Home / Essays / മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിവേരിളകുന്നു, സമനില തെറ്റുന്നു

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിവേരിളകുന്നു, സമനില തെറ്റുന്നു

സുധീര്‍ നീരേറ്റുപുറം

         ശക്തനായ പിണറായി വിജയന്റെ ഭരണകാലത്ത് സിപിഎമ്മില്‍ നിന്നും വന്‍തോതിലുളള കൊഴിഞ്ഞുപോക്ക് ബിജെപി, ആര്‍.എസ്.എസ്, എം.ആര്‍.പി തുടങ്ങിയവയിലേക്കെല്ലാം ഉണ്ടായി എന്ന് ഇന്ന് പാര്‍ട്ടി അംഗീകരിക്കുന്നു. ഈ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടി അണികളെ ഭയപ്പെടുത്തി പിടിച്ചുനിര്‍ത്താനും വേണ്ടിയാണ് ടി.പി. ചന്ദ്രശേഖരനേയും, കതിരൂര്‍ മനോജിനേയും മറ്റും സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെ നിഷ്ഠൂരമായി കഷണംകഷണമാക്കി വെട്ടിനുറുക്കിയത്. പാര്‍ട്ടി നല്കുന്ന വ്യാജകൊലയാളികളുടെ ലിസ്റ്റ് പ്രകാരം പോലീസ് പ്രതിപട്ടിക തയ്യാറാക്കി യഥാര്‍ത്ഥ കൊലയാളികളെയും ഒപ്പം സംഭവവുമായി പുലബന്ധമില്ലാത്ത പ്രതികളാക്കപ്പെട്ടവരേയും ഗൂഢാലോചന നടത്തി കൊലയ്ക്ക് പ്രേരണ നല്കുന്ന ജില്ലാ-സംസ്ഥാന നേതാക്കളേയും കേസില്‍ നിന്നും രക്ഷപ്പെടുത്തുകയുമാണ് ഇത്രയും കാലം സിപിഎം സമര്‍ത്ഥമായി ചെയ്തുവന്നിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാര്‍ട്ടിയുടെ ഈവിധ കുത്സിതശ്രമങ്ങള്‍ക്ക് ഫലമില്ലാതാവുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജന്‍ പ്രതിചേര്‍ക്കപ്പെടുകയാണ്. സിപിഎമ്മിന്റെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലെ മുഖ്യപങ്കാളിയായ കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തില്‍ ഭരണത്തിലില്ലാത്തതും, തല്‍സ്ഥാനത്ത് ശക്തനായ ഒരു ബിജെപിക്കാരന്‍ പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി പദങ്ങളില്‍ ഇരിക്കുന്നതിനാലും കേസ് ഏറ്റെടുത്ത സിബിഐ യെ സ്വാധീനിച്ച് യഥാര്‍ത്ഥ കുറ്റവാളികളേയും കേസിലുള്‍പ്പെട്ട ഗൂഢാലോചനക്കാരായ ഉന്നത നേതാക്കന്മാരേയും രക്ഷപെടുത്താനാവാത്ത ഗതികേടിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ജില്ലാ സെക്രട്ടറിയെ കൊലക്കുറ്റത്തിന് സിബിഐ അറസ്റ്റു ചെയ്തുവെന്ന നാണക്കേട് ഒഴിവാക്കാനാണ് പി. ജയരാജനെ തല്കാലത്തേക്ക് സെക്രട്ടറി പദത്തില്‍ നിന്നും അവധിയെടുപ്പിച്ചത്! കൂടാതെ ഹൃദയസംബന്ധമായ അസുഖം ഭാവിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാവുകയും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ശ്രമം തുടങ്ങുകയും ചെയ്തിരിക്കുന്നു. സമനില തെറ്റിയ സിപിഎം ഇപ്പോള്‍ സിബിഐ തങ്ങളുടെ നേതാക്കളെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് തീപ്പൊരി പ്രസംഗങ്ങളുമായി തെരുവ് യോഗങ്ങള്‍ നടത്തി അണികളെ പ്രകോപിതരാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. പാര്‍ട്ടി വീണ്ടും അക്രമ കൊലപാതക ബോംബ് രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുന്നതിന്റെ ഭീകരമായ ലക്ഷണങ്ങളാണ് കാണുന്നത്. കേരളം വീണ്ടും ഒരു കുരുതിക്കളമാക്കാനുളള തീവ്രധശമത്തിലാണ് സിപിഎം എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
CPM-to-BJP-kannur        സുജിത് നായരെന്ന ഒരു പത്രപ്രവര്‍ത്തകന്‍ മലയാള മനോരമ പത്രത്തില്‍ സിപിഎമ്മിന്റെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ വെളിപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്നുമുളള കൊഴിഞ്ഞുപോക്കിനെക്കുറിച്ച് എഴുതിയ ഒരു വാര്‍ത്തയുടെ പേരില്‍ അദ്ദേഹത്തേയും കുടുംബത്തേയും അവഹേളിച്ചും അസഭ്യവും അശ്ലീലവും പറഞ്ഞുകൊണ്ടുളള പ്രതികരണങ്ങള്‍ പാര്‍ട്ടി മെമ്പര്‍മാര്‍ നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇഃിനെക്കുറിച്ച് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗവുമായിരുന്ന അപ്പുക്കുട്ടന്‍ വളളിക്കുന്ന് (ഇദ്ദേഹം ഒരു സംഘി അല്ല എന്നോര്‍ക്കുക…) മംഗളത്തില്‍ (ജൂലൈ 18) എഴുതുന്നു, ”2015 ജൂണ്‍ 29 ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന കമ്മറ്റി യോഗത്തില്‍ സമര്‍പ്പിച്ച പാര്‍ട്ടിയംഗങ്ങളെക്കുറിച്ചുള്ള രേഖയില്‍ നിന്നുള്ള കണക്ക്…. പ്രകാരം……… 2011 ല്‍ പൂര്‍ണ അംഗങ്ങളില്‍ 25,418 പേര്‍ (7.89%) പാര്‍ട്ടിയംഗത്വം പുതുക്കിയില്ല. കാന്റിഡേറ്റ് അംഗങ്ങളുടെ 20 ശതമാനം വരുന്ന 8,901 പേരും. ടി.പി. ചന്ദ്രശേഖരനെ വധിച്ച 2012 ല്‍ അംഗത്വം പുതുക്കാത്തവര്‍ 27,888 (8.47%) ആയി. 2013 ല്‍ 30716 പേര്‍ (9.20%) പാര്‍ട്ടിയംഗത്വം ഉപേക്ഷിച്ചു. 21.79 ശതമാനം കാന്റിഡേറ്റ് അംഗങ്ങളും. 2014ല്‍ 28386 (8.19%) പേര്‍ അംഗത്വം ഉപേക്ഷിച്ചെന്ന്. കാന്റിഡേറ്റ് അംഗങ്ങളില്‍ 21.10 ശതമാനവും.
………… സി.പി.എമ്മിന്റെ കാന്റിഡേറ്റ് മെമ്പര്‍മാര്‍ ഉള്‍പ്പെട്ട 4,05,591 പേര്‍ വരുന്ന 20 ശതമാനവും പാര്‍ട്ടിയംഗങ്ങളുടെ കണക്കില്‍ കാലാകാലം തുടര്‍ന്നുപോകുന്ന ഒരു ബ്രാഞ്ച് യോഗത്തില്‍പോലും പങ്കെടുക്കാത്തവരാണിത്. ഇവരെ കണക്കില്‍നിന്ന് നീക്കാന്‍ 2013 ഒക്‌ടോബറില്‍ പാലക്കാട്ടു ചേര്‍ന്ന സംസ്ഥാന പ്ലീനം തീരുമാനിച്ചതാണ്.
നിര്‍ണായകമായ മറ്റൊന്നുകൂടി, സി.പി.എമ്മിലെ മൊത്തം അംഗങ്ങളില്‍ 92 ശതമാനവും അടിയന്തരാവസ്ഥക്കുശേഷം പാര്‍ട്ടിയില്‍ വന്നവരാണ്. 50 ശതമാനവും 2008 നുശേഷവും. അതായത് കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും പാര്‍ട്ടിയെന്ന് ഊറ്റം കൊള്ളുമ്പോള്‍ ട്രൗസര്‍ മനോജന്മാരുടേയും ജയരാജന്മാരുടേയും രാഷ്ട്രീയ നേതൃത്വ പാരമ്പര്യത്തിന്റെ ചരിത്രവും ശിഷ്യത്വവും മാത്രമുള്ളവര്‍.
2015 ഫെബ്രുവരി 23 വരെ സി.പി.എമ്മിന്റെ ചോദ്യംചെയ്യപ്പെടാത്ത സംസ്ഥാന സെക്രട്ടറി പിണറായിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വര്‍ഷം കാല്‍ ലക്ഷം പേര്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോയെന്ന് എഴുതുകയോ? പുതിയ സംസ്ഥാന സെക്രട്ടറിപോലും ഇടപെടാന്‍ ഭയക്കുന്നു.
…….. നവമാധ്യമലോകത്തെ സി.പി.എം. കൈയാളുകള്‍ ഹാലിളകി രംഗത്തിറങ്ങി. ചരിത്രവും വര്‍ത്തമാനവുമെല്ലാം അടിച്ചു തകര്‍ത്ത്, സഭ്യതയ്ക്കും സംസ്‌കാരത്തിനും നിരക്കാത്ത, വായിക്കാനും ഉദ്ധരിക്കാനും കൊള്ളാത്ത വാക്കുകളാല്‍ നവമാധ്യമ പരിസരമാകെ സി.പി.എം. മലിനീകരിച്ചു.
കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ഒരു പത്രപ്രവര്‍ത്തകനും കുടുംബവും നവമാധ്യമങ്ങളില്‍ ഇതുപോലെ ഒരാഴ്ചയായി അസഭ്യവര്‍ഷത്തിനു വിധേയമായിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊരു പത്രപ്രവര്‍ത്തകന്റെ വാര്‍ത്തയും അതിനോടുള്ള പ്രതികരണവും എന്ന മാനം കൈവിട്ടുകഴിഞ്ഞു. ഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ രാഷ്ട്രീയവും സാംസ്‌കാരികവും ധാര്‍മികവുമായ തകര്‍ച്ചയുടെ ഭീകരാവസ്ഥയാണിത്. ഫാസിസത്തിന്റെ അതിപ്രസരമുള്ള ഒരു സംഭവം. ആ നിലയ്ക്ക് സാക്ഷരകേരളം ഈ വിഷയത്തെ സമീപിക്കാന്‍ വൈകി.”
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുമുളള വ്യാപകമായ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടി വിട്ടവരെ എന്ത് നഷ്ടങ്ങളും അപമാനങ്ങളും സഹിച്ചും വാഗ്ദാനങ്ങളും പ്രലോഭനങ്ങളും സ്ഥാനമാനങ്ങളും നല്കിയും പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടുവരാനുളള തീവ്രശ്രമത്തിലാണ് സിപിഎം ഇപ്പോള്‍. തൊണ്ണൂറ്റിയാറ് വയസുകാരിയായ കെ.ആര്‍. ഗൗരിയെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിച്ചതുകൊണ്ടുമാത്രം പിണങ്ങിപ്പിരിഞ്ഞ യുവാക്കന്മാരും സ്ത്രീജനങ്ങളും ഹിന്ദുക്കളായ പിന്നോക്ക പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളും, സവര്‍ണ്ണരുമെല്ലാം പാര്‍ട്ടിയിലേക്ക് മടങ്ങിവരുമെന്ന് കരുതാനാവില്ല. മുപ്പതിലേറെ വര്‍ഷം ഭരിച്ച ബംഗാളിലെ ഇന്നത്തെ പാര്‍ട്ടിയുടെ ദുരവസ്ഥ തന്നെയാണ് മാര്‍ക്‌സിസ്റ്റുകളെ കേരളത്തിലും ത്രിപുരയിലും കാത്തിരിക്കുന്നത്. ഇത് കേവലം ചില ചെപ്പടിവിദ്യകളാലും പൊറാട്ടു നാടകങ്ങളാലും കൊണ്ടുമാത്രം മാറ്റി എഴുതാവുന്നതല്ല.

About Managing Editor

Leave a Reply