Home / News / Features / യജുര്‍വേദ മഹായജ്ഞം മെയ് 7 മുതല്‍ എറണാകുളം കലൂരില്‍

യജുര്‍വേദ മഹായജ്ഞം മെയ് 7 മുതല്‍ എറണാകുളം കലൂരില്‍

കൊച്ചി : ആര്‍ജ്ജിത ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തില്‍ മെയ് 7 മുതല്‍ 10 വരെ യജുര്‍വേദ മഹായജ്ഞം എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു. കര്‍മ്മത്തിന്റെ വേദമായ യജുര്‍വേദത്തിലെ മുഴുവന്‍ മന്ത്രങ്ങളും ഉരുക്കഴിച്ച് ഹോമാഗ്നിയില്‍ ഹോമദ്രവ്യങ്ങളര്‍പ്പിക്കുന്ന നിര്‍വഹണമാണ് യജുര്‍വേദ മഹായജ്ഞം. ആചാര്യശ്രേഷ്ഠന്മാരും, സന്യാസിവര്യന്മാരും പങ്കെടുക്കുന്ന വിജ്ഞാന സദസുകള്‍, 108 കര്‍മ്മികളാല്‍ 108 ഹോമകുണ്ഡങ്ങളില്‍ ഒരേ സമയത്ത് ഒരേ പോലെ നടക്കുന്ന 108 മഹാഗണപതി ഹോമം, ക്ഷേത്ര അനുഷ്ഠാന കലകള്‍, നാമസങ്കീര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കര്‍മ്മങ്ങള്‍ ഇതോടൊപ്പം നടത്തുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഈ മഹായജ്ഞത്തില്‍ ദിവസേന മൂന്നു നേരവും അന്നദാനവും നടത്തുന്നു. ആര്‍ജ്ജിത ബ്രാഹ്മണരാല്‍ കേരളത്തില്‍ ഇദംപ്രദമായി നടത്തുന്ന യജുര്‍വേദ മഹായജ്ഞമെന്ന പ്രാധാന്യവും ഇതിനുണ്ട്. കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം മഹായജ്ഞത്തിന്റെയും വേദങ്ങളുടെയും സന്ദേശം ജനങ്ങളിലെത്തിക്കാന്‍ തിരുവനന്തപുരത്തു നിന്നും പാലക്കാട്ടു നിന്നുമുളള രണ്ട് വിളംബര രഥഘോഷയാത്രയും ഇതിനു മുന്നോടിയായി നടക്കും. മെയ് 6 ന് രാവിലെ 5 ന് തിരുവനന്തപുരം പഴഞ്ചിറ ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന രഥ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5.30 ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. അവിടെ രഥഘോഷയാത്രക്ക് ജില്ലാ കമ്മറ്റിക്കു പുറമെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സ്വീകരണം നല്‍കി വരവേല്കും. പിറ്റേന്ന് 7 ന് രാവിലെ ചെങ്ങന്നൂരില്‍ നിന്നും പുറപ്പെടുന്ന രഥഘോഷയാത്ര തിരുവല്ല, ചക്കുളത്തുകാവ് തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ രാത്രി 8 ന് എറണാകുളത്ത് യജ്ഞവേദിയിലെത്തിച്ചേരും. അന്നേ ദിവസം വൈകിട്ട് 4.30 ന് മഹായജ്ഞത്തിന് സമാരംഭം കുറിച്ചുകൊണ്ടുളള ഉദ്ഘാടനം ശ്രീരാമദാസ മിഷന്‍ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമികള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഡോ.എം.ലക്ഷ്മീകുമാരി. കുമ്മനം രാജശേഖരന്‍, സ്വാമി ശിവബോധാനന്ദ, ആര്‍. ഹരി, പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമി, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, ഡോ.എം.സി. ദിലീപ്കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാവിലെ 5 നടക്കുന്ന ഗണപതിഹോമത്തോടെയാണ് യജ്ഞാരംഭം കുറിക്കുന്നത്. സമാപന ദിവസമായ 10 ന് വൈകിട്ട് 5 ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു (എക്‌സൈസ് ഫിളറീസ് വകുപ്പ്) ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭജനസന്ധ്യ നടക്കും.

About Managing Editor

Leave a Reply