Home / Essays / മാര്‍ക്‌സിസ്റ്റ് പ്രത്യ്യയശാസ്ത്രത്തിന്റെ പരാജയം….. ഹിന്ദുത്വത്തിന്റെ വിജയം….

മാര്‍ക്‌സിസ്റ്റ് പ്രത്യ്യയശാസ്ത്രത്തിന്റെ പരാജയം….. ഹിന്ദുത്വത്തിന്റെ വിജയം….

സുധീര്‍ നീരേറ്റുപുറം

        ആര്‍എസ്എസും, ബിജെപിയും സര്‍വ്വത്ര കാവിവല്കരിക്കുന്നുവെന്ന് അലമുറയിടുന്ന ഇടതുപക്ഷക്കാര്‍ ഈ വര്‍ഷം ഗണേശോത്സവവും, ഓണവും, ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കാന്‍ തീരുമാനിച്ചത് അവരുടെ പ്രത്യയശാസ്ത്ര പരാജയത്തേയും ഗതികേടിനേയും നിലനില്‍പ്പിനുവേണ്ടിയുളള ഒടുക്കത്തെ കൈവിട്ട കളികളേയുമാണ് കാണിക്കുന്നത്. ഭൗതികവാദത്തിന്റെ വക്താക്കളായ സഖാക്കന്മാര്‍ കഴിഞ്ഞ 90 ലേറെ വര്‍ഷമായി മാര്‍ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, മെറ്റീരിയലിസം, നക്‌സലിസം എന്നെല്ലാം ജപിച്ചുകൊണ്ട് ഭഗീരഥപ്രയത്‌നങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ വേരുപിടിക്കിന്‍ കഴിഞ്ഞില്ല. അതിനാലാണ് അവരിത്രയും കാലം പുലഭ്യം പറഞ്ഞിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുസ്വാമികള്‍, ശ്രീകൃഷ്ണന്‍, ഗണേശന്‍ (ഗണപതി), മഹാബലി, വാമനന്‍ തുടങ്ങിയവരുടെയെല്ലാം ജന്മദിനങ്ങള്‍ ആചരിക്കാനും സ്തുതിക്കാനും തയ്യാറാകുന്നത്. ശ്രീ. പി. പരമേശ്വരന്‍ ഏകദേശം 25 വര്‍ഷം മുമ്പ് ‘മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്’ എന്നെഴുതിയിരുന്നത് ഇന്ന് സത്യമായി മാറിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പരിഹാസപൂര്‍വ്വം പറഞ്ഞിരുന്ന ആര്‍എസ്എസുകാര്‍ കാവിവല്കരിക്കുന്നുവെന്ന് പറഞ്ഞത് ഇപ്പോള്‍ സഖാക്കന്മാര്‍ സ്വയം നടപ്പിലാക്കുകയാണ്. ചെങ്കൊടി മാര്‍ക്‌സിസ്റ്റ് നേതാക്കന്മാര്‍തന്നെ കാവിയാക്കുകയാണ്. മാര്‍ക്‌സ്, സ്റ്റാലിന്‍, ഏംഗല്‍സ്, ലെനിന്‍, മാവോ എന്നിവരെയെല്ലാം കൈയൊഴിച്ച് ഹിന്ദുദേവീദേവന്മാരെ ആരാധിക്കാനും പുകഴ്താനും ആരംഭിക്കുന്നത് വിരോധാഭാസമാണ്. ഇതിലുംഭേദം ഇടതുപക്ഷ പാര്‍ട്ടികള്‍ പിരിച്ചുവിട്ട് ബിജെപിയില്‍ ലയിക്കുന്നതാണ്. നിലനില്പിനായി പാര്‍ട്ടിസ്വത്വത്തെതന്നെ കൈയൊഴിക്കുന്നത് ആത്മഹത്യാപരമാണ്. ഇതിനാല്‍ ഇടതുപക്ഷം സ്വയമറിയാതെതന്നെ കാവിവല്കരിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വത്തെ പരിഹസിച്ചും അവഹേളിച്ചും കളങ്കപ്പെടുത്തിയും തച്ചുതകര്‍ക്കാന്‍ ശ്രമിച്ചും കാലക്ഷേപം നടത്തിയവര്‍ ദയനീയമായി പരാജയപ്പെട്ടതുകൊണ്ടാണ് ഹിന്ദുത്വാശയങ്ങളേയും, സംസ്‌കാരത്തേയും, ദാര്‍ശനിക ഗ്രന്ഥങ്ങളേയും, തത്വശാസ്ത്രങ്ങളേയും, ജീവിതവീക്ഷണങ്ങളേയും, ആരാധനാക്രമങ്ങളേയും, പുരാണപുരുഷന്മാരേയുമെല്ലാം അംഗീകരിക്കാനും പൂവിട്ടുപൂജിക്കാനും നിര്‍ബന്ധിതരായത്. സഖാക്കള്‍ക്ക് ഹിന്ദുത്വത്തിലേക്ക് സ്വാഗതം…!!!

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റുന്ന രംഗം ആവിഷ്‌ക്കരിച്ചുകൊണ്ട് സിപിഎം ഗുരുവിനേയും, ഒരു വലിയ സമൂഹത്തേയും അവഹേളിക്കുന്നു

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റുന്ന രംഗം ആവിഷ്‌ക്കരിച്ചുകൊണ്ട് സിപിഎം ഗുരുവിനേയും, ഒരു വലിയ സമൂഹത്തേയും അവഹേളിക്കുന്നു

ഇക്കഴിഞ്ഞ ദിവസം സഖാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈന്ദവാഘോഷങ്ങള്‍ പാര്‍ട്ടി സംഘടിപ്പിച്ചതിനെക്കുറിച്ച് പ്രസ്താവിച്ചത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും, അടിസ്ഥാന നയങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും, പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നുവെന്നത് കുപ്രചരണമാെണന്നും, സിപിഎം ശോഭായാത്ര നടത്തിയെന്നത് ആര്‍.എസ്.എസ് കുപ്രചരണമാണെന്നുമാണ്. എസ്എന്‍ഡിപി നേതാവ് വെളളാപ്പളളി നടേശന്‍ പറയുന്നത് എ.കെ.ജി സെന്ററിലെ സവര്‍ണ്ണര്‍ എഴുതി നല്കുന്ന പ്രസ്താവനകള്‍ വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നതെന്നാണ്. സ്വന്തം അഭിപ്രായങ്ങള്‍ പറയുവാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ പാര്‍ട്ടി മേലാളന്മാര്‍ എഴുതി നല്കുന്ന കുറിപ്പടികള്‍ അതിന്റെ അര്‍ത്ഥവും ദ്വയാര്‍ത്ഥവും ഗുലുമാലുകളും അറിയാതെ ഗത്യന്തരമില്ലാതെ അര്‍ത്ഥമനസ്സോടെ വായിക്കേണ്ടിവരുന്ന ഈ വൃദ്ധപാര്‍ട്ടിസ്ഥാപക നേതാവിന്റെ ഗതികേട് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാകും. സിപിഎമ്മിന്റെ തന്നെ സഹയാത്രികരും മാര്‍ക്‌സിസ്സുമായ സിപിഐയുടെ സംസ്ഥാന നേതാവ് കാനം രാജേന്ദ്രന്‍ ഇതിനെപ്പറ്റി പറയുന്നത് ‘ആത്മീയതയും വിപ്ലവ പാര്‍ട്ടിയും യോജിച്ച് പോകില്ല’ എന്നാണ്. മാത്രവുമല്ല, സിപിഐഎം സംഘടിപ്പിടിച്ചു പോരുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ തയ്യാറാകില്ല. സിപിഐഎം എന്തുകൊണ്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. തങ്ങള്‍ ശ്രീകൃഷ്ണ ജയന്തിയേ നടത്തിയിട്ടില്ലെന്നും, ശ്രീകൃഷ്ണ ജയന്തി നാളില്‍ ബാലസംഘത്തിന്റെ പേരില്‍ നടന്നത് ഓണാഘോഷത്തിന്റെ സമാപനമാണെന്നുമാണ് പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തന്നെ ഇത് നിഷേധിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. സെപ്തംബര്‍ 6 ലെ ദേശാഭിമാനി പത്രത്തിലെ മുന്‍പേജ് വാര്‍ത്തയില്‍ നല്കിയിരിക്കുന്ന ചിത്രത്തിലെ ബാനറില്‍ ‘ശ്രീകൃഷ്ണജയന്തി ഘോഷയാത്ര’ എന്നും അടിക്കുറിപ്പില്‍ ‘ബാലോത്സവം 2015 ന്റെ ഭാഗമായി പറവൂരില്‍ നടന്ന ഘോഷയാത്ര’ എന്നുമാണ് കൊടുത്തിട്ടുളളത്. ഏതായാലും ദേശാഭിമാനി പത്രത്തില്‍ സംഘപരിവാറുകാര്‍ നുഴഞ്ഞു കയറി നുണക്കഥകളും ചിത്രങ്ങളും പാര്‍ട്ടിവിരുദ്ധതയും പ്രചരിപ്പിച്ചതാണെന്ന് കൊടിയേരി സഖാവ് പറയില്ലെന്ന് കരുതുന്നു…!!! ഇത്തരം മലക്കംമറിയലുകളിലൂടെ സ്വയം തളളിപ്പറയുന്നതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വയം പരിഹാസപാത്രമായി മാറുകയാണ് ചെയ്യുന്നതെന്ന് നേതൃത്വം മനസ്സിലാക്കിയാല്‍ കൊളളാം. പാര്‍ട്ടി മേലാളന്മാര്‍ പറയുന്നത് സ്വന്തം അണികള്‍ക്കും സഖ്യകക്ഷികള്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി ദാസന്മാരായ ബുദ്ധിജീവികള്‍ക്കും ദൃശ്യ-അച്ചടി മാധ്യമങ്ങളിലെ കൂലിയെഴുത്തുകാര്‍ക്കും പോലും ഉള്‍ക്കൊളളാനും ദഹിക്കാനും കഴിയാതിരിക്കുമ്പോള്‍ ഇത്തരം വിതണ്ഡവാദങ്ങള്‍ മറ്റാരാണ് വിശ്വസിക്കുക?
ഹൈന്ദവാചാരങ്ങളേയും, ആഘോഷങ്ങളേയും, പുരാണപുരുഷന്മാരേയും എല്ലാം സംഘപരിവാര്‍ കയ്യടക്കിയെന്നും, ഇവയെല്ലാം രാഷ്ട്രീയവല്കരിച്ചുവെന്നുമാണ് ഇടതുപക്ഷക്കാരും അവര്‍ക്കൊപ്പം ഓശാനപാടുന്ന ഇവിടുത്തെ കപടമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. ഇന്നലെ വരെ ഇക്കൂട്ടരെല്ലാം സംയുക്തമായി നിര്‍ലജ്ജം പ്രചരിപ്പിച്ചിരുന്നത് ഭാരതീയ പുരാണ ഗ്രന്ഥങ്ങളായ വേദങ്ങളും, രാമായണവും, മഹാഭാരതവും, ഭഗവദ്ഗീതയും, ശ്രീരാമനും, ശ്രീകൃഷ്ണനും, വാമനനും, മഹാബലിയും, രക്ഷാബന്ധനുമെല്ലാം സവര്‍ണ്ണമേധാവിത്വത്തിന്റെ പ്രതീകങ്ങളാണെന്നും, കേരളത്തില്‍ ഉത്തരേന്ത്യന്‍ സവര്‍ണ്ണമേധാവിത്വം അടിച്ചേല്പിക്കാനുളള ശ്രമങ്ങളാണെന്നും അതിനാലിവയെയെല്ലാം എതിര്‍ക്കുകയും തച്ചുതകര്‍ക്കുകയും ചെയ്യലാണ് യഥാര്‍ത്ഥവിപ്ലവമെന്നെും എല്ലാമായിരുന്നു. ഇതിനായി ഇവിടെ ഭഗവദ്ഗീതയും രാമായണവും ഭാഗവതവുമെല്ലാം കത്തിക്കുകയും, ക്ഷേത്രവിരുദ്ധ പ്രചരണങ്ങള്‍ക്കായി ഭഗവാന്‍ കാലുമാറുന്നു, വിഷസര്‍പ്പത്തിന് വിളക്കു വയ്ക്കരുത് എന്ന രീതിയിലുളള നാടകങ്ങളും കഥാപ്രസംഗങ്ങളും, കഥകളും നോവലുകളുമെല്ലാം ഇടതുപക്ഷക്കാര്‍ പ്രചരിപ്പിച്ചിരുന്നു. നിര്‍മ്മാല്യം എന്ന സിനിമയിലൂടെ വിഗ്രഹിത്തിനുനേരെ വെളിച്ചപ്പാട് കാര്‍ക്കിച്ചുതുപ്പുന്ന രംഗങ്ങള്‍ വരെ ചിത്രീകരിക്കുകയുണ്ടായി. സ്വതന്ത്ര കേരളത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ഈഎംഎസിന്റെ നേതൃത്വത്തിലുളള ഇടതുമുന്നണി സംഘടിത വൈദേശിക മതശക്തികളുടെ കൈവശമുളള നൂറും അഞ്ഞൂറും ആയിരവും ഏക്കര്‍ കണക്കിനുളള തോട്ടഭൂമികള്‍ ഒഴിവാക്കിക്കൊണ്ട് ഹിന്ദുസമൂഹത്തിന്റെയും ക്ഷേത്രങ്ങളുടെയും കൈവശമുളള ഭൂമികള്‍ ഭൂപരിഷ്‌കരണ നിയമത്തിലൂടെ ബലമായി കൈയടക്കിയപ്പോള്‍ ഇവിടെ ദരിദ്രരായി മാറിയത് കേരളത്തിലെ ഹൈന്ദവസമൂഹവും ക്ഷേത്രങ്ങളുമായിരുന്നു. കമ്യൂണിസ്റ്റ് കുപ്രചരണങ്ങളുടേയും ഭീഷണികളുടേയും ഫലമായി ഒട്ടുമിക്ക ക്ഷേത്രങ്ങളും നിത്യനിദാന ചെലവുകള്‍ക്കുപോലും വകയില്ലാതെയും ആരാധനയ്ക്ക് ഭക്തന്മാരില്ലാതെയും അനാഥമായി കാടുപിടിച്ച് പാമ്പും പട്ടിയും കയറിനിരങ്ങിക്കിടന്ന് പ്രേതാലയങ്ങളായി കിടന്ന ഒരു കാലമിവിടെയുണ്ടായിരുന്നു. അക്കാലത്ത് കമ്യൂണിസ്റ്റ് ഭീഷണികളെ തൃണവല്ക്കരിച്ചുകൊണ്ട് സ്വന്തം ജീവനും രക്തവും നല്കി ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുകയും കാടുംപടലും വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കുകയും അവിടങ്ങളില്‍ സംഘ ശാഖകളും ബാലഗോകുലങ്ങളും മറ്റും ആരംഭിച്ച് ഭയചകിതരായി മാര്‍ക്‌സിസ്റ്റ് ഭീകരതയില്‍ മനംമടുത്ത് കഴിഞ്ഞവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ബൗദ്ധികവും ശാരീരികവുമായ അവബോധവും പകര്‍ന്നു നല്കി ഹിന്ദുസമൂഹത്തിന് ഉയിര്‍ത്തേഴുന്നേല്പ് പ്രദാനം ചെയ്തത് ഇവിടുത്തെ സംഘ പരിവാര്‍ പ്രസ്ഥാനങ്ങളാണ്. ഇന്ത്യന്‍ മാര്‍ക്‌സിസം ഇക്കാലമത്രയും വൈദേശിക സിദ്ധാന്തത്തിന്റെയും യജമാനന്മാരുടെയും ദാസന്മാരായി നിന്നുകൊണ്ട് ഭാരതീയ സംസ്‌കാരത്തേയും ആചാരവിശ്വാസങ്ങളേയും തത്വചിന്തകളേയും ഗ്രന്ഥങ്ങളേയും ആരാധനാപാത്രങ്ങളേയുമെല്ലാം അവഹേളിക്കുകയും പരിഹസിക്കുകയും ഉന്മൂലനം ചെയ്യുകയുമാണ് ചെയ്തിട്ടുളളത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കര്‍മ്മനിരതവും നിരന്തരവും ക്ഷമാപൂര്‍വ്വവുമായ പ്രവര്‍ത്തനഫലമായാണ് കേരളീയ സമൂഹത്തില്‍ കമ്യൂണിസ്റ്റ് ദുഷ്പ്രചരണങ്ങളും അടിച്ചമര്‍ത്തലുകളും ഭീഷണികളും മൂലം മൃതപ്രായമായിരുന്ന ഹൈന്ദവ ചിന്തക്ക് അസൂയാവഹമായ സ്വീകാര്യതയും പിന്തുണയും അടിത്തറയും വേരോട്ടവും ലഭിച്ചത്.
ഏതാനും ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മാത്രമായി ചുരുങ്ങിയിരുന്ന ശ്രീരാമ-ശ്രീകൃഷ്ണ-ഗണേശ ജയന്തികള്‍ സമാജോത്സവങ്ങളായി മാറിയത് സംഘപരിവാറിന്റെ നിസ്തുലമായ പ്രവര്‍ത്തന മികവുകൊണ്ടുതന്നെയാണ്. ഇപ്പറഞ്ഞ പുണ്യപുരാണ പുരുഷന്മാരെയും ഹൈന്ദവദര്‍ശനങ്ങളേയും കീഴ്ജാതി/മേല്‍ജാതി, ധനിക/ദരിദ്ര, സവര്‍ണ്ണ/അവര്‍ണ്ണ, പട്ടണവാസി/ഗ്രാമവാസി/വനവാസി, രാഷ്ട്രീയ/അരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്തത്. സംഘപരിവാറുകള്‍ സംഘടിപ്പിച്ച ഇത്തരം സാമൂഹിക പരിപാടികളില്‍ കക്ഷിരാഷ്ട്രീയദേഭമില്ലാതെ ജനങ്ങള്‍ പങ്കെടുത്തതുകൊണ്ടാണല്ലോ ഭൗതികവാദാധിഷ്ടിതമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന് സ്വന്തം അണികളെ പിടിച്ചു നിര്‍ത്താന്‍ തങ്ങളുടെ വ്യക്തിത്വവും ആദര്‍ശവും പ്രത്യയശാസ്ത്രവുമെല്ലാം ബലികഴിച്ചുകൊണ്ട് ഇത്തരത്തിലുളള പരിഹാസ്യമായ ബദല്‍ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവന്നത്. ഇത് പാര്‍ട്ടിയുടെ ചരിത്രപരമായ ബലഹീനതയെയാണ് കാണിക്കുന്നത്. അതല്ലാതെ പാര്‍ട്ടി അവകാശപ്പെടുന്നതുപോലെ ഹൈന്ദവാചാരങ്ങളെ സംഘപരിവാറിന്റെ പിടിയില്‍ നിന്നും രക്ഷിക്കാനുളള പുരോഗമന സാംസ്‌കാരിക പരിപാടിയല്ല…!!!
ഓണാഘോഷത്തിന്റെ സമാപനമെന്ന പേരില്‍ പാര്‍ട്ടിയുടെ കീഴിലുളള ബാലസംഘത്തിന്റെ പേരില്‍ സിപിഎം നടത്തിയ പരിപാടികളില്‍ പ്രദര്‍ശിപ്പിച്ച ടാബ്ലോകളും, പ്ലക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളുമെല്ലാം പൊതുജനസമക്ഷം പ്രകടമാക്കിയത് കുട്ടികളുടെയും ജനങ്ങളുടേയും മനസ്സില്‍ പകയും വിദേശഷവും വെറുപ്പും സൃഷ്ടിക്കുന്ന സംസ്‌കാരശൂന്യമായ ഒന്നാണെന്നാണ്. ഹൈന്ദവാചാരങ്ങളേയും വിശ്വാസങ്ങളേയും ശ്രീനാരായണഗുരുവുള്‍പ്പെടെയുളള മഹത്‌വ്യക്തിത്വങ്ങളേയുമെല്ലാം നിന്ദ്യമായി അവഹേളിച്ചുകൊണ്ട് സിപിഎം നടത്തിയ പരിപാടി സംഘപരിവാര്‍ നടത്തുന്ന സംസ്‌കാരസമ്പന്നമായ പരിഹാടികളുടെ ഏഴയലത്തുപോലും വരുവാനുളള യോഗ്യതയോ ഗരിമയോ ഔന്നത്യമോ ഉളളതായിരുന്നില്ല. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെപ്പോലും അവര്‍ ക്രൂശില്‍ തറച്ച് കൊലപ്പെടുത്തുകയുണ്ടായി! ഓണാഘോഷ സമാപനത്തിന്റെയോ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെയോ പേരില്‍ നടത്തുന്ന ഒരു പരിപാടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മനസ്സിലായി. ഇതിന് സാംസ്‌കാരിക ഘോഷയാത്ര എന്ന് പുറയുന്നതിനേക്കാള്‍ ഉചിതം ഹിന്ദു-ആര്‍എസ്എസ് വിരുദ്ധ കൊലവിളി പ്രകടനം എന്നതാണ്…!!!
ബാലഗോകുലം അതിന്റെ ആരംഭകാലം മുതല്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളില്‍ സിപിഎം നടത്തിയതുപോലെയുളള സംസ്‌കാരശൂന്യമായ നിശ്ചലദൃശ്യങ്ങളും മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടില്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന തരത്തിലും, ധാര്‍മ്മികമൂല്യങ്ങള്‍ പ്രദാനം ചെയ്യുന്ന തരത്തിലുളള ഹൈന്ദവാരാധനാ പ്രധാനമായ പ്ലോട്ടുകളും, ഭജനകളുമാണ് ഇതിലുള്‍പ്പെടുത്താറുളളത്. ഇവിടെ പിടിക്കാറുളളത് ആര്‍എസ്എസിന്റെ ശാഖകളിലുപയോഗിക്കുന്ന കാവിക്കൊടിയുമല്ല. മറിച്ച് പൗരാണിക ഭാരതത്തിന്റെ പ്രതീകമായ ത്രികോണാകൃതിയിലുളള ഭഗവപതാകകളാണ്. ഇവിടെ ബിജെപിയുടെ കൊടികളോ ഏതെങ്കിലും സംഘടനകള്‍ക്കോ മത-സാമുദായിക-രാഷട്രീയ സംഘടനകള്‍ക്കോ എതിരായി മുദ്രാവാക്യങ്ങളോ ഉയര്‍ത്താറുമില്ല. ഈ ശോഭയാത്രകളില്‍ പങ്കെടുക്കുന്നവരെല്ലാം ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് സംഘാടകര്‍ ആജ്ഞാപിക്കാറുമില്ല. ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ശ്രീരാമജയന്തിയുമെല്ലാം തികച്ചും ഹൈന്ദവവും മതപരവുമായ ഒരു ആഘോഷമെന്ന രീതിയില്‍ ഭാവാത്മകമായി സംഘടിപ്പിക്കുന്നതിനാലാണ് അതില്‍ ലക്ഷോപലക്ഷം ജനങ്ങള്‍ സങ്കുചിത ജാതി-രാഷ്ട്രീയഭേദങ്ങളില്ലാതെ സ്വമനസ്സാലെ പങ്കെടുത്ത് ജന്മസാഫല്യമടയുന്നത്. അതിനാലാണ് അതിശക്തമായ കുപ്രചരണങ്ങളുണ്ടായിട്ടും ഓരോ വര്‍ഷം കഴിയുന്തോറും ഇതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് മാറ്റാരേയും അസൂയപ്പെടുത്തുന്നതരത്തില്‍ ഉണ്ടാകുന്നത്.
ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും ഒരു രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിനും സംഘടിപ്പിക്കണമെന്ന വികലമായ തോന്നലും തദനുസരണമായ അനുകരണങ്ങളും പാര്‍ട്ടിയെ പരിഹാസ്യപാത്രമാക്കുക മാത്രമാണ് ചെയ്യുക. ബഹുജനങ്ങളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാതെ ഭരണകക്ഷിയുമായി ഒത്തുചേര്‍ന്ന് അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ നടത്തുന്നതാണ് സ്വന്തം അണികളെ പാര്‍ട്ടിക്കെതിരാക്കുന്നത്. ഇതിന് പരിഹാരം കാണാതെ വന്‍കിട അമ്യൂസ്‌മെന്റ് പാര്‍ക്കുകളും, പഞ്ച നക്ഷത്ര ഹോട്ടലുകളും, റിസോര്‍ട്ടുകളും, ശീതീകരിച്ച ബഹുനില മന്ദിരങ്ങളും, ആഡംബര വാഹനങ്ങളും മറ്റുമെല്ലാം സംഘടിപ്പിക്കാനും, അന്ധമായ ന്യൂനപക്ഷപ്രീണനവും ഭുരിപക്ഷ ധ്വംസനവും നടത്താനും, നുണപ്രചരണങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ഭീഷണികളിലൂടെയും കാപട്യങ്ങളിലൂടെയും അടവുനയങ്ങളിലൂടെയും പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം ഇന്നനുഭവിക്കുന്ന വര്‍ണ്ണനാതീതമായ മൂല്യശോഷണവും കൊഴിഞ്ഞുപോക്കും അപചയവും.
ഇന്ന് ലോകമെമ്പാടും ആള്‍ദൈവങ്ങള്‍ക്കും മറ്റും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ പതിനായിരങ്ങള്‍ ഒഴുകിയെത്താറുമുണ്ട്. അതു പോലെ ക്രിസ്തുമസ്, നബിദിനം, ബക്രീദ്, റംസാന്‍, ഹജ്ജ് എന്നിവയിലെല്ലാം ലോകമെമ്പാടും അനുയായികള്‍ പങ്കെടുക്കാറുണ്ട്. നാളെ സിപിഎം പ്രവര്‍ത്തകര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നു പറഞ്ഞ് ഇടതുപക്ഷക്കാര്‍ മതേതര നബിദിനവും, ഹജ്ജും, ക്രിസ്തുമസും ആഘോഷിക്കുമോ…? ആള്‍ദൈവങ്ങളുടെയും രോഗശാന്തിശുശ്രൂഷകരുടേയും വിശുദ്ധ ജിന്നുകളുടെയും മറ്റും ചുവടുപിടിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പാര്‍ട്ടിവക വിശുദ്ധന്മാരെ രംഗത്തിറക്കുമോ…? പഴയ സോവിയറ്റ് റഷ്യയിലും, ചൈനയിലും മറ്റും യഥാര്‍ത്ഥ മതപുരോഹിതരെ കൊന്നൊടുക്കിയും തുറുങ്കിലിലടച്ചും ഭ്രാന്താശുപത്രികളിലാക്കിയും പീഡിപ്പിച്ചതിനോടൊപ്പം പാര്‍ട്ടിക്കാരെ ബിഷപ്പുമാരായും ബൗദ്ധ ലാമാമാരായും അരിയിട്ട് വാഴിച്ച് മതവിശ്വാസികളെ കബളിപ്പിക്കന്‍ വിഡ്ഡികളാക്കാന്‍ വഴിതെറ്റിക്കാന്‍ കമ്യണിസ്റ്റ് ഭക്തരാക്കാന്‍ ശ്രമിച്ചിരുന്നതായി ചരിത്രം പറയുന്നു. പക്ഷെ ഈവിധ ശ്രമങ്ങളെല്ലാം ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. മാര്‍ക്‌സിസം മതവിശ്വാസികളോട് പുലര്‍ത്തുന്ന അടിച്ചമര്‍ത്തലിന്റെയും ഉന്മൂലനത്തിന്റെയും ജീവിക്കുന്ന ഉത്തമദൃഷ്ടാന്തങ്ങളാണ് ഇന്ത്യയില്‍ ഇന്നും അഭയാര്‍ത്ഥികളായി കഴിയുന്ന ടിബറ്റിലെ ദലൈലാമയുടെ നേതൃത്വത്തിലുളള ലക്ഷക്കണക്കിനായുളള ബൗദ്ധന്മാര്‍.

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ തങ്ങള്‍ മതവിശ്വാസികള്‍ക്കും അവരുടെ ആരാധനാരീതികള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരല്ലെന്ന് എത്രതന്നെ ആണയിട്ടു പറഞ്ഞാലും അവരുടെ മുന്‍കാല ദുഷ്‌ചെയ്തികളുടെ അടിസ്ഥാനത്തില്‍ അത് കണ്ണടച്ച് വിശ്വസിക്കാന്‍ ഒരാളും തയ്യാറാവുകയില്ല. ഇന്ന് അവര്‍ കാണിക്കുന്ന ഈ മതസ്‌നേഹം താല്കാലിക ലാഭത്തിനും അധികാരം കൈയടക്കാനും ഊട്ടിയുറപ്പിക്കാനുമുളള അടവുനയങ്ങള്‍ മാത്രമാണെന്ന് ഭാരതീയ ജനതയ്ക്ക് ഉത്തമബോദ്ധ്യമുണ്ട്. ഭാരതത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യവും സംസ്‌കാരവും മാനബിന്ദുക്കളുമെല്ലാം ഇടതുപക്ഷങ്ങള്‍ എന്നാണോ ആത്മാര്‍ത്ഥമായി അംഗകരിക്കുകയും അതിനനുസൃതമായി രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് അന്ന് മാത്രമേ അവര്‍ക്ക് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയൂ. അതല്ലാത്തപക്ഷം അണികള്‍ ദേശീയവിചാരധാരകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും അതിന്റെ ശക്തരായ വക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായി മാറുകയും ചെയ്യുമെന്നതിന് സംശയമില്ല. ഈ ഒഴുക്ക് തടയാന്‍ സിപിഎം ഇന്ന് നടത്തുന്ന ദുര്‍ബലശ്രമങ്ങള്‍ ഗുണത്തിനുപകരം കൂടുതല്‍ ദോഷമേ ചെയ്യൂവെന്ന് പാര്‍ട്ടി താനേ മനസ്സിലാക്കും. സിപിഎം നേതാവായ കോടിയേരി ബാലകൃഷ്ണന്‍ ഇക്കഴിഞ്ഞ ദിവസം പ്രസംഗിച്ചത് മഹാബലിയുടെ ഭരണം പ്രാകൃത കമ്യൂണിസമായിരുന്നുവെന്നാണ്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ഭരതന്‍, രഘു, മഹാബലി, പ്രഹ്‌ളാദന്‍, യുധിഷ്ഠിരന്‍ തുടങ്ങിയവരുടെയെല്ലാം ഭരണവും ഇത്തരത്തില്‍ പ്രാകൃത കമ്യൂണിസമായിരുന്നുവെന്ന് സിപിഎം അംഗീകരിക്കുമോ? ഇപ്പറഞ്ഞവരെല്ലാം കമ്യൂണിസ്റ്റ് സിദ്ധാന്തപ്രകാരം സവര്‍ണ്ണ ബൂര്‍ഷ്വാ മുതലാളിത്വ വ്യവസ്ഥിതികളുടെ പ്രതീകങ്ങളല്ലേ? സിപിഎം ഇന്നിവരെയെല്ലാം അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് വൈദേശികമായ ഒരു തത്വശാസ്ത്രം? മാര്‍ക്‌സ് സ്വപ്‌നം കണ്ട് പ്രയോഗത്തില്‍ വരുത്തിയ സോഷ്യലിസ്റ്റ്-സ്റ്റാലിനിസ്റ്റ്-മാവോയിസ്റ്റ് ഭരണത്തേക്കാളും ഉന്നത നിലവാരമുളള ഭരണക്രമങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് അംഗീകരിക്കുകയല്ലേ വേണ്ടത്. ഉന്നതമായ മനുഷ്യസ്‌നേഹത്തിലും ദയയിലും സമത്വത്തിലും അധിഷ്ഠിതമായ മഹാത്മഗാന്ധി ദര്‍ശിച്ച രാമരാജ്യം (കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസൃതമായി) പുനഃസ്ഥാപിക്കുന്നതിനായി എല്ലാവരും ഒരൊറ്റ ദേശീയബോധത്തില്‍ അണിനിരക്കുകയാണ് വേണ്ടത്. അതിനായി വഴിപിഴച്ചുപോയ തെറ്റിദ്ധരിപ്പിക്കപ്പെട്ട എല്ലാ ഇടതുപക്ഷക്കാരേയും വിശാലമായ ഹിന്ദുത്വചിന്താധാരയിലേക്ക് നമുക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യാം.

About Managing Editor

Leave a Reply