Home / Essays / Culture / ഭാരതകേസരി മന്നത്തു പത്മനാഭന്‍: മാതൃകാ സംഘാടകനും മഹാനായനേതാവും
മന്നത്തു പത്മനാഭന്‍

ഭാരതകേസരി മന്നത്തു പത്മനാഭന്‍: മാതൃകാ സംഘാടകനും മഹാനായനേതാവും

parameswarji

ലേഖകന്‍: പി. പരമേശ്വരന്‍ (ഡയറക്ടര്‍, ഭാരതീയ വിചാരകേന്ദ്രം)

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നൂറാം വാര്‍ഷികവും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 137-ാം ജയന്തിയും ആഘോഷിക്ക െപ്പടുന്ന ഈ സന്ദര്‍ഭം കേരളത്തിലെ ഹിന്ദുസമുദായത്തെ സംബന്ധിച്ചിടത്തോളം ഗഹനമായ ആത്മപരിശോധനയ്ക്ക് ഉപയുക്തമായ അവസരമാണ്. ഏതാഘോഷാവസരത്തിലും ഏതു സംഘടനയായാലും അങ്ങനെ ചെയ്യേണ്ടതാവശ്യമാണ്. എന്തായിരുന്നു സ്ഥാപനത്തിന്റെ ഉദ്ദേശ്യം? ആ ഉദ്ദേശ്യലബ്ധിക്ക് കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ എന്തായിരുന്നു? അവ എത്രകണ്ട് സാഫല്യമടഞ്ഞു? ഇനി എങ്ങനെ മുന്നോട്ടുപോകണം? എന്നീ കാര്യങ്ങള്‍ ഗൗരവബുദ്ധിയോടെ ചിന്തിക്കേണ്ടതും ആവശ്യമെന്നു കണ്ടാല്‍ യുക്തമായ ദിശാവ്യതിയാനം വരുത്തേണ്ടതുമാണ്. നിഗമനങ്ങള്‍ തികച്ചും സത്യസന്ധമാണെങ്കില്‍ മാത്രമേ ഉദ്ദിഷ്ട ഫലപ്രാപ്തി ഉറപ്പാവൂ.

NSS logoനായര്‍ സര്‍വ്വീസ് സൊസൈറ്റിയെപ്പോലെ സുശക്തവും ഇപ്പോള്‍ നൂറുവര്‍ഷം പിന്നിടുന്നതുമായ ഒരു മഹല്‍സംഘടന അതിന്റെ ബീജാവാപം ചെയ്ത് വളമിട്ടു വളര്‍ത്തി ഒരു വടവൃക്ഷമാക്കിത്തീര്‍ത്ത മഹാപുരുഷന്റെ ഉള്‍ക്കാഴ്ചയും തപോനിഷ്ഠയും പ്രയത്‌നശീലവും വിളിച്ചോതുന്നതാണ്. സാദൃശ്യമില്ലാത്ത ഒരു മഹല്‍പ്രസ്ഥാനമാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി. അത് പിന്നിട്ട പാതകള്‍ ക്ലേശഭൂയിഷ്ടങ്ങളായിരുന്നെങ്കിലും അതിന്റെ  നേട്ടങ്ങള്‍  വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനാവൂ.  താല്‍ക്കാലികമായ വിക്ഷോഭങ്ങള്‍ കൊണ്ടോ പ്രകോപനങ്ങള്‍ കൊണ്ടോ പൊടുന്നനെ രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നില്ല നായര്‍ സര്‍വ്വീസ് സൊസൈറ്റി. ആയിരുന്നെങ്കില്‍ അത് എന്നേ നശിച്ചുമണ്ണടിയുമായിരുന്നു! അതിന്റെ ഉദ്ദേശ്യം സ്പഷ്ടവും വളര്‍ച്ച ക്രമാനുഗതവും അതിന്റെ പിന്നിലെ സംഘടനാപടുത്വം  അതുല്യവുമായിരുന്നു. എന്‍.എസ്സ്.എസ്സിന് തുല്യം മറ്റൊരു സംഘടനയില്ല എന്ന അവസ്ഥ കൈവരിക്കാന്‍ സാധിച്ചത് മന്നത്തു പത്മനാഭന് തുല്യം മറ്റൊരു സംഘാടകനില്ല എന്നതുകൊണ്ടുതന്നെയാണ്. കേരളീയര്‍ക്ക് സുപരിചിതനായ മന്നത്തിന്റെ മഹത്വത്തെപ്പറ്റി വിശകലനം ചെയ്ത് വിശദീകരിക്കേണ്ട ആവശ്യമില്ല.

പലപല പടവുകള്‍ ചവുട്ടിക്കയറിയാണ് മന്നത്തു പത്മനാഭനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും സമാന്തരമായി വളര്‍ന്നുവന്നത്. ഇതിന് തെളിവുകള്‍ തേടി എവിടെയും പരതിനടക്കേണ്ടതില്ല. ഒരു കാര്യം സ്പഷ്ടമാണ്. വിശകലിതമായി,തമ്മില്‍തല്ലി, അന്തഃഛിദ്രം മൂലം ദുര്‍ബലമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തിലെ വിഭിന്ന വിഭാഗങ്ങളെ പരസ്പരം യോജിപ്പിച്ച് പ്രബലവും സംഘടിതവുമായ ശക്തിയാക്കി നിര്‍ത്തുക എന്നതുതന്നെ. ഒരു പക്ഷെ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അനാചാരങ്ങളെ വേരോടെ പിഴുതെറിയുകയും തല്‍സ്ഥാനത്ത് കാലത്തിന്റെ ഗതി മനസ്സിലാക്കി ആചാരങ്ങളെ ശാസ്ത്രീയമായി പരിഷ്‌കരിച്ച് അന്ധവിശ്വാസത്തിന്റെയും പരസ്പര വിദ്വേഷത്തിന്റെയും സ്ഥാനത്ത് പുരോഗമനത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും മാര്‍ഗ്ഗത്തില്‍ കൊണ്ടുവരിക എന്നതായിരുന്നു മന്നത്തിന്റെ ലക്ഷ്യം. നിരന്തരമായ സത്യാന്വേഷണബുദ്ധിയോടെ അദ്ദേഹം തന്റെ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി. യാഥാര്‍ത്ഥ്യങ്ങളെ ധീരതയോടെ മുഖാമുഖം നേരിടുകയും വേണ്ടിവരുമ്പോള്‍ അതില്‍ മാറ്റം വരുത്തുകയും ചെയ്യാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു. ആരൊക്കെ എതിര്‍ത്താലും ശരിയുടെ മാര്‍ഗ്ഗം പിന്തുടരുവാന്‍ അദ്ദേഹം ഭയപ്പെട്ടില്ല. അത് അദ്ദേഹത്തിന് എതിരാളികളെ സൃഷ്ടിച്ചിട്ടുണ്ടാവാം. പക്ഷെ ധീരോദാത്തതയോടെ എതിര്‍പ്പുകളെ നേരിടാന്‍ വേണ്ട കഴിവും ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. അതാണദ്ദേഹത്തെ കേവലം അവസരവാദികളും അധികാരമോഹികളും ആയ മറ്റു നേതാക്കന്മാരില്‍ നിന്നു തികച്ചും വ്യത്യസ്തനാക്കുന്നത്.


II

സാമാന്യം വിജയകരമായി വക്കീല്‍പണി നടത്തിക്കൊണ്ടിരുന്ന മന്നത്ത് പത്മനാഭപിള്ള ബാല്യം മുതല്‌ക്കേ പൊതുകാര്യപ്രസക്തനായിരുന്നു. നായര്‍ സമുദായത്തിന്റെ അധ:പതനാവസ്ഥ അദ്ദേഹത്തെ ദു:ഖിപ്പിച്ചിരുന്നു. അധ:പതനകാരണം അനൈക്യവും അനാചാരങ്ങളും ആണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. അവ എങ്ങനെ പരിഹരിക്കണം എന്നതായിരുന്നു പ്രശ്‌നം. സമാനമനസ്‌കരായ മറ്റു പലരുമുണ്ടായിരുന്നു. പക്ഷേ, അന്നത്തെ കാലത്ത് അതീവശ്രമകരമായിരുന്ന ഈ കൃത്യം നിര്‍വ്വഹിക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നിരുന്നില്ല. പൂച്ചയ്ക്ക് ആരു മണികെട്ടും എന്ന പഴയ പ്രശ്‌നം തന്നെ. സംഘടനാപ്രവര്‍ത്തനത്തിന് മുഴുവന്‍ സമയവും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണമെന്ന് ഒരു കൂടിയാലോചനായോഗത്തില്‍ ഉയര്‍ന്നുവന്നു. പക്ഷെ, ആരുമാരും മുന്നോട്ട് വന്നില്ല. ആ സന്ദര്‍ഭത്തിലാണ് മന്നം തന്റെ വക്കീല്‍പ്പണി ഉപേക്ഷിച്ച് പൂര്‍ണ്ണസമയവും സമുദായ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. ‘ഈ പ്രസ്താവന സദസ്യരെ സന്തോഷിപ്പിക്കുന്നതിനു പകരം ബന്ധുശത്രുഭേദം കൂടാതെ എല്ലാവരെയും  വ്യസനിപ്പിക്കുകയും പലരെയും സ്തംഭിപ്പിക്കുകയും ചെയ്തു. എന്റെ അഭ്യുദയകാംക്ഷികളായ ലോലചിത്തന്മാരില്‍ ചിലര്‍ കരയുകകൂടി ചെയ്തു. ഇത് ഒരു സാഹസകൃത്യമാണെന്ന് സ്‌നേഹപൂര്‍വ്വം കുറ്റപ്പെടുത്തിയ ചിലരും ആ കൂട്ടത്തിലുണ്ടായിരുന്നു. വളരെ ആലോചനാപൂര്‍വ്വം ചെയ്ത ഒരു കൃത്യമാണെന്നൊന്നും ഞാന്‍ അഭിമാനിക്കുന്നില്ല. വരേണ്ടതു വന്നു എന്നുള്ളതില്‍ കവിഞ്ഞൊന്നും സമാധാനം പറയാനുമില്ല. ഇതു നടന്നത് 1091 ചിങ്ങമാസം 9-ാം തീയതിയായിരുന്നു. അതില്‍പിന്നെ ഇതുവരെയും ഞാന്‍ ഒരുദിവസവും കോടതിയില്‍ പോയിട്ടില്ല. സര്‍വ്വീസ് സൊസൈറ്റിക്കു പ്രത്യക്ഷമോ പരോക്ഷമോ ആയി ഗുണമുണ്ടാകുന്ന കാര്യങ്ങളിലല്ലാതെ ഇതുവരെ ഇടപെട്ടിട്ടുമില്ല.’ മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, എന്റെ ജീവിതസ്മരണകള്‍, പേജ് -51)

അനാചാരങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എളുപ്പമുള്ള സംഗതിയായിരുന്നില്ല. ഹിന്ദുസമൂഹം മുഴുവന്‍ അന്ധവിശ്വാസജടിലമായിരുന്ന അന്ധകാരയുഗമായിരുന്നു അന്ന്. നമ്പൂതിരി മുതല്‍ നായാടി വരെ ഓരോ ജാതിയും സ്വയംമേധാവിത്വം നടിക്കുകയും തൊട്ടുകീഴിലുള്ളവരെ ചവിട്ടിതാഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു. നായര്‍സമുദായത്തിന് മേല്‍ ബ്രാഹ്മണന്‍ ആധിപത്യം ചെലുത്തുകയും സമുദായത്തിന് അപമാനകരമായ രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. അതു നാട്ടുനടപ്പായി അംഗീകരിക്കപ്പെട്ടുകൊണ്ടിരുന്നു. അതേസമയം സവര്‍ണ്ണരായിരുന്ന നായന്മാര്‍ അവര്‍ണ്ണസമുദായങ്ങള്‍ക്ക് മേല്‍ ക്രൂരമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതേ കഥ താഴെത്തട്ട് വരെ നിലനിന്നിരുന്നു.നായര്‍സമുദായത്തെ ഏകോപിപ്പിക്കുകയും അവരുടെ ഇടയിലെ ദുരാചാരങ്ങളെ അവസാനിപ്പിക്കുകയും ചെയ്യുക വഴി ഇവയ്‌ക്കെല്ലാം അറുതിവരുത്തണമെന്ന് മന്നം ആഗ്രഹിച്ചു. അതായിരുന്നു പൂര്‍ണ്ണസമയമുപയോഗിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിനേര്‍പ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

സമുദായസേവനം കേവലം ഒരു സാമൂഹ്യപ്രവര്‍ത്തനം  മാത്രമാണെന്ന് ഇന്നു പലരും ചിന്തിക്കുന്നതുപോലെ അത്ര ലാഘവബുദ്ധിയോടെ അല്ല മന്നം നോക്കിക്കണ്ടത്.  നേരെമറിച്ച അത് ഈശ്വരീയമായ  ഒരു  ദൗത്യമായാണ് അദ്ദേഹം ഏറ്റെടുത്തത്. അത് ഒരു പുണ്യമുഹൂര്‍ത്തമായി വിശേഷിപ്പിക്കപ്പെടുന്നു. ഭാരതകേസരി മന്നത്തു പത്മനാഭന്‍ എന്ന അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ പ്രിയപൗത്രി ഡോ.എന്‍. സുമതികുട്ടിയമ്മ അതിങ്ങനെ വിവരിച്ചിരിക്കുന്നു. ‘മന്നം തന്റെ ഇംഗിതം ഉടനെ അമ്മയായ പാര്‍വ്വതിയമ്മയെ അറിയിച്ചു. അമ്മ പെട്ടെന്ന് വീടിന്റെ പൂമുഖം വൃത്തിയാക്കി അതിന്റെ നടുവില്‍ തേച്ചുമിനുക്കി ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കു വച്ചു. അതിനുചുറ്റിനും പായ വിരിച്ചു. ഒരു ചെറിയ തൂശനിലയില്‍ കുറച്ചു പൂവും ഭസ്മവും വച്ച് ഒരുക്കം പൂര്‍ത്തിയാക്കി. കേളപ്പന്‍ നായരും മന്നവും ഉള്‍പ്പെടെ 14 പേര്‍ വിളക്കിനു ചുറ്റും നിന്ന്  ഈശ്വരപ്രാര്‍ത്ഥന നടത്തി. സമുദായക്ഷേമത്തിനുവേണ്ടി ഞങ്ങള്‍  ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കും എന്ന് മന്നം ചൊല്ലിക്കൊടുത്ത പ്രതിജ്ഞാവാചകം എല്ലാവരും ഏറ്റുചൊല്ലി. ഈ രംഗത്തിനു സാക്ഷിയായി മന്നത്തിന്റെ എക മകള്‍ ലക്ഷ്മിക്കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങിനെ കൊല്ലവര്‍ഷം 1090 തുലാം 15 ന് (1914 ഒക്‌ടോബര്‍ 31 ) മന്നത്തിന്റെ സുകൃതിനിയായ മാതാവിന്റെ സാന്നിദ്ധ്യത്തില്‍, അവര്‍ കൊളുത്തിയ വിളക്കിന്റെ കുങ്കുമനിറമണിയിച്ച സന്ധ്യാവേളയില്‍ എന്‍.എസ്. എസ്. എന്ന മഹാസംഘടനയുടെ ജാതകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു.’ (ഭാരതകേസരി മന്നത്തു പത്മനാഭന്‍, പേജ്, 58-59)

ഹിന്ദുക്കള്‍ക്കിടയില്‍ എന്തു സാമൂഹികപരിവര്‍ത്തനം വരുത്തണമെങ്കിലും അത് ആദ്ധ്യാത്മികചൈതന്യത്തെ ഉണര്‍ത്തി മാത്രമേ സാധ്യമാകൂ എന്ന് മന്നത്തു പത്മനാഭന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്‍.എസ്സ്.എസ്സ് സ്ഥാപനത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്ന എസ്. എന്‍.ഡി.പി യോഗത്തിന്റെ ഉദാഹരണം ആദ്ദേഹത്തിന്റെ മുമ്പില്‍  ഉണ്ടായിരുന്നു. ഈഴവസമുദായം അനാചാരങ്ങളെ വലിച്ചെറിഞ്ഞ് കാലോചിതമായ സാമൂഹികപരിഷ്‌കാരം വരുത്തി സംഘടിതശക്തിയായി മാറിയത് ശ്രീനാരായണഗുരുദേവന്‍ എന്ന ആദ്ധ്യാത്മികാചാര്യന്റെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും മൂലമായിരുന്നു എന്ന വസ്തുതയും അദ്ദേഹം തിരിച്ചറിഞ്ഞു. ‘എന്റെ ജീവിതസ്മരണകള്‍’ എന്ന ഗ്രന്ഥത്തില്‍ ഈ വസ്തുത അദ്ദേഹം ആദരാതിശങ്ങളോടെ തുറന്നു പറഞ്ഞിട്ടുണ്ട്. ‘ഈഴവസമുദായത്തില്‍ ഇന്നു കാണുന്ന ആത്മീയപ്രചോദനങ്ങള്‍ക്കെല്ലാം കാരണഭൂതനായ ശ്രീനാരായണഗുരുസ്വാമികള്‍ ദീര്‍ഘദൃഷ്ടിയോടുകൂടി താന്‍ ജനിച്ച ഈഴവസമുദായത്തെ സര്‍വ്വതന്ത്രസ്വതന്ത്രമാക്കാനും അവര്‍ക്കാവശ്യമുള്ള എല്ലാ കാര്യങ്ങളും അവര്‍തന്നെ ചെയ്യാനും നേരത്തെകൂട്ടി പലതും ചെയ്തുകൊണ്ടിരുന്നു. എന്റെ ചെറുപ്പത്തില്‍ അദ്ദേഹത്തെ കേട്ടറിഞ്ഞത് നാണു ആശാന്‍ എന്ന പേരിലാണ്. അന്ന് അദ്ദേഹത്തെപ്പറ്റി പല അത്ഭുതകഥകളും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഈഴവരുടെ സാമൂഹ്യപരിഷ്‌ക്കാരങ്ങള്‍ക്കുള്ള പ്രചാരണവും പ്രവൃത്തിയും നടത്തിയത് എസ്.എന്‍ ഡി.പി. യോഗമാണെങ്കിലും അതിന്റെ നിശ്ശബ്ദനേതൃത്വം വഹിച്ചത് നാണുഗുരുസ്വാമികളായിരുന്നു. അദ്ദേഹം എസ്.എന്‍.ഡി.പി.യോഗങ്ങളില്‍ അപൂര്‍വ്വമായേ സംബന്ധിച്ചിരുന്നുള്ളൂ. എങ്കിലും അദ്ദേഹത്തിന് അതുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു. ഈഴവസമുദായ ഐക്യത്തിന്റെ  ഭൗതികരൂപമാണ് എസ്. എന്‍.ഡി.പി. യോഗമെങ്കില്‍ അതിന്റെ ആത്മചൈതന്യമാണ് ശ്രീനാരായണഗുരുദേവന്‍. അദ്ദേഹം ദീര്‍ഘദൃഷ്ടിയുള്ള വിപ്ലവകാരിയായ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവാണെന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ബ്രാഹ്മണനല്ലാതെ മറ്റാര്‍ക്കും കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന് ഇന്നും വിശ്വസിക്കുന്ന ക്ഷേത്രപ്രതിഷ്ഠയും ഈശ്വരപൂജയും കൊടിയേറ്റും ഉത്സവകര്‍മ്മങ്ങളും എഴുന്നള്ളിപ്പും തീണ്ടല്‍നിമിത്തം വഴി നടക്കാന്‍ അനുവാദമില്ലാത്ത ഈഴവരെക്കൊണ്ട് അക്കാലത്തു ചെയ്യിപ്പിച്ച അദ്ദേഹം എത്ര വലിയ ഒരു ധീരാത്മാവാണ്, വിപ്ലവകാരിയാണ്. മഹാത്മാവായ സ്വാമികളെ  മൂന്നാലു പ്രാവശ്യമേ എനിക്കു നേരിട്ടു കാണാനും സംസാരിക്കാനും സന്ദര്‍ഭം കിട്ടിയിട്ടുള്ളൂ, ജന്മോദ്ദേശം സഫലമാക്കീട്ട് ദിവംഗതനായ അദ്ദേഹം ഈഴവരുടെ മാത്രമല്ല, കേരളീയരുടെ എല്ലാംതന്നെ നിത്യസ്മരണീയനായ ഒരു മഹാപുരുഷനാണ്.’ (മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, എന്റെ ജീവിതസ്മരണകള്‍ , പേജ് – 117)

അക്കാലത്ത് ചങ്ങനാശ്ശേരിയില്‍ നിലനിന്നിരുന്ന മറ്റൊരു അവസ്ഥയെയും ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ക്രൈസ്തവപ്രാമുഖ്യമുള്ള പ്രദേശമായിരുന്ന ചങ്ങനാശ്ശേരി എല്ലാ രംഗങ്ങളും കൈയ്യടക്കി പരസ്യമായി തന്നെ അവര്‍ മേധാവിത്വം സ്ഥാപിച്ചിരുന്നു. ഈ ദുരവസ്ഥ മന്നത്തെ വല്ലാതെ ദു:ഖിപ്പിച്ചു. അതിനെതിരെ തുറന്ന പോരാട്ടത്തിന് മന്നം തയ്യാറായി. സമുദായസൗഹാര്‍ദ്ദത്തിന് അദ്ദേഹം എതിരായിരുന്നില്ലെങ്കിലും ആത്മാഭിമാനം പണയം വച്ചുകൊണ്ടുള്ള ഒരു സൗഹൃദവും യഥാര്‍ത്ഥസൗഹൃദമല്ലെന്നും അത് അപമാനകരമായ അടിമത്തമാണെന്നും മന്നം വിശ്വസിച്ചു. അങ്ങനെയാണ് ചങ്ങനാശ്ശേരിയിലെ വിജയദശമി ആഘോഷത്തിന്റെ തുടക്കം. ഈ വസ്തുതകള്‍ മന്നം ജീവിതസ്മരണകളില്‍ വ്യക്തമാക്കുന്നുണ്ട്.

‘ചങ്ങനാശ്ശേരിയില്‍, ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ തിരുനാളാഘോഷം, ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന് നടത്തുക പതിവായിരുന്നു. 1904 ലും പതിവനുസരിച്ച് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ചങ്ങനാശ്ശേരിയില്‍ പൂര്‍ത്തിയായി. സാധാരണയായി കാലത്തും വൈകിട്ടും രണ്ടു യോഗങ്ങള്‍ കൂടുന്നതില്‍  ഒന്നില്‍ ഒരു ഹിന്ദുവും  മറ്റേതില്‍ ഒരു ക്രിസ്ത്യാനിയും അദ്ധ്യക്ഷന്മാരാകും. അതു മിക്കവാറും കൈനിക്കര കുമാരപിള്ളയും കണ്ടങ്കരി കത്തനാരുമായിരിക്കും. അക്കൊല്ലം മുന്നു യോഗങ്ങള്‍ കൂടിയതില്‍ രാവിലെയും ഉച്ചയ്ക്കും അദ്ധ്യക്ഷന്മാരാക്കിയത് രണ്ടു സാധാരണ കത്തനാരന്മാരെയായിരുന്നു. കൈനിക്കരയെ ഒഴിവാക്കിയത് നായന്മാര്‍ക്കു പിടിച്ചില്ലെങ്കിലും മര്യാദയോര്‍ത്ത് അവര്‍ സഹിച്ചിരുന്നു. രാത്രിയില്‍ കൂടിയ യോഗത്തിലേക്ക് കൈനിക്കരയുടെ പേര് ഒരാള്‍ നിര്‍ദ്ദേശിക്കുകയും  മറ്റൊരാള്‍ പിന്‍താങ്ങുകയും ചെയ്തിട്ടും  അതു വകവയ്ക്കാതെ കണ്ടങ്കരിക്കത്തനാര്‍ തന്നെ അദ്ധ്യക്ഷനായി. ക്ഷമാശീലനായ കൈനിക്കര അതില്‍ നിന്നൊഴിവായി എന്ന് പ്രഖ്യാപിച്ചു. വോട്ടിനിട്ടാല്‍ അവിടെയും കത്തനാര്‍ക്ക് ജയമുണ്ടാകുമെന്നുറപ്പായിരുന്നു. ഏതായാലും മന്നത്തിന് ഇത് തീരെ പിടിച്ചില്ല. ഇവിടുത്തെ  ഹിന്ദുക്കളെ അപമാനിക്കുകയും  അവരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്ത ഇന്നത്തെ പ്രവൃത്തിക്കു കീഴടങ്ങാന്‍ ഹിന്ദുക്കള്‍ തയ്യാറല്ല; മേലാല്‍ തിരുനാളാഘോഷം ഹിന്ദുക്കള്‍ പ്രത്യേകം നടത്തും എന്നു പ്രഖ്യാപിച്ചുകൊണ്ട് മന്നം ഹാള്‍ വിട്ടിറങ്ങി. കൈനിക്കര സഹിതം ഹാളിലുണ്ടായിരുന്ന സകല ഹിന്ദുക്കളും പിന്നാലെ ഇറങ്ങി. അതുകൊണ്ട് നായന്മാരെല്ലാവരും ഒറ്റക്കെട്ടായി നിന്ന്  താലൂക്കുനായര്‍ സമാജമുണ്ടാക്കി അതിന്റെ വാര്‍ഷികവും തിരുനാളാഘോഷവും വിജയദശമിദിവസം തന്നെ  കൊണ്ടാടണമെന്നും തീരുമാനിച്ച് യോഗം പിരിഞ്ഞു. യോഗാംഗങ്ങള്‍ എല്ലാവരും  മന്ദിരത്തില്‍ നിന്ന് നേരെ  പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ചെന്ന് ദീപാരാധന തൊഴുതുപ്രാര്‍ത്ഥിച്ച് അവരവരുടെ വീടുകളിലേക്ക് പോയി.

അന്നത്തെ തീരുമാനമനുസരിച്ച് താലൂക്ക് നായര്‍ സമാജമുണ്ടാക്കി. ഇതാണ് എന്‍.എസ്. എസ്സ് താലൂക്കുയൂണിയനായത്. യൂണിയന്‍ യോഗങ്ങള്‍ പിന്നീടെന്നും വിജയദശമി ദിവസം തന്നെയാണ് നടക്കുന്നത്. ചങ്ങനാശ്ശേരി നായന്മാരുടെ ഇടയിലുണ്ടായ ഉണര്‍വ്വിനും സംഘടനാബലത്തിനും കാരണം ഈ വിജയദശമി യോഗങ്ങളായിരുന്നു എന്നതിന് സംശയമില്ല. എന്‍.എസ്.എസ്സിന്റെ ഉത്ഭവത്തിനുപോലും കാരണമായത് ആദ്യമായുണ്ടായ ഈ താലൂക്ക് നായര്‍ സമാജമാണ്.’  (ഭാരതകേസരി മന്നത്തു പത്മനാഭന്‍, പേജ് 56-57)

ഏതു കാര്യത്തിലായാലും താന്‍ ചെയ്യാന്‍ തയ്യാറില്ലാത്ത ഒരു കാര്യവും മന്നം മറ്റുള്ളവരോട് ഉപദേശിച്ചിട്ടില്ല. മറ്റു പല നേതാക്കളെയുംപോലെ അദ്ദേഹത്തിന് ഇരട്ടവ്യക്തിത്വമുണ്ടായിരുന്നില്ല. വിചാരിക്കുന്നത് പറയുക, പറയുന്നത് ചെയ്യുക-അതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം.എടുത്തു പറയേണ്ട ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. പുലയനടക്കം വിവിധ ജാതികളില്‍പ്പെട്ടവരെ ഒരേ പന്തിയിലിരുത്തി വീട്ടില്‍ ഭക്ഷണം കൊടുത്തു. വിളമ്പിയത് സ്വന്തം മാതാവ് തന്നെയായിരുന്നു. ഊണിനു ശേഷം എച്ചിലിലയെടുക്കാന്‍ വേലക്കാരി പോലും തയ്യാറായില്ല. മന്നം സ്വയം അതിന് മുന്നോട്ടു വന്നു. എല്ലാം നോക്കിക്കൊണ്ടു നിന്ന അമ്മ മന്നത്തെ വിലക്കുകയും സ്വയം ആ കൃത്യം നിര്‍വ്വഹിക്കുകയും ചെയ്തു. എല്ലാ നല്ല കാര്യങ്ങളും സ്വന്തം വീട്ടില്‍ നിന്നാരംഭിക്കണം എന്ന മഹത്തായ സന്ദേശം പ്രയോഗത്തില്‍ വരുത്തിയ ആളായിരുന്നു മന്നത്ത് പത്മനാഭന്‍. ജാതിചിന്ത ഹിന്ദുഐക്യത്തിന് തടസ്സമാണെന്ന് ബോധ്യമായപ്പോള്‍ സ്വന്തം പേരിലെ വാല് മുറിക്കാന്‍ തയ്യാറായതും മന്നത്ത് പത്മനാഭനായിരുന്നു. അന്ന് അത് എത്ര വിപ്ലവകരമായ നടപടിയായിരുന്നു എന്ന് ഇന്ന് ഊഹിക്കാന്‍ പോലും പ്രയാസം. പക്ഷെ, ആ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചത് മന്നമായിരുന്നു. പിന്നാലെ മറ്റ് സമുദായാംഗങ്ങളും ആ പാത പിന്തുടരാന്‍ തയ്യാറായി എന്ന് നമുക്കറിയാം.

കകക

മുമ്പ് സൂചിപ്പിച്ചതുപോലെ എന്‍.എസ്സ്.എസ്സിനോടൊപ്പം മന്നം ചവിട്ടിക്കയറിയ പടവുകള്‍ ഏതൊക്കെയെന്ന് ഏതൊരു ചരിത്രവിദ്യാര്‍ത്ഥിക്കും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം മനസ്സിലാക്കാന്‍ തക്കവണ്ണം മന്നം തന്റെ ഡയറിക്കുറിപ്പുകളില്‍ അക്കമിട്ടുനിരത്തിയിട്ടുണ്ട്. ശ്രദ്ധയോടെ അവ പഠിച്ചാല്‍ ഒരു കാര്യം പകല്‍പോലെ വ്യക്തമായി കാണാന്‍ കഴിയും. മുന്‍ഗണന നല്‍കി അദ്ദേഹം സംഘടിപ്പിച്ചത് നായര്‍ സമുദായത്തെ ആയിരുന്നു എന്നതിന് സംശയമില്ല. എന്നാല്‍ അത്രമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. തുടക്കം മുതല്‍ക്കേ അദ്ദേഹത്തിന്റെ  മനസ്സിലുണ്ടായിരുന്നതും പ്രായോഗികമാക്കാന്‍ ശ്രമിച്ചതും മുഴുവന്‍ ഹിന്ദുസമുദായത്തിന്റെയും ഐക്യമായിരുന്നു. ഹിന്ദുമഹാസഭയുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുകയും പെരുന്നയിലെ എന്‍.എസ്സ്. എസ്സ് ആസ്ഥാനത്തേക്ക് ജൂബിലി ആഘോഷവേളയില്‍ ഹിന്ദുമഹാസഭ പ്രസിഡന്റായിരുന്ന വീരസവര്‍ക്കറെ ക്ഷണിച്ചുകൊണ്ടുവരികയും ചെങ്കോട്ട മുതല്‍ ചങ്ങനാശ്ശേരിവരെ വഴിനീളെ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തതായി 1940 മേയ് 4-ാം ദിവസത്തെ ഡയറിക്കുറുപ്പില്‍ മന്നത്തു പത്മനാഭന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, ഡയറിക്കുറിപ്പുകള്‍, പേജ് 876)

ഹിന്ദുഏകീകരണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ടിരുന്ന കേരളഹിന്ദുമിഷന്‍ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും സജീവപ്രവര്‍ത്തകനും ഉന്നതനേതാവുമായിരുന്നു മന്നത്തു പത്മനാഭന്‍. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും വിദ്യാഭ്യാസരംഗത്തും കാര്‍ഷികരംഗത്തും വ്യവസായരംഗത്തും ഒക്കെ പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കുവാനും നിരന്തരമായി സഞ്ചരിക്കുകയും പ്രവര്‍ത്തകരെയും സമ്മേളനങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ജീവിതചര്യകള്‍ക്കിടയിലും ഹിന്ദുമിഷന്‍ പ്രവര്‍ത്തനത്തിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ ഹിന്ദുമതത്തിനും സമുദായത്തിനും എതിരെ, അതിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നവിധത്തില്‍ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ഗര്‍ഹണീയമായ ശ്രമങ്ങളെ അദ്ദേഹത്തിനുമാത്രം സഹജമായ ശക്തമായ ഭാഷയില്‍ മറുപടിപറയാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ചിത്രമെഴുത്ത് വര്‍ഗ്ഗീസിന്റെ ‘പഞ്ചകല്യാണി’എന്ന ഗ്രന്ഥത്തിനെ തലനാരിഴകീറി വിമര്‍ശിച്ചുകൊണ്ട് മന്നത്തുപത്മനാഭന്‍ എഴുതിയ ‘പഞ്ചകല്യാണിനിരൂപണം’ഇന്നും മലയാളത്തിലെ വിമര്‍ശനസാഹിത്യരംഗത്ത് ഒരു കൊടുമുടിപോലെ ഉയര്‍ന്നു നില്‍ക്കുന്നു. സംഘടിതമതത്തിന്റെ ധിക്കാരത്തെ ഒരു പുസ്തകത്തിലൂടെ വിമര്‍ശിക്കുക എന്നതിനപ്പുറം നായര്‍ സമുദായമുള്‍പ്പെടുന്ന ഹിന്ദുജനതയെ മുഴുവന്‍ ഒറ്റ ചരടില്‍ കോര്‍ത്തിണക്കി ഏതു വെല്ലുവിളിയേയും നേരിടത്തക്ക ശക്തിയാക്കി മാറ്റുവാനും മന്നം അശ്രാന്തപരിശ്രമം ചെയ്തു. പല അവസരങ്ങളിലും പച്ചയായ ഭാഷയില്‍ തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്ത് തിരുമുല്ലവാരത്തുവച്ച് നടന്ന എന്‍.എസ്സ്.എസ്സ് കരയോഗരൂപീകരണയോഗത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നെങ്കിലും അത് വകവെക്കാതെ നേരിട്ട് പങ്കെടുത്ത് അദ്ദേഹം ചെയ്ത പ്രസംഗശകലം ഇത്തരുണത്തില്‍ സ്മരണീയമാണ്. ‘നമ്മുടെ സംസ്‌കാരത്തെ എതിര്‍ക്കുന്ന ആരായാലും അവരെ ഇരുത്തിപ്പൊറുപ്പിക്കരുത്. നാം ഒരു ചെറുവൃത്തത്തില്‍ നില്‍ക്കാതെ ഒന്നായി സംഘടിക്കണം. ഹിന്ദുക്കള്‍ നായര്‍, ഈഴവന്‍, ബ്രാഹ്മണന്‍, പുലയന്‍, പറയന്‍ എല്ലാവരും ഹിന്ദുവായി ഒന്നായി സംഘടിക്കണം. അങ്ങനെ ഹൈന്ദവസംസ്‌കാരം ശുദ്ധീകരിക്കാന്‍ തയ്യാറെടുക്കേണ്ട കാലം കഴിഞ്ഞിരിക്കുകയാണ്. അല്ലെങ്കില്‍ സംഘടിച്ചു നില്‍ക്കുന്ന ശക്തി ഇവിടെ വേറെയുണ്ട്. ക്രിസ്ത്യാനികള്‍ വിശേഷിച്ചും കത്തോലിക്കര്‍ ഇവിടുത്തെ ഒരു സംഘടിതസമുദായശക്തിയാണ്. എന്നാല്‍ ഒരു സമുദായത്തിന്റെ സംഘടിതശക്തി മറ്റൊരു സമുദായത്തെ ചൂഷണം ചെയ്യാന്‍ നാം ഒരിക്കലും അനുവദിക്കുകയില്ല. ആ പ്രവണതയെ നാം അങ്ങേയറ്റം ചെറുക്കുകതന്നെ ചെയ്യും.’ (മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, മന്നത്തിന്റെ പ്രസംഗം, തിരുമുല്ലവാരം – കൊല്ലം, 1962 ഏപ്രില്‍ 9, പേജ്- 51)

പക്ഷെ ഈ പറഞ്ഞതിനര്‍ത്ഥം മന്നത്തിന്റെ സമീപനം നിഷേധാത്മകമോ വിരോധാത്മകമോ ആയിരുന്നു എന്നല്ല. താന്‍ പിറന്ന സമുദായത്തെ സംഘടിപ്പിച്ച് ശക്തിപ്പെടുത്തേണ്ടത് തന്റെ ജന്മജാതമായ ദൗത്യമാണെന്ന് ഒരു ഉത്തമപുത്രനെപ്പോലെ അദ്ദേഹം വിശ്വസിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ദേശീയസംഘടനയ്ക്ക് ബീജാവാപം ചെയ്ത മുഹൂര്‍ത്തത്തില്‍ അതിന്റെ സ്ഥാപകനായ ഡോ. ഹെഡ്‌ഗെവാര്‍ ഉച്ചരിച്ച വാക്കുകള്‍ മന്നത്തു പത്മനാഭന്റെ കാര്യത്തിലും അക്ഷരംപ്രതി ശരിയാണ്. ഡോ. ഹെഡ്‌ഗെവാര്‍ ഇങ്ങനെ പറഞ്ഞു ‘ഭാരതത്തില്‍ ഒരൊറ്റ മുസ്ലീമോ ക്രിസ്ത്യാനിയോ ഇല്ലായിരുന്നെങ്കില്‍ പോലും ഹിന്ദുസമൂഹം അസംഘടിതവും ദുര്‍ബലവും ആയി കഴിയുകയായിരുന്നെങ്കില്‍ മറ്റെല്ലാ വ്യത്യാസങ്ങള്‍ക്കുപരിയായി അവരെ ഒരുമിപ്പിച്ച് ഒരു പ്രബലശക്തിയാക്കി നിര്‍ത്തുവാന്‍ ഞാന്‍ ഈ പ്രസ്ഥാനം ആരംഭിക്കുമായിരുന്നു.”മന്നത്തിന്റെയും സമീപനം ഇതുതന്നെയായിരുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ശക്തികളുടെനേര്‍ക്ക് വിരല്‍ ചൂണ്ടുവാനും ആവശ്യമുള്ളപ്പോള്‍ അവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുവാനും അദ്ദേഹം തയ്യാറായിരുന്നെങ്കിലും ആദ്യവസാനം മനസ്സിനെ നയിച്ചത്, ആദ്യം നായര്‍ സമുദായത്തോടും ഒപ്പം ഹിന്ദുസമുദായത്തോടുമുള്ള അദമ്യമായ സ്‌നേഹവും ഭക്തിയും ധാര്‍മ്മിക ബാധ്യതയുമായിരുന്നു. നിഷേധാത്മകചിന്തകളോ സങ്കുചിതചിന്തകളോ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഇടയ്ക്കിടെ സ്ഫുരിക്കുന്നുണ്ടെങ്കില്‍ തന്നെ അവയെ നാം വിലയിരുത്തേണ്ടത് വിശാലമായ ഈ ചരിത്രപശ്ചാത്തലത്തില്‍വേണം. അതുകൊണ്ടുതന്നെയായിരിക്കണം ഹിന്ദുമഹാസഭ, ആര്‍.എസ്സ്.എസ്സ് മുതലായ അഖിലഭാരതീയ ഹൈന്ദവസംഘടനകളോട് അദ്ദേഹം നിരന്തരം  ആത്മബന്ധം പുലര്‍ത്തിപ്പോന്നതും.

ചെറുപ്പം മുതല്‍ക്കേ നായര്‍ സമുദായസംഘടനയെപ്പറ്റി മന്നത്തു പത്മനാഭന്‍ ചിന്തിച്ചുകൊണ്ടിരുന്നു. ക്രമേണ അത് ഒരു തീവ്രമായ വികാരമായി മാറി.  പക്ഷെ അപ്പോഴെല്ലാം അത് ഹിന്ദുഏകീകരണത്തിലേക്കുള്ള പടിയായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. ‘സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി’എന്ന പേരിനെ മാതൃകയാക്കി ‘നായര്‍ ഭൃത്യജനസംഘം’ എന്ന പേരിലാണ് സംഘടന ആദ്യം രൂപീകൃതമായത്. പിന്നീട് ‘നായര്‍ സര്‍വ്വീസ് സൊസൈറ്റി’ എന്നാക്കി മാറ്റി. അതിന്റെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നിര്‍വ്വഹിക്കുമ്പോള്‍ എല്ലാം മന്നത്തിന്റെ മനസ്സില്‍ അന്തര്‍ധാരയായിവര്‍ത്തിച്ചിരുന്നത് ഹിന്ദുസമുദായത്തിന്റെ ഐക്യംതന്നെയായിരുന്നു എന്നതിന് സംശയമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന് ആകമാനം ഒരു രൂപരേഖ ഉണ്ടായിരുന്നു. ഏറെക്കുറെ എല്ലാ ദിവസങ്ങളിലും അന്നന്ന് ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഡയറിയില്‍ വ്യക്തമായി എഴുതിവയ്ക്കുകയും ചെയ്തിരുന്നു. മന്നത്തിന്റെ കര്‍മ്മപരിപാടികളോടൊപ്പം ദിശാബോധവും വ്യക്തമാക്കുന്ന ചൂണ്ടുപലകയായി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളെ നമുക്ക് കണക്കാക്കാം. 1940 ല്‍ വീരസവര്‍ക്കറെ ക്ഷണിച്ചുകൊണ്ടുവന്ന് ജൂബിലി മഹോത്സവം ആഡംബരപൂര്‍വ്വം നടത്തിയതായും അതേദിവസംതന്നെ ചങ്ങനാശ്ശേരി നഗരസഭയില്‍ വച്ച് അദ്ദേഹത്തിന് മംഗളപത്രം സമര്‍പ്പിച്ചതായും (ഡയറിക്കുറിപ്പുകള്‍, പേജ്- 876) ഡയറിക്കുറിപ്പ് വ്യക്തമാക്കുന്നു. എല്ലാ ഹിന്ദുക്കളും യോജിച്ച് കൊല്ലത്ത് ഒരു ഹിന്ദുയൂണിയന്‍ കോളേജ് ഉണ്ടാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 1945 ജനുവരി 28ന് മന്നം മലയാളരാജ്യത്തിലും കേരളകൗമുദിയിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.(ഡയറിക്കുറിപ്പുകള്‍ പേജ്-907) 1949 നവംബര്‍ 25 ലെ തീരുമാനമനുസരിച്ച് എന്‍.എസ്സ്.എസ്സ്, എസ്.എന്‍.ഡി.പി ഡയറക്ടര്‍മാരുടെ സംയുക്തയോഗം ചങ്ങനാശ്ശേരിയില്‍ വച്ചു കൂടുവാനും അതില്‍ എല്ലാ ഹിന്ദുവിഭാഗത്തിലുംപെട്ടവരെ ക്ഷണിച്ചുവരുത്തുവാനും തീരുമാനമെടുത്തു. അതിന്‍പ്രകാരം 1950 ഫെബ്രുവരി 5-ാം തിയതി പെരുന്ന കരയോഗമന്ദിരത്തില്‍ ചേര്‍ന്ന യോഗം ”ഹിന്ദുമഹാമണ്ഡലം’ എന്ന പേരില്‍ ജാതി ഇല്ലാതാക്കാന്‍ ഒരു ഏകീകൃതജനസമൂഹരൂപവത്കരണത്തിന് തുടക്കമിട്ടു.(മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, ഡയറിക്കുറിപ്പുകള്‍, പേജ്- 916)

IV

ഹിന്ദു ഏകീകരണ പരിശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിയ ഒരു മഹാദുരന്തമായിരുന്നു ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടത്. പിന്നീട് മന്നം പിന്നോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.  1951 ജനുവരി 14 ലെ ഡയറിക്കുറിപ്പില്‍  താന്‍ ശങ്കറുമൊന്നിച്ച്  തിരുവനന്തപുരത്ത് റസിഡന്‍സിയില്‍ പോയി ശ്യാമാപ്രസാദ് മുഖര്‍ജിയെ കണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേത്തുടര്‍ന്ന് മന്നവും ശങ്കറും തമ്മിലുള്ള അടുപ്പം വളരെയേറെ വര്‍ദ്ധിച്ചു. പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട ഒരു സംഭവം ഇതിനിടയ്ക്കുണ്ടായി. 1950 ജനുവരി 23ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ഹിന്ദുപ്രതിനിധിസമ്മേളനം സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. ജാതിയില്ലാത്ത ഹിന്ദുമണ്ഡലരൂപീകരണത്തിന് പച്ചക്കൊടി കാട്ടിയതായിരുന്നു അത്. അതിന്റെ തുടര്‍ച്ചയായി 1950 മേയ് 12 മുതല്‍ 18 വരെ കൊല്ലത്തുനടന്ന അതിഗംഭീരമായ ഹിന്ദുമഹാസമ്മേളനം ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. പ്രസംഗവശാല്‍ പറയട്ടെ, അന്ന് കൊല്ലത്ത് ആര്‍. എസ്സ്.എസ്സ് പ്രചാരകനായിരുന്ന ഞാനും  നൂറുകണക്കിന് സംഘസ്വയംസേവകരും ആ സമ്മേളനത്തില്‍  സന്നദ്ധഭടന്മാരായി സേവനമനുഷ്ഠിക്കുകയുണ്ടായി. മന്നവും ശങ്കറും രാമലക്ഷ്മണന്മാരെപ്പോലെ കൈകോര്‍ത്തു പ്രവര്‍ത്തിച്ച ആ ദൃശ്യം അവിസ്മരണീയമായി ഇന്നും മനസ്സില്‍ അവശേഷിക്കുന്നു. എസ്.എന്‍ കോളേജില്‍ വച്ചുനടന്ന പ്രസ്തുത സമ്മേളനത്തില്‍ പങ്കാളികളായവരെല്ലാം ചേര്‍ന്ന് എടുത്ത സത്യപ്രതിജ്ഞ ഇവിടെ അതേപടി ചേര്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.

‘സനാതനമായ ഹൈന്ദവധര്‍മ്മം ജാതിയേയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയോ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവമതവിശ്വാസികള്‍ക്കുണ്ടായ സകല അധപ്പതനത്തിന്റേയും കാരണം ജാതിവ്യത്യാസമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. പാവനമായ ഹൈന്ദവധര്‍മ്മത്തെ പുനരുദ്ധരിക്കുന്നതും ഒരു ഹൈന്ദവജനതയെ  സൃഷ്ടിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും ഒരു ഹിന്ദുവെന്ന നിലയില്‍ എന്റെ സര്‍വ്വപ്രധാനമായ കര്‍ത്തവ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഒരു രംഗത്തും  ഒരു സന്ദര്‍ഭത്തിലും  ജാതി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതല്ലെന്നും ജാതി നശീകരണ യത്‌നത്തില്‍ എന്റെ സകല കഴിവുകളും ഞാന്‍ വിനിയോഗിക്കുന്നതാണെന്നും ദൃഢപ്രതിജ്ഞ ചെയ്യുന്നു.’ (ഭാരതകേസരി മന്നത്തു പത്മനാഭന്‍, പേജ് -188)

മറ്റൊരു വിധിനിര്‍ണ്ണായകമായ തീരുമാനവും ആ സമ്മേളനം കൈക്കൊണ്ടു. ഹിന്ദുക്കളുടെ എല്ലാ സംഘടനകളും അവയുടെ സ്വത്തുക്കളോടും സ്ഥാപനങ്ങളോടും  കൂടി ഹിന്ദുമണ്ഡലത്തില്‍ ലയിക്കേണ്ടതാണെന്ന പ്രമേയം പാസാക്കി.

ഈ പ്രമേയങ്ങള്‍ രണ്ടും മന്നത്തിന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ കാര്യങ്ങളായിരുന്നു എന്ന് ആ നിമിഷത്തെ അനുസ്മരിച്ചുകൊണ്ട് താഴെപ്പറയുന്ന വാക്കുകളില്‍ അദ്ദേഹം ഗദ്ഗദകണ്ഠനായി സദസ്സിന് മുന്നില്‍ വിവരിച്ചു. ‘ഞാന്‍ പുളകം കൊള്ളുകയാണ്. സംതൃപ്തിയടയുകയാണ്. മുപ്പത്തഞ്ച്‌വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കാല്‍ഷീറ്റു കടലാസില്‍ എഴുതിയ എന്‍.എസ്സ്.എസ്സ് നിബന്ധനയില്‍ ആദ്യവാചകത്തില്‍ത്തന്നെയുണ്ടായിരുന്ന ലക്ഷ്യമാണ് ജാതിനശീകരണം. ഇന്ന് ഞാന്‍ പുളകിതനാകുന്നില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതാവുകയാണ്. നാം ഏതിലേ പോയാലും ഹിന്ദുമഹാമണ്ഡലത്തില്‍ചെന്ന് അവസാനിക്കും. ഇതെല്ലാം സംഭവിക്കേണ്ടതാണ്. ഈശ്വരനിശ്ചയമാണ്.’ (ഭാരതകേസരി മന്നത്തു പത്മനാഭന്‍, പേജ് -188)

ഹിന്ദുമഹാമണ്ഡലരൂപീകരണത്തിന്റെ തൊട്ടുപിന്നാലെ അതിന്റെ താത്പര്യം സംരക്ഷിക്കാനായി ‘ഡെമോക്രാറ്റിക് കോണ്‍ഗ്രസ്’ എന്ന പേരില്‍ ഒരു രാഷ്ട്രിയകക്ഷി കൂടി ഉണ്ടാക്കി. ആയിടക്കുണ്ടായ ഒന്നുരണ്ടു തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. അത് അവഗണിക്കാന്‍ വയ്യാത്ത ഒരു പാര്‍ട്ടിയാണെന്ന് തെളിഞ്ഞതോടെ കോണ്‍ഗ്രസിനകത്തുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ ഉപജാപകപ്രവര്‍ത്തനങ്ങളുടെ ഫലമായി പാര്‍ട്ടി പിരിച്ചുവിടേണ്ടി വന്നു. രാഷ്ട്രീയപരീക്ഷണം വിചാരിച്ചത്ര വിജയകരമായിരുന്നില്ല. അസുഖകരമായ ചില പരിണാമങ്ങളും അതില്‍ നിന്നുണ്ടായി. പക്ഷെ ഹിന്ദുഏകീകരണത്തിനുള്ള മന്നത്തിന്റെ അഭിലാഷം കൂടുതല്‍ തീവ്രമാവുകയാണ് ഉണ്ടായത്. കേരളത്തില്‍ അതിവേഗം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനവുമായി മന്നം നേരിട്ട് ബന്ധം സ്ഥാപിക്കുന്നത് അതിനുശേഷമാണ്. ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം അക്കാര്യത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ‘1952 നവംബര്‍ 14 ന് രാത്രി 8 മണിക്കു കൊല്ലത്തെത്തി. ഹിന്ദുമഹാമണ്ഡലം ആഫീസില്‍ രാത്രി 7 മണിക്കു വന്ന ആര്‍. എസ്സ്.എസ്സ്.  പ്രസിഡന്റ് ഗോള്‍വല്‍ക്കറെ സ്വീകരിച്ചു. ഞങ്ങള്‍ മണ്ഡലം ആഫീസില്‍ താമസിച്ചു.’  (മന്നത്തിന്റെ ഡയറിക്കുറിപ്പുകള്‍, പേജ് 925)

‘1958 ജൂലൈ 30, തിരുവനന്തപുരം. ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്‍ പരമേശ്വരന്‍ വന്നു. ഗോള്‍വല്‍ക്കരുടെ എറണാകുളം യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കണം എന്നു പറഞ്ഞു. അദ്ദേഹം വരുമ്പോള്‍ എന്‍.എസ്സ്.എസ്സ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ സമ്മതമുണ്ടോ എന്നന്വേഷിക്കാന്‍ പറഞ്ഞു.'(മന്നത്തിന്റെ ഡയറിക്കുറിപ്പുകള്‍, പേജ് 944)

ശ്രീഗുരുജി

ശ്രീഗുരുജി

‘1958 ഒക്‌ടോബര്‍ 13, ഗോള്‍വല്‍ക്കറുടെ സ്വീകരണയോഗം. ഞാന്‍ അദ്ധ്യക്ഷന്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തു വിമാനത്തില്‍ 2 മണിക്കു മുന്‍പെത്തി. അവിടെനിന്ന് എന്നെ കാറില്‍ പ്രഭുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഗുരുജിയുമൊരുമിച്ച് റ്റി.ഡി ഹാളില്‍ എത്തി. അവിടുത്തെ ചടങ്ങില്‍ പങ്കുകൊണ്ടു. 5 മണിക്ക് ആര്‍.എസ്സ്.എസ്സിന്റെ  പൊതുയോഗം എന്റെ അദ്ധ്യക്ഷതയില്‍ കൂടി. ഞാനും ഗുരുജിയും  പ്രസംഗിച്ചു. രാത്രി 8 മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു.’ (മന്നത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍, മന്നത്തിന്റെ ഡയറിക്കുറിപ്പുകള്‍, പേജ് 945)

എറണാകുളം പരിപാടിയും  ശ്രീഗുരുജിയുമായി നേരിട്ടുണ്ടായ സമ്പര്‍ക്കവും സംഭാഷണവും രണ്ടുപേരും തമ്മിലുള്ള സൗഹൃദബന്ധത്തെ സ്ഥിരമായ അടിസ്ഥാനത്തില്‍ പ്രതിഷ്ഠിച്ചു. അത് നിരന്തരം തുടരുകയും  ചെയ്തു. കേരളത്തിനകത്തും പുറത്തും  ഹിന്ദുസമൂഹത്തിന് മന്നത്ത് പദ്മനാഭന്റെ സംഘടനാപാടവത്തിലും നേതൃത്വശേഷിയിലും  ഉണ്ടായിരുന്ന വിശ്വാസം പല മടങ്ങു വര്‍ദ്ധിച്ചു. അതിന് കളമൊരുക്കിയ ഒരു വിശേഷാല്‍ സംഭവമുണ്ടായി. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയിലെ വിവേകാനന്ദശിലയില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ അവിടുത്തെ ഹിന്ദുനേതാക്കള്‍ ശ്രമിച്ചു. പ്രാരംഭനടപടിയായി ഒരു ഫലകം സ്ഥാപിച്ചു. പക്ഷേ കന്യാകുമാരി പ്രദേശത്തെ പ്രബലവും സംഘടിതവുമായ ക്രിസ്ത്യന്‍ സമൂഹം പള്ളിയുടെ  നേതൃത്വത്തില്‍ ഫലകം എടുത്തുമാറ്റുകയും തല്‍സ്ഥാനത്ത് കുരിശ് സ്ഥാപിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ സംഭവവികാസത്തെ  നേരിടേണ്ടതെങ്ങനെ എന്നറിയാതെ സമിതിക്കാര്‍ നിസ്സഹായാവസ്ഥയില്‍ ആയപ്പോള്‍ രാഷ്ട്രീയ സ്വയംസവകസംഘം രംഗത്തുവന്നു. വിവരങ്ങള്‍ നേരിട്ടറിയുകയും ഗൗരവാവസ്ഥ മനസ്സിലാക്കുകയും ചെയ്ത ശ്രീ ഗുരുജി അന്നത്തെ സംഘത്തിന്റെ സര്‍കാര്യവാഹായിരുന്നു ശ്രീ ഏകനാഥ റാനഡെയെ ഈ ദൗത്യം ഏല്‍പ്പിച്ചു. തുടര്‍ന്ന് മന്നം അദ്ധ്യക്ഷനായുള്ള സുശക്തമായ ഒരു സമിതി രൂപീകരിക്കപ്പെട്ടു. 1963 ജനുവരി 17 ലെ ഡയറിക്കുറിപ്പില്‍  മന്നം ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘തിരുവനന്തപുരം. സ്വാമി വിവേകാനന്ദന്റെ ശതവാര്‍ഷികാഘോഷാരംഭം ക്ഷണക്കത്ത് ഇവിടെകിട്ടി. കന്യാകുമാരിശിലാസ്ഥാപനത്തിനു കളത്തില്‍ വേലായുധന്‍നായരും മറ്റും ഒരുമിച്ചു രണ്ടു മണിക്കുപോയി.’ അതിനെത്തുടര്‍ന്ന് ഫെബ്രുവരി 3 ന് മദിരാശിയിലെ  മറീനാ കടപ്പുറത്തു ചേര്‍ന്ന മഹാസമ്മേളനത്തില്‍  മന്നം ക്ഷണിക്കപ്പെട്ടു. കന്യാകുമാരി തമിഴിനാടിന്റെ ഭാഗമായിരുന്നല്ലോ. ഫെബ്രുവരി 3 ലെ ഡയറിക്കുറിപ്പില്‍ (പേജ്-962) മന്നം മദിരാശി യോഗത്തെ പരാമര്‍ശിക്കുന്നതിങ്ങനെയാണ്. ‘മദ്രാസ് ആര്‍.എസ്സ്.എസ്സിന്റെ സമാപനയോഗത്തില്‍ ഞാന്‍ പങ്കുകൊണ്ടു. വലിയ പ്ലാറ്റുഫോറത്തില്‍ അദ്ധ്യക്ഷത വഹിച്ചു മലയാളത്തില്‍ പ്രസംഗം ചെയ്തു.’ പ്രസ്തുതയോഗത്തില്‍ ശ്രീഗുരുജിയും സ്വാമി ചിന്മയാനന്ദനും മന്നത്തു പത്മനാഭനും ഒരേ വേദിയില്‍ അണിനിരന്ന് പ്രസംഗിക്കുകയുണ്ടായി. അതിനുശേഷം ഏകനാഥ റാനഡെയുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് കന്യാകുമാരിയിലെ  ഇന്നു കാണുന്ന വിവേകാനന്ദസ്മാരകം നിലവില്‍വന്നത്. ഐതിഹാസികമായ ഈ ശുഭപരിണാമത്തിന് ധീരമായ നേതൃത്വം നല്‍കിയ ആളായിരുന്നു മന്നത്ത് പത്മനാഭന്‍.

ശ്രീ ഗുരുജിയുമായി നിലനിന്നിരുന്ന ആത്മബന്ധം അവസാനിക്കുന്നത് മന്നം കഠിനമായി രോഗം ബാധിച്ച് ആസന്നാവസ്ഥയിലായിരുന്ന സന്ദര്‍ഭത്തിലായിരുന്നു. ആ സംഭവം ഗുരുജി ഗോള്‍വല്‍ക്കര്‍ ജീവിചരിത്രം (പേജ് 440) എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ ആര്‍.ഹരി ഇങ്ങനെ വിവരിക്കുന്നു. ‘മേയ് മാസം ഒന്നിന് എറണാകുളത്തേയ്ക്കു മടങ്ങും വഴി ചങ്ങനാശ്ശേരിയില്‍ ജര്‍ജ്ജരദേഹനായി ജീവിതസന്ധ്യയില്‍ കഴിഞ്ഞുകൂടിയിരുന്ന, വിവേകാനന്ദശിലാസ്മാരകസമിതിയ്ക്ക് ഏറ്റവും ദുര്‍ഘടം നിറഞ്ഞ കാലഘട്ടത്തില്‍ വിക്രാന്തപൂര്‍ണ്ണമായ നേതൃത്വം കൊടുത്ത, എന്‍.എസ്സ്.എസ്സ് സ്ഥാപകനായ മന്നത്തു പത്മനാഭനെ സ്വന്തം വസതിയില്‍ പോയി കണ്ടു. രംഗം വീക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ നടുവില്‍നിന്ന് സ്വാമിജി ഗോള്‍വല്‍ക്കര്‍(അങ്ങനെയാണ് മന്നം ഗുരുജിയെ വിേശഷിപ്പിച്ചിരുന്നത്) സാഭിമാനം ആശ്വസിപ്പിച്ചു : ‘അങ്ങ് എല്ലാംകൊണ്ടും പൂര്‍ണ്ണകാമനാണ്.’ ഇംഗ്ലീഷും ഹിന്ദിയും കാര്യമായറിയാത്ത ആ ഭാരതകേസരിക്ക് ‘പൂര്‍ണ്ണകാമന്‍’എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും പിടികിട്ടി. ആ മുഖം തെളിഞ്ഞു. രണ്ടുപേരും പരസ്പരം കൈപിടിച്ച് അഭിവാദ്യം ചെയ്തു.’

എന്‍. എസ്. എസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അഡ്വ. ഗോവിന്ദമേനോന്‍ സംഘത്തിന്റെ പ്രാന്തസംഘചാലകായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. അക്കാലമത്രയും ഗുരുജി കോട്ടയം സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ തന്നെയാണ് താമസിക്കാറുണ്ടായിരുന്നത്. മന്നത്തിന്റെ മരണശേഷവും എന്‍.എസ്.എസ്സും ആര്‍.എസ്.എസ്സും തമ്മിലുണ്ടായിരുന്ന അടുപ്പം കൂടുതല്‍  ബലപ്പെട്ടുവന്നതേയുള്ളൂ.

ആദ്ധ്യാത്മികതയുടെ അടിസ്ഥാനത്തിലും അതിനെ കേന്ദ്രബിന്ദുവാക്കിയും മാത്രമേ  ഹിന്ദുസംഘടനകള്‍ക്ക് സ്ഥായിയായും  ഊര്‍ജ്ജസ്വലമായും പ്രവര്‍ത്തിക്കാനാവൂ എന്ന് ശ്രീ നാരായണ ഗുരുവിനെയും എസ്. എന്‍.ഡി.പി യോഗത്തെയും മാതൃകയാക്കിക്കൊണ്ട് മന്നത്തു പത്മനാഭന്‍ പ്രസ്താവിച്ചിരുന്നത് മുമ്പേ പരാമര്‍ശിച്ചിരുന്നല്ലോ. ഏതായാലും  ആ മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ എല്ലാ കരയോഗങ്ങളിലും  ആദ്ധ്യാത്മികപഠനം സമാരംഭിക്കുവാന്‍ ഇപ്പോഴത്തെ നേതൃത്വം സ്വീകരിച്ച തീരുമാനം ആശാസ്യമാണ്. ചട്ടമ്പിസ്വാമികളുടെ പ്രേരണയും പ്രചോദനവും ഉള്‍ക്കൊണ്ടാണല്ലോ കേരളത്തിലെ  ഹിന്ദുസമൂഹം ആലസ്യനിദ്രവിട്ട് ഉണര്‍ന്നത്.

About Managing Editor

Leave a Reply