Home / Essays / മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും അക്രമപാതയിലേക്ക്….

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും അക്രമപാതയിലേക്ക്….

സുധീര്‍ നീരേറ്റുപുറം

CPIM-Webഅടുത്ത കേരളാ ഭരണം കൈപ്പിടിയിലൊതുക്കാന്‍ അരയും തലയും മുറുക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗോദായിലിറങ്ങിയിരിക്കുന്ന സിപിഎം സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് മനസ്റ്റിലാക്കി ക്രൂരമായ നരനായാട്ടുകളിലുടെ എതിര്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും സ്വന്തം അണികളേയും ഭയപ്പെടുത്തി കൂടെ നിര്‍ത്താനുളള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. കേരളമെമ്പാടും വ്യാപകമായി സിപിഎം നടത്തുന്ന ഭീകരാക്രമണങ്ങള്‍ ഇതാണ് തെളിയിക്കുന്നത്.
പിണറായിയുടെ കേരള യാത്ര സമാപിച്ച നാളിലാണ് കണ്ണൂരിലെ പാപ്പിനിശേരി ആരോളി ആസാദ് കോളനിയില്‍ പി.വി.സുജിത്ത് (27) എന്ന ചെറുപ്പക്കാരനെ മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച് മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ഫെബ്രവരി 15 ന് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂരിലെ ചോക്ലിയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റത് ഇക്കഴിഞ്ഞ മാര്‍ച്ച് 8 നായിരുന്നു. ഓട്ടോ ഡ്രൈവര്‍ ആയ മോയിലാം ബിജുവിനാണ് വെട്ടേറ്റത്. സ്‌ക്കൂള്‍ കുട്ടികളെ കൂട്ടാന്‍ ഓട്ടോയില്‍ പോയപ്പോളാണ് സിപിഎം പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് പട്ടാപ്പകലായിരുന്നു മാര്‍ക്‌സിസ്റ്റ് അക്രമം. ഈ കുരുന്നുകള്‍ ഇപ്പോഴും ആ ഭീതിദമായ ദുരന്ത കാഴ്ചയുടെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരാക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട കണ്ണൂരിലെ പാപ്പിനിശേരി ആരോളി ആസാദ് കോളനിയില്‍ പി.വി.സുജിത്ത്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരാക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട കണ്ണൂരിലെ പാപ്പിനിശേരി ആരോളി ആസാദ് കോളനിയില്‍ പി.വി.സുജിത്ത്

മാര്‍ച്ച് 14 ന് കായംകുളത്തെ ഏവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഏവൂര്‍ സ്വദേശി സുനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചു. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സുനിലിനെ ഒരു സംഘം വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്ത് അംഗമടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതില്‍ സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്. സുനിലിന്റെ ശരീരത്തില്‍ മുപ്പത്തഞ്ചോളം വെട്ടുകളേറ്റ പാടുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂരില് ചെറുവാഞ്ചേരി കല്ലുവളപ്പ് കൈലാസപുരം വിവേകാനന്ദ സേവാകേന്ദ്രത്തിന് നേരെ സിപിഎം അക്രമണം നടത്തുകയുണ്ടായി. സേവാ കേന്ദ്രത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും സേവാ കേന്ദ്രത്തില്‍ സ്ഥാപിച്ച വിവേകാനന്ദന്റെ കൂറ്റന്‍ ഫല്‍ക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് സിപിഎം തേര്‍വാഴ്ചയില്‍ വി മുരളീധരന്‍ അടക്കം 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും, 3 പേരുടെ നില ഗുരുതരമായി തുടരുകയുമാണ്. പിന്‍വാതിലില്‍ കൂടി തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനുളള നീക്കത്തിനെതിരെ മാര്‍ച്ച് 14 ന് ബിജെപി നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സിപിഎം ശ്രമിച്ചത്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കാട്ടായിക്കോണത്ത് നടന്ന പ്രതിഷേധ യോഗത്തിനു നേരെ സിപിഎം അക്രമികള്‍ കല്ലും, കഠാരയും, തടിക്കഷണങ്ങളുമായെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ട് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ബിജെപി ആര്‍എസ്എസ്സ് സംസ്ഥാന നേതാക്കളെ പോലും അക്രമികള്‍ വെറുതേ വിട്ടില്ല. ബിജെപി മുന്‍സംസ്ഥാന അദ്ധ്യക്ഷനും

സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വച്ച് മാര്‍ക്‌സിസ്റ്റ് നരാധമരാല്‍ കണ്ണൂരിലെ ചോക്ലിയില്‍ വച്ച് ഗുരുതരമായി വെട്ടേറ്റ ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറും ആയ മോയിലാം ബിജു

സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വച്ച് മാര്‍ക്‌സിസ്റ്റ് നരാധമരാല്‍ കണ്ണൂരിലെ ചോക്ലിയില്‍ വച്ച് ഗുരുതരമായി വെട്ടേറ്റ ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറും ആയ മോയിലാം ബിജു

കഴക്കൂട്ടത്തെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പോങ്ങുംമൂട് വിക്രമന്‍, മേഖലാ വൈസ് പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍, ആര്‍എസ്എസ്സ് വിഭാഗ് വ്യവസ്ഥാ പ്രമുഖ് രവികുമാര്‍, ജില്ലാ കാര്യകാരി അംഗം അര്‍ജ്ജുന്‍ ഗോപാല്‍, താലൂക്ക് പ്രചാരക് അമല്‍കൃഷ്ണ ഉള്‍പ്പടെ 30 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പോങ്ങുംമൂട് വിക്രമന്‍, അമല്‍ കൃഷ്ണ, അര്‍ജ്ജുന്‍ ഗോപാല്‍ എന്നിവരെ സ്വകാര്യ ആശുപത്രിയിലും, മറ്റുളളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആയുധവുമായെത്തിയ സിപിഎം അക്രമികളെ കണ്ട് പൊലീസ് വിരണ്ടോടിയത്രെ. സംഭവത്തില്‍ പ്രതിഷേധച്ച് മാര്‍ച്ച് 15 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
ഇത്രയും നാളും കേന്ദ്ര ഭരണമില്ലെങ്കിലും കോണ്‍ഗ്രസിന്റെയും റഷ്യയുടെയും ചൈനയുടെയും മറ്റും രഹസ്യവും പരസ്യവുമായ പിന്തുണയോടെ ഇന്ത്യയിലെ രാജാക്കന്മാരായി കിംഗ്‌മേക്കറായി അഖിലേന്ത്യ പാര്‍ട്ടിയായി വിരാജിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്ന് കേവലം ത്രിപുരയിലും കേരളത്തിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആശയപരമായും പ്രായോഗികമായും പരാജയപ്പെട്ട പ്രത്യയശാസ്ത്രവുമായി പിടിച്ചുനില്കാന്‍ 18 അടവുകളും പയറ്റുന്ന പാര്‍ട്ടിയുടെ സമസ്ത പ്രയോഗങ്ങളും ദയനീയമായി പരാജയപ്പെടുന്നത് അവര്‍ സ്തബ്ധരായി നോക്കിനില്കുകയാണ്. ഇക്കാലമത്രയും രാഷ്ട്രീയ എതിരാളികളെ കായികമായും, ബൗദ്ധികമായും നേരിട്ട് തറപറ്റിച്ചിരുന്ന ഇടതുപക്ഷത്തിന്റെ സകല അടവുകളും ഇപ്പോള്‍ പിഴക്കുകയാണ്. ഭാരതത്തിലെ സമസ്ത പാര്‍ട്ടികളേയും ഒരുകാലത്ത് വിറപ്പിച്ചിരുന്ന പാര്‍ട്ടിയെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ഇപ്പോള്‍ പുല്ലുവില നല്‍കുന്നില്ല എന്നതാണ് വാസ്തവം. പശ്ചിമ ബംഗാളില്‍ സിപിഎം ഇപ്പോള്‍ തുടച്ചുനീക്കലില്‍ നിന്നും രക്ഷപെടാന്‍ കോണ്‍ഗ്രസിന്റെ കാരുണ്യകടാക്ഷത്തിനായി വാലാട്ടി നടക്കുന്ന ദയനീയ ചിത്രം ജനം കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് അണികള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിപ്പോയതുപോലെ കേരളത്തില്‍ അണികള്‍ ബിജെപിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് കോട്ടകളായി ഇത്രയുനാളും മറ്റാരെയും പ്രവേശിപ്പിക്കാതെ രാവണന്‍ കോട്ടകളായി സംരക്ഷിച്ചിരുന്ന പ്രദേശങ്ങളില്‍ പോലും സിപിഎമ്മുകാര്‍ നേതൃത്വത്തിന്റെ ഭീഷണികളെ തൃണവല്‍ഗണിച്ചുകൊണ്ട് ഹിന്ദുത്വ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും, അവിടങ്ങളില്‍ പാര്‍ട്ടി മാടമ്പിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി യോഗങ്ങളും ഹൈന്ദവാഘോഷങ്ങളും പരസ്യമായി നടത്തുന്നതും മാര്‍ക്‌സിസ്റ്റ് നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയിട്ടുളളത്. ഇതോടൊപ്പമാണ് ഇത്രയുംകാലം ഭരണകൂടങ്ങളെയെല്ലാം വെല്ലുവിളിച്ച് അപ്രമാദിതരായി അപ്രഖ്യാപിത ആള്‍ദൈവങ്ങളായി വിലസിയിരുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കന്മാര്‍ വിവിധ കേസുകളിലുള്‍പ്പെട്ട് സിബിഐ/പോലീസ് കസ്റ്റഡിയിലായി അഴികളെണ്ണുന്നതും പാര്‍ട്ടിയുടെ മേധാവിത്വത്തിന് വെല്ലുവിളിയായിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെപ്പോലും സംരക്ഷിക്കാനാകാത്ത പാര്‍ട്ടിക്ക് ഇനിയുളള കാലം സാധാരണ അണികളേയും സംരക്ഷിക്കാനാവില്ല എന്ന തിരിച്ചറിവിലാണ് മാര്‍ക്‌സിസ്റ്റ് അണികള്‍ ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തുന്നത്.

ഡി.വൈ.എഫ്.ഐ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പ്രതികാരമായി സിപിഎമ്മുകാര്‍ 35 വെട്ടിന് കൊലപ്പെടുത്തിയ കായംകുളം ഏവൂര്‍ സ്വദേശി സുനില്‍കുമാര്‍

ഡി.വൈ.എഫ്.ഐ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പ്രതികാരമായി സിപിഎമ്മുകാര്‍ 35 വെട്ടിന് കൊലപ്പെടുത്തിയ കായംകുളം ഏവൂര്‍ സ്വദേശി സുനില്‍കുമാര്‍

അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിക്കാത്തപക്ഷം അത് പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടലാകും എന്ന് യച്ചുരി കാരാട്ട് പിണറായി കോടിയേരിമാര്‍ക്ക് വ്യക്തമായി അറിയാം. തമിഴ്‌നാട്ടില്‍ നിന്നും പാര്‍ട്ടിക്ക് ഏതാനും സീറ്റുകള്‍ കൂടി ലഭിക്കാത്തപക്ഷം മാര്‍ക്‌സിസ്റ്റുകള്‍ക്ക് അഖിലേന്ത്യാ പാര്‍ട്ടി എന്ന സ്ഥാനവും നഷ്ടപ്പെട്ട് വെറും പ്രാദേശിക പാര്‍ട്ടിയായി മാത്രം കാലക്ഷേപം നടത്തേണ്ടിവരും. അതോടെ പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും, പാര്‍ട്ടി ഗുരുതരമായ പ്രതിസന്ധിയിലകപ്പെടുകയും ചെയ്യും. ഹിന്ദുത്വത്തെ അപമാനിച്ചും പരിഹസിച്ചും അവഹേളിച്ചും താറടിച്ചുകാണിച്ചും ഇത്രയുംനാള്‍ ഭഗീരഥപ്രയത്‌നങ്ങള്‍ നടത്തിയിട്ടും ഹിന്ദുത്വ പ്രസ്ഥാനങ്ങളും ദര്‍ശനങ്ങളും തകര്‍ന്നില്ലെന്നു മാത്രമല്ല അവ ലോകമെമ്പാടും വെന്നിക്കൊടി പാറിക്കുന്ന ‘ദുരന്തകാഴ്ച’ കാണാന്‍ മാര്‍ക്‌സിസ്റ്റുകള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അടവുനയമെന്ന നിലയില്‍ ഇപ്പോള്‍ പാര്‍ട്ടി ഹൈന്ദവാചാരങ്ങളേയും ദൈവങ്ങളേയും ആഘോഷങ്ങളേയും മഹാപുരുഷന്മാരേയും മതനേതാക്കളേയും സന്യാസിമാരേയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളേയുമെല്ലാം ആദരിക്കുന്നതായും ബഹുമാനിക്കുന്നതായും നടിക്കുന്നുണ്ടെങ്കിലും അതിന് കടകവിരുദ്ധമായ നിലപാടുകള്‍ ജന്മസ്വഭാവമനുസരിച്ച് അവരറിയാതെതന്നെ മിക്കപ്പോഴും പ്രകടിപ്പിക്കുന്നതിനാല്‍ ഇവരുടെ ഈ കപട ഹൈന്ദവാഭിമുഖ്യത്തിലെ വഞ്ചന ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നത് പാര്‍ട്ടിയുടെ അതിജീവനശ്രമങ്ങളെ ദയനീയമായി പരാജയപ്പെടുത്തുകയാണ്. ഈ സന്നിഗ്ദ്ധാവസ്ഥയിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പത്തൊമ്പതാമത്തെ അടവെന്ന നിലയില്‍ വീണ്ടും ഉറയില്‍ നിന്നും കത്തി വലിച്ചുരി രാഷ്ട്രീയ എതിരാളികളെ മൃഗീയമായി കൊലപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ ഭരണം തങ്ങളുടെ കൈപ്പിടിയിലെത്തുമെന്നും അപ്പോള്‍ പോലീസ് സേനയെ വരുതിയിലാക്കി പ്രതിയോഗികളെ അടിച്ചമര്‍ത്താമെന്നുമാണ് ഇവര്‍ മനഃപ്പായസമുണ്ണുന്നത്. അക്രമാസക്തരായ അണികളേയും പോലീസിനേയും ഉപയോഗിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാമെന്ന് മാര്‍ക്‌സിസ്റ്റ് നേതൃത്വം കരുതുന്നുവെങ്കില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കള്‍ക്കും മറ്റ് സംസ്ഥാന ജില്ലാ താലൂക്ക് നേതാക്കള്‍ക്കുമെല്ലാം ദില്ലിയും മറ്റും ഉപേക്ഷിച്ച് ഈ കൊച്ചു കേരളത്തില്‍ അഭയം പ്രാപിക്കേണ്ടിവരും. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് കേരളത്തിനു പുറത്തുളള ശക്തി നാമമാത്രമാണെന്നും, ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ശക്തി പ്രവചനാതീതമാണെന്നും അല്പമെങ്കിലും ബുദ്ധിയും വിവേകവും സ്ഥലകാലബോധവുമുളള മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ അക്രമവാസനയാല്‍ അന്ധരായ പാര്‍ട്ടി നേതാക്കളേയും അണികളേയും പറഞ്ഞു മനസ്സിലാക്കിയാല്‍ നന്നായിരിക്കും. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കുമെതിരെ ഭാരതമാസകലം അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാല്‍ പിന്നെ പ്രസ്ഥാനത്തിനുവേണ്ടി പരസ്യമായി പ്രവര്‍ത്തിക്കാന്‍ ഒരാളെപ്പോലും കിട്ടാത്ത അവസ്ഥ സംജാതമാകുമെന്ന് നേതാക്കള്‍ അറിയുക. എതിര്‍ സംഘടനകളെ ആശയപരമായും ബൗദ്ധികമായും നേരിടുക. അതല്ലാതെ കൊലക്കത്തി കാട്ടി എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാമെന്നു കരുതിയാല്‍ അത് ആനമണ്ടത്തരമാണ്. ഈ ഇന്റര്‍നെറ്റ് യുഗത്തിന്റെയും ആഗോളവല്കരണത്തിന്റേയും പുരോഗമനത്തിന്റേയും നവകാലത്ത് അക്രമത്തിലൂടെ പ്രസ്ഥാനത്തെ വളര്‍ത്താനാവില്ലെന്നു മാത്രമല്ല, പുതുതായി അണികളെ ലഭിക്കാതെ പാര്‍ട്ടി ഒരു അസ്ഥിപഞ്ജരമായി മാറുകയായിരിക്കും അനന്തരഫലം. അക്രമത്തിന്റെയും ദുഷ്പ്രചരണത്തിന്റെയും അസഹിഷ്ണുതയുടേയും പാത ഉപേക്ഷിച്ച് പരസ്പരബഹുമാനത്തോടെ പ്രതിപക്ഷ ആദരവോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കുറേകാലം കൂടി ഭാരതത്തില്‍ നിലനില്‍ക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം റഷ്യയിലും ചെക്കോസ്ലാവാക്യയിലും റുമേനിയായിലും മറ്റും സംഭവിച്ചതുപോലെ പാര്‍ട്ടി മ്യൂസിയങ്ങളിലെ ഒരു ചരിത്ര സ്മാരകമായി മാറും.

About Managing Editor

Leave a Reply