Don't Miss
Home / News / Features / ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ ആദരാഞ്ജലികള്‍

ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ ആദരാഞ്ജലികള്‍

സുധീര്‍ നീരേറ്റുപുറം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍

പ്രൊഫ.എന്‍. രാജശേഖരന്‍

പ്രൊഫ.എന്‍. രാജശേഖരന്‍

(69) 18 മാര്‍ച്ച് 2016 രാത്രി 11.50 ന് നിര്യാതനായി. 19 മാര്‍ച്ച് 2016 വൈകിട്ട് 3 മണിയ്ക്ക് ഭൗതിക ശരീരം പത്തനംതിട്ട ജില്ലയിലെ ഓതറ ചെറുകര പുത്തന്‍പുരയില്‍ വീട്ടില്‍ (പുതുക്കുളങ്ങര) കൊണ്ടുവന്നു. 20.03.2016 രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
1946 ഡിസംബര്‍ നാലിന് സി.എ. കേശവന്‍നായരുടെയും എല്‍.ഭാരതിയമ്മയുടെയും മകനായാണ് രാജശേഖരന്‍നായരുടെ ജനനം. 1963-ല്‍ ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം നടത്തുമ്പോഴാണ് ആര്‍എസ്എസ് വിദ്യാര്‍ത്ഥി ശാഖയില്‍ എത്തുന്നത്. തുടര്‍ന്ന് 1974-ല്‍ ഐടിസിയും, 75-ല്‍ ഒടിസിയും കഴിഞ്ഞു. വിവിധ എന്‍.എസ്.എസ് കോളേജുകളില്‍ ഫിസിക്‌സ് വിഭാഗം അധ്യാപകനായിരുന്ന ഇദ്ദേഹം ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നിന്നാണ് വിരമിച്ചത്. ശബരിഗിരി വിഭാഗ് രൂപീകരിച്ച 1989 മുതല്‍ സംഘചാലക് ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. നേരത്തെ ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് കാര്യവാഹ്, ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ്, കോട്ടയം വിഭാഗ് കാര്യവാഹ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥകാലത്ത് പോലീസിന്റെ ഭീകരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇത് സംസാരശേഷിയേയും ബാധിച്ചിരുന്നു. 1975 ഡിസംബര്‍ ഒന്‍പതിന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തിരുവല്ല, ആലപ്പുഴ നോര്‍ത്ത്, സൗത്ത്, കായംകുളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ച ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയുമായിരുന്നു. പിന്നീടുള്ള നരകജീവിതം അവസാനിച്ചത് 1977 ഫെബ്രുവരി എട്ടിനായിരുന്നു. നിലയ്ക്കല്‍ പ്രക്ഷോഭണത്തിനും മറ്റും നിര്‍ണ്ണായകമായ പങ്കാണ് ഇദ്ദേഹം വഹിച്ചിരുന്നത്. ശാസ്ത്രീയതത്വങ്ങളുടെ അടിത്തറയിലുറച്ചു നിന്നുകൊണ്ടുളള ഹിന്ദുത്വത്തെ ആസ്പദമാക്കിയുളള ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍/ബൗദ്ധിക്കുകള്‍ എതിരാളികളുടെ പോലും ശ്രദ്ധയാകര്‍ഷിക്കുന്നവയായിരുന്നു. ആര്‍എസ്എസിന്റെയും മറ്റ് വിവിധക്ഷേത്ര സംഘടനകളുടേയും ശക്തമായ മുന്നേറ്റത്തിന് രാജശേഖരന്‍ സാര്‍ ബൃഹത്തായ സംഭാവനകളാണ് നല്കിയിട്ടുളളത്. സംഘത്തിന്റെ വിഭാഗ് സംഘചാലകനെന്ന നിലയില്‍ വളരെക്കാലം പ്രവര്‍ത്തിച്ച സാറിന്റെ വിയോഗം സംഘടനയ്ക്ക് തീരാത്ത നഷ്ടമാണ് ഉണ്ടാക്കുക. പ്രൊഫ.എന്‍. രാജശേഖരന്‍ സാറിന്റെ പാവനസ്മരണക്കു മുന്നില്‍ അശ്രുകണങ്ങളാല്‍ ഒരായിരം പുഷ്പാഞ്ജലി അര്‍പ്പിച്ചുകൊളളുന്നു.
ഭാര്യ: രാധമ്മ (റിട്ട. അധ്യാപിക). മക്കൾ: പാർവതി, മൈത്രേയി (കിടങ്ങറ എച്ച്എസ്എസ്), ശംഭു (അമൃത എൻജിനീയറിങ് കോളജ്, കൊല്ലം). മരുമകൻ: സുജിത് ഗോപിനാഥ് (എൻജിനീയർ)

About Managing Editor

Leave a Reply