Home / News / വെണ്‍മണി ശാര്‍ങ്ങക്കാവില്‍ വിഷു കെട്ടുകാഴ്ചകള്‍ ഒരുക്കി കരക്കാര്‍

വെണ്‍മണി ശാര്‍ങ്ങക്കാവില്‍ വിഷു കെട്ടുകാഴ്ചകള്‍ ഒരുക്കി കരക്കാര്‍

ചെങ്ങന്നൂര്‍ : വെണ്‍മണി ശാര്‍ങ്ങക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ വിഷു ഉത്സവത്തിന് വിവിധ കരകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 15 നാണ് വിഷു ഉത്സവം. ആറ്റുവ, ഇടപ്പോണ്‍, ചെറുമുഖ, വെണ്മണി ഏറം, പുന്തല എന്നീ കരകളുള്‍പ്പെടുന്ന ക്ഷേത്രസംരക്ഷണ സമിതിയും ദേവസ്വം ട്രസ്റ്റും സംയുക്തമായാണ് ഉത്സവത്തിന് മേല്‍നോട്ടം വഹിക്കുക. ഇവിടുത്തെ പ്രധാന കാഴ്ചകളായ തേരുകളും, കുതിരകളും, കാളകളും മനുഷ്യപ്രയത്‌നത്തിന്റെയും കായികക്ഷമതയുടെയും പ്രതീകങ്ങളാണ്. തട്ടുകളില്‍ നിന്നുകൊണ്ട് വേല കളിക്കാവുന്നതും അച്ചുതണ്ടില്‍ കറക്കാന്‍ കഴിയുന്നതും ചക്രങ്ങളിലൂടെ നീക്കാവുന്നതും മൂന്ന് കൂടാരങ്ങളുളളതുമായ വേലത്തേരുകള്‍ ശാര്‍ങ്ങക്കാവിലെ മാത്രം പ്രത്യേകതയാണ്. വിഷു ഉത്സവത്തിന്റെ ഭാഗമായുളള വാണിജ്യമേളയും കാര്‍ഷിക വിപണിയും ക്ഷേത്ര മൈതാനിയില്‍ തുടങ്ങി 16 ന് സമാപിക്കും. ആറ്റുവ, ചെറുമുഖ, ഇടപ്പോണ്‍, പുന്തല, വെണ്‍മണി കരകളും, വിവിധ ഹൈന്ദവസമിതികളും, യുവജന സമിതികളുമാണ് കെട്ടുകാഴ്ചകള്‍ ഒരുക്കുന്നത്. ക്ഷേത്രത്തിലെ വേലകളിക്ക് ആറ്റുവ കരയാണ് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തെ വലംവച്ച് ഒഴുകുന്ന അച്ചന്‍കോവിലാറിന്റെ സമീപത്താണ് കരയുടെ സ്ഥാനം. ആയോധനകലയെ അവതരിപ്പിക്കാന്‍ കഴിയുന്ന അച്ചുതണ്ടില്‍ കറങ്ങുന്ന മൂന്ന് കൂടാരങ്ങളോടു കൂടിയ വേലത്തേരാണ് ആറ്റുവായുടെ കെട്ടുകാഴ്ച. ക്ഷേത്രത്തിന്റെ തെക്കു ഭാഗത്താണ് ചെറുമുഖ കരയുടെ സ്ഥാനം. രാജപ്രൗഢിയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കൂടാരമുളള തേരാണ് കരയുടെ കെട്ടുകാഴ്ച.. ദേവിക്ക് വിഷുക്കണി ഒരുക്കുന്ന കരയാണ് ഇടപ്പോണ്‍. ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ് ഭാഗമാണ് ഈ കരയുടെ സ്ഥാനം. വിഷുദിവസത്തില്‍ പുലര്‍ച്ചക്ക് മുന്‍പു തന്നെ കുതിര കണിയൊരുക്കി ദേവിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന് സമീപത്തെ കരയാണ് പുന്തല. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്താണ് ഇവരുടെ സ്ഥാനം. സമീപ കരയാണെങ്കിലും കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് കെട്ടുകാഴ്ച. എത്തുന്നത്. അച്ചന്‍കോവിലാറ്റില്‍ കൂടി വളളങ്ങള്‍ കൂട്ടിക്കെട്ടി അതിലാണ് കുതിരയെ ക്ഷേത്രത്തിലെത്തിക്കുന്നത്. ആറ്റുവ, ചെറുമുഖ, ഇടപ്പോണ്‍, പുന്തല എന്നീ കരകളുടെ കെട്ടുകാഴ്ച.കളുടെ സംഗമസ്ഥാനമാണ് വെണ്‍മണി കരക്കുളളത്. ക്ഷേത്രം സ്ഥിതിചെയ്യുന്നത് വെണ്‍മണി ശരയിലാണ്. ആയോധന കലയെ മെയ്‌വഴക്കത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന മൂന്ന് കൂടാരങ്ങളുളള വേലകളി തേരാണ് വെണ്‍മണി കരയുടെ കെട്ടുകാഴ്ച.. കൂടാതെ കരകളിലെ വിവിധ ഹൈന്ദവ യുവജന സമതികളുടെ കെട്ടുകാഴ്ച.കളും, നേര്‍ച്ച കെട്ടുകാഴ്ച.കളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. 15 ന് വൈകിട്ട് 3 മണിയോടെ കെട്ടുകാഴ്ച.കള്‍ ക്ഷേത്രത്തിലേക്ക് എത്തിതുടങ്ങും. കരക്രമങ്ങള്‍ അനുസരിച്ച് കെട്ടുകാഴ്ചകള്‍ ദേവീദര്‍ശനം നടത്തും. അന്നേ ദിവസം രാവിലെ പുന്തല കരയുടെയും, വെണ്‍മണി ഭാരതാംബ സേവാ സമിതിയുടെയും നേതൃത്വത്തില്‍ കാവടിയാട്ടം, ഉച്ചക്ക് 2.30 മുതല്‍ കെട്ടുകാഴ്ച വരവേല്പ്, രാത്രി 7 മുതല്‍ വിവിധ കലാപരിപാടികള്‍, പുലര്‍ച്ചെ 2.30 ന് വേലകളി, വിളക്കെടുപ്പ്, തിരുമുമ്പില്‍ വേല എന്നിവയും നടക്കും.

വെണ്‍മണിയില്‍ കാര്‍ഷിക-വാണിജ്യ വിപണി മേളക്ക് തിരക്കേറുന്നു

ചെങ്ങന്നൂര്‍ : വെണ്‍മണി ശാര്‍ങ്ങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് ആരംഭിച്ച കാര്‍ഷിക-വാണിജ്യ വിപണി മേളക്ക് തിരക്കേറുന്നു. ഒരു കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകരയില്‍ കൃഷിവിളകളുടെ വിപണനകേന്ദ്രമായിരുന്നു ശാര്‍ങ്ങക്കാവ്. ഇവിടുത്തെ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നമ്മുടെ മഹത്തായ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലാകുന്നു. കാര്‍ഷിക സമൃദ്ധിക്ക് കാലപ്രവാഹത്തില്‍ പ്രാധാന്യം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ഷിക വിപണിയുടെ പ്രാധാന്യം കുറഞ്ഞുവന്നു. എന്നാല്‍ ഉത്സവകാലത്ത് ശാര്‍ങ്ങക്കാവില്‍ ആണ്ടുതോറും നടത്തിവരുന്ന കാര്‍ഷികോപകരണങ്ങളുടെയും ഉല്പന്നങ്ങളുടെയും കൂടാതെ പാത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയുടെയും വിപണന മേള നമുക്ക് നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുകയാണ്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ ‘നടുതലകള്‍’, മറ്റ് കാര്‍ഷിക ഉല്പന്നങ്ങള്‍, കുട്ട, വട്ടി, തവി, മുറം, പറ, ചങ്ങഴി, കലപ്പയും കോടാലിയും, വീട്ടുപകരണങ്ങള്‍ തുടങ്ങി മണ്ണിന്റെ മണമുളളതെല്ലാം വിഷുവിന് ഇവിടെ ലഭിക്കും. കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും 16 ന് സമാപിക്കും.

About Managing Editor

Leave a Reply