Home / News / Features / പുഴകളാല്‍ സമ്പന്നമായിട്ടും കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമങ്ങള്‍

പുഴകളാല്‍ സമ്പന്നമായിട്ടും കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമങ്ങള്‍

ചെങ്ങന്നൂര്‍: ഒരുകാലത്ത് നദികളും മലകളും നീര്‍ച്ചോലകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ചെങ്ങന്നൂര്‍ താലൂക്കിലെ ഗ്രാമങ്ങള്‍ ഇന്ന് ശുദ്ധജലത്തിനായി കേഴുകയാണ്. പമ്പാ അച്ചന്‍ കോവില്‍ നദികള്‍ അതിര്‍വരമ്പായി ഒഴുകിയിരുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണി, ചെറിയനാട്, ആല, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മുളക്കുഴ ഗ്രാമ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലുമാണ് ശുദ്ധജല ദൗര്‍ലഭ്യം രൂക്ഷമായിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഗ്രാമങ്ങള്‍ മണ്ണ്, മണല്‍ മാഫികളുടെ പിടിയിലമര്‍ന്നതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം.women-quied-for-water

മദ്ധ്യതിരുവിതാംകൂറിലെ ജലശുദ്ധജല വാഹിനിയായ പമ്പാനദിയിലെ അനധികൃത മണല്‍ വാരല്‍ മൂലം നദിയുടെ കരകളായ ഇടനാട്, മംഗലം, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ വീടുകളിലെയും കിണറുകളിലെ ജലം താഴ്ന്ന നിലയിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് പോലും കുടിവെള്ളമെന്നത് കിട്ടാക്കനിയായി മാറും. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ചെങ്ങന്നൂര്‍ ആലാ പഞ്ചായത്തിലെ കുതിരവട്ടം, കിണറുവിള, വാളാപ്പുഴ, മലമോടി, കുറ്റിയില്‍ ഭാഗം, മോടിയില്‍ ഭാഗം, എതിരേപ്പിന്‍മോടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളം പോലും ലഭിക്കാതെ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ ഇത്തരം പ്രദേശങ്ങളില്‍ അധികൃതര്‍ വാഹനങ്ങളില്‍ ജലം എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് ഇവിടുത്തെ ജനങ്ങളെ വലച്ചിരിക്കുന്നത്. ജലം എന്നത് കിട്ടാക്കനിയായതോടെ ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളായ പാണ്ടവന്‍പാറ, നൂറ്റവന്‍പാറ അങ്ങാടിക്കല്‍മല, ചെട്ടിയാന്‍ മോടി എന്നിവിടങ്ങളിലെ ആളുകള്‍ കുടിവെളളത്തീനായി നെട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടുണ്ട്. നിരവധി കോളനികള്‍ ഉള്ള ഈ പ്രദേശങ്ങളില്‍ പാണ്ടവന്‍പാറയില്‍ താഴാന്തറ കോളനിയില്‍ വാട്ടര്‍ അതോറിറ്റിയുടെ കല്ലുവരമ്പ് റോഡിലെ കിണറ്റില്‍ നിന്നും ജലം പമ്പുചെയ്യുന്നതാണ് ഏകആശ്രയം. ഈ കുടിവെള്ളത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട ഗതികേടിലുമാണ് ഇവര്‍.വെണ്മണി ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ ചാങ്ങമല, പാറച്ചന്ത, കക്കട, ഭാഗങ്ങളിലും സ്ഥിതി മറിച്ചല്ല.
പുലിയൂര്‍ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന നൂറ്റവന്‍പാറ, ഹാച്ചറി ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. വീട്ടുകാര്‍ ഇവിടെ എത്തുന്ന സ്വകാര്യ കുടിവെള്ള ലോറിക്ക് ഉയര്‍ന്ന തുക നല്‍കി കുടിവെള്ളം ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്,മുളക്കുഴ പഞ്ചായത്തില്‍ നടക്കുന്ന അനധികൃതമണ്ണെടുപ്പാണ് ഈ ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പ്രധാനകാരണമായി മറുന്നത്. കൊഴുവല്ലൂര്‍, അറന്തക്കാട്, കളരിത്തറ, ആക്കനാട്ട് പടി, വലക്കടവും പാട്ട്, കണ്ണങ്കരമോടി, വാഴയില്‍ ഭാഗം, അരീക്കര എന്നിവിടങ്ങളിലാണ് പ്രധാനമായും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. മണ്ണ് മാഫിയകള്‍ക്ക് ഒത്താശ നല്‍കുന്ന റവന്യൂ വകുപ്പാകട്ടെ ഇതുമൂലം ഉണ്ടാകുന്ന കുടിവെളള ക്ഷാമത്തിന് പരിഹാരം കാണാന്‍ തയ്യാറാകുന്നുമില്ല.
ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ പരിഭ്രമല, ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലും കുടിവെള്ളത്തിനായുള്ള മുറവിളി തുടങ്ങികഴിഞ്ഞു. നഗരത്തിലെയും അവസ്ഥ മറ്റൊന്നല്ല. ഇവിടങ്ങളിലേക്ക് ജലം എത്തിക്കുന്നത് മിത്രപ്പുഴക്കടവിന് സമീപമുള്ള ടാങ്കില്‍ നിന്നും, കുന്നത്ത്മലയില്‍ സ്ഥാപിച്ച ടാങ്കില്‍ നിന്നുമാണ്. എന്നാല്‍ മിത്രപ്പുഴക്കടവിലെ പമ്പ്ഹൗസില്‍ രണ്ട് Water-Tank-Webമോട്ടോറുകള്‍ ഉണ്ടെങ്കിലും, ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ പമ്പുസെറ്റും ഏതാനും ദിവസം മുന്‍പ് കേടായതോടെ നഗരത്തിലേയും മറ്റ് പ്രധാന ഭാഗങ്ങളിലേക്കുമുള്ള ജലവിതരണം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്. കുന്നത്ത് മലയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്കിന് കാലങ്ങളുടെ പഴക്കത്തെതുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഇതില്‍ നിറക്കുന്ന ജലത്തില്‍ പകുതിയും ചോര്‍ന്നുപോകുന്നത് ജലവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒരുകാലത്ത് പമ്പയുടെ കൈവഴിയായി ഒഴുകിയിരുന്ന വരട്ടാറും, അച്ചന്‍കോവിലാറിന്റെ കൈവഴിയായ ഉത്രപ്പള്ളിയാറും ഇന്ന് കൈയ്യേറ്റക്കാരുടെയും മണ്ണ്മണല്‍ മാഫിയാകളുടെയും പിടിയിലമര്‍ന്ന് ഒരു ഓര്‍മ്മയായി മാത്രം അവശേഷിക്കുകയാണ്.
ചെങ്ങന്നൂരിനടുത്ത് ഓതറ പുതുക്കുളങ്ങരയില്‍ നിന്നാണ് പമ്പയുടെ കൈവഴിയായ വരട്ടാര്‍ ആരംഭിക്കുന്നത്. കുറ്റൂര്‍, തൈമറവുംകര, തലയാര്‍, തിരുവന്‍വണ്ടൂര്‍ വഴി ഇരമല്ലിക്കരയിലെത്തി മണിമലയാറ്റില്‍ ചെന്നു ചേരുന്ന ഈ നദി ഇപ്പോള്‍ മരണമടഞ്ഞ നടികളുടെ പട്ടികയിലാണ്. വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുമ്പോള്‍ മാത്രമേ 16 കി.മീറ്റര്‍ ദൈര്‍ഘ്യമുളള വരട്ടാറിലൂടെ വെളളം ഒഴുകാറുളളു. മറ്റ് സമയങ്ങളില്‍ അങ്ങിങ്ങ് വെളളക്കെട്ടായും പുല്ലു വളര്‍ന്നും പായല്‍ മൂടിയും കിടക്കുന്ന വരട്ടാര്‍ മണല്‍ വാരല്‍ മൂലമുണ്ടായ വിപത്തിന്റെ ഒരു സാക്ഷ്യപത്രമാണ്. വരട്ടാറിന്റെ തീരത്ത് തിരുവന്‍വണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുള്‍പ്പെടെയുളള നാല് പ്രധാന ക്ഷേത്രങ്ങളിലെ താളിയോല ഗ്രന്ഥങ്ങളില്‍ ഈ നദിയെപറ്റി പരാമര്‍ശിക്കുന്നുണ്ട്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനനാണ് പമ്പക്കൊരു കൈവഴിയായി ഈ നദിയെ ഉണ്ടാക്കിയതെന്ന് ഐതീഹ്യങ്ങളില്‍ പറയുന്നു. കഥയെന്തുതന്നെയായാലും നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ഈ നദി ഇല്ലാതായതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്‍പ്പെട്ട മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്ന നൂറു കണക്കിന് ഹെക്ടര്‍ കൃഷിയഭൂമി തരിശിടേണ്ട സ്ഥിതിയാണിന്ന്.
അച്ചന്‍ കോവില്‍ നദിയുടെ കൈവഴിയായ ഉത്രപ്പള്ളിയാര്‍ വെണ്മണി പഞ്ചായത്തില്‍ നിന്നും ആരംഭിച്ച് വെണ്മണി,ആല, പുലിയൂര്‍,ചെറിയനാട്, ബുധനൂര്‍, പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് ജീവദായിനി ആയി ഒഴുകിയിരുന്നു. ഉത്രപ്പള്ളിയാര്‍ കൈയേറ്റക്കാരുടെ പിടിയിലമര്‍ന്നതോടെ ഈ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ ഇന്ന് തരിശ് ഭൂമിയായി മാറിയിരിക്കുകയാണ്. ഈ നദികളുടെ വീണ്ടെടുപ്പും, മാഫിയാ സംഘങ്ങളുടെ നിയമലംഘന പ്രവര്‍ത്തനത്തിനും തടയിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ആര്‍ജ്ജവമായ ഇടപെടലുകളും നടപടികളും പ്രതീക്ഷിക്കുയാണ് ഗ്രാമവാസികള്‍.

About Managing Editor

Leave a Reply