുകള്‍ക്കു മുകളില്‍ ജലസ്രോതസ്സുകളുണ്ട്. ഇതിനെ കന്യാകുമാരിയെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഏത് കൊടും വരള്‍ച്ചയിലും ഈ കുളം വറ്റില്ലത്രെ! ഇവിടെ നിന്നും 100 മീറ്റര്‍ വടക്ക് കിഴക്കു മാറിയാണ് തീര്‍ത്ഥക്കുളം. ചെങ്ങന്നൂരിലെ പാണ്ഡവന്‍ പാറയും സമീപ

താമരപ്പാറ

താമരപ്പാറ

പ്രദേശങ്ങളുമുള്‍പ്പെടെ അഞ്ചര ഹെക്ടര്‍ സ്ഥലമാണ് മുന്‍പ് ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറാന്‍ പദ്ധതിയിട്ടിരുന്നത്. ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക്, വിശ്രമസങ്കേതം എന്നിവയും വിഭാവനം ചെയ്തിരുന്നു. പാറയുടെ നെറുകയില്‍ ഒരു ക്ഷേത്രവുമുണ്ട്. പഞ്ചപാണ്ഡവന്‍മാരുടെ തേവാര മൂര്‍ത്തിയായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. കെ.പി.എം.എസിന്റെ ഉടമസ്ഥതയിലുളള ഈ ക്ഷേത്രത്തില്‍ മീന മാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഉത്സവം. ഈ ക്ഷേത്രത്തിലെ നിത്യാരാധനയ്ക്കും ഉത്സവാഘോഷങ്ങള്‍ക്കും മറ്റും ടൂറിസം വികസനം തടസ്സം സൃഷ്ടിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍തല പദ്ധതികള്‍ക്ക് വിഘാതമാകുന്നതെന്ന് പറയുന്നു.

About Managing Editor

Leave a Reply