Home / Essays / Art / ശബരിമലയും സിനിമയും

ശബരിമലയും സിനിമയും

Vijayakrishnan

ലേഖകന്‍: വിജയകൃഷ്ണൻ

നൂറു കൊല്ലം മുന്‍പ് ഫോട്ടോഗ്രാഫിയിലും മാജിക്കിലുമൊക്കെ തല്പരനായ ഒരു യുവാവ് മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ഒരു ദിവസം ഒരു സിനിമ കാണാന്‍ കയറി. ‘ക്രിസ്തുവിന്റെ ജീവിതം’ എന്ന സിനിമയായിരുന്നു അത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ യുവാവിനു ഒരു തോന്നലുണ്ടായി. ക്രിസ്തുവിന്റെ കഥ സിനിമയില്‍ വന്നതുപോലെ നമ്മുടെ പുരാണ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും?പിന്നെയങ്ങോട്ട് തിരശീലയില്‍ വന്നുകൊണ്ടിരുന്ന ഇമെജുകളല്ല യുവാവ് കണ്ടത്.അയാളുടെ മനസ്സിലെ വെള്ളിത്തിരയില്‍ ശ്രീരാമനും ശ്രീകൃഷ്ണനും അവരുമായി ബന്ധപ്പെട്ട സംഭവപരമ്പരകളും ഒന്നിനു പിന്നിലൊന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മനസ്സില്‍ക്കണ്ടാതോക്കെ കാലാന്തരത്തില്‍ അയാള്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. അയാളുടെ ആദ്യചിത്രമായിരുന്നു ‘രാജാ ഹരിശ്ചന്ദ്ര’. ഇന്ത്യയുടെ ആദ്യചിത്രം. ആ യുവാവ് ദാദാ സാഹെബ് ഫാല്‌കെ ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന് പില്‍ക്കാലത്തറിയപ്പെട്ടു. ഭാരതത്തിന്റെ പുരാണേതിഹാസങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വെള്ളിത്തിരയിലേക്ക് പകര്‍ത്തി.

ഭക്തിചിത്രങ്ങള്‍ പിന്നീട് വെറുമൊരു ബോക്‌സ് ഓഫീസ് തന്ത്രം മാത്രമായി മാറി. ആത്മീയതയെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത വ്യക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യാനായി ഭക്തി ഉപയോഗപ്പെടുത്തുകയായിരുന്നു. മലയാളത്തിലെ പുരാണവ്യവസായികള്‍ പി.സുബ്രമണ്യവും കുഞ്ചാക്കൊയുമായിരുന്നു. മതാതീയമായ ഭക്തിയാണ് സിനിമയിലേക്കവര്‍ കൊണ്ടുവന്നത്. കുഞ്ചാക്കോ ഹിന്ദുപുരാണചിത്രങ്ങളാണ് കൂടുതലെടുത്തത്. (സീത, കൃഷ്ണകുചേല, കൊടുങ്ങല്ലൂരമ്മ) സുബ്രമണ്യം സ്‌നാപകയോഹന്നാന്‍ ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ തമ്മില്‍ ഒരു യുദ്ധമുണ്ടായി. കുഞ്ചാക്കോ കൃഷ്ണകുചേല പുറത്തിറക്കിയ അതേ വാരം സുബ്രമണ്യം ഭക്തകുചേല റിലീസ് ചെയ്തു. കൃഷ്ണകുചേല മലയാളത്തിലെ ഒന്നാംകിട താരങ്ങളാല്‍ നിബിഡമായിരുന്നു. സത്യനും പ്രേം നസീറും തിക്കുറിശിയും കൊട്ടാരക്കരയുമെല്ലാം ‘കൃഷ്ണകുചേല ‘യുടെ ഭാഗമായി. മലയാളത്തിലെ താരനിര തനിക്കന്യമാണെന്ന് മനസ്സിലാക്കിയ സുബ്രമണ്യം തെലുങ്കില്‍ നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്തു. ശ്രീകൃഷ്ണനായി കാന്തറാവു വന്നു. ആഞ്ജനേയലു കുചേലനായി. ‘ഭക്തകുചേല’സൂപ്പര്‍ഹിറ്റായപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ അണി നിരന്ന ‘കൃഷ്ണകുചെല ‘വന്‍പരാജയമായി. അതോടെ സുബ്രമണ്യം മലയാളത്തിലെ എതിരറ്റ പുരാണചിത്ര സംവിധായകനായി.

എങ്കിലും….ഇന്ന് ബൈബിളും ഗ്രീക്ക് പുരാണങ്ങളും പ്രതിപാദിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ കാണുമ്പോള്‍ പണ്ട് ഫാല്‌ക്കെ മോഹിച്ചത് പോലെ ആരും മോഹിച്ചു പോകും. ഇങ്ങനെ ഗംഭീരമായി 3 ഡിയിലും മറ്റു സാങ്കേതിക പൂര്‍ണതയിലും നമ്മുടെ പുരാണങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ന്. അതെ, നമുക്ക് ചെയ്യാന്‍ അനേകം കാര്യങ്ങളുണ്ട്. ഇനിയെങ്കിലും അവ സാക്ഷാല്‍ക്കരിക്കപ്പെടുമെന്നു കരുതാം.

മലയാളത്തില്‍ ഏറ്റവുമധികം തവണ ഫിലിം ചെയ്യപ്പെട്ട ഭക്തിചിത്രം ശബരിമല ശ്രീ അയ്യപ്പനാണ്. ആദ്യമായി അയ്യപ്പന്റെ കഥ സിനിമയില്‍ വന്നത് 1961 ലാണ്. കോയമ്പത്തൂരിലെ പക്ഷിരാജ സ്റ്റുഡിയോ ആണ് അത് നിര്‍മ്മിച്ചത്. സ്റ്റുഡിയോയുടെ ഉടമയായ എസ.എം.ശ്രീരാമുലു നായിഡു തന്നെയായിരുന്നു സംവിധായകന്‍. ശാസ്താ ഫിലിംസ് എന്ന ബാനറിലാണ് അവര്‍ ചിത്രം അവതരിപ്പിച്ചത്. തിക്കുറിശി സുകുമാരന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത്. അഭയദേവ് രചിച്ച പന്ത്രണ്ടു ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. സംവിധായകന്റെ സഹോദരനായ എസ് .എം.സുബ്ബയ്യ നായിഡുവാണ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. ഒരു മണ്ഡലക്കാലത്ത് റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങള്‍ കേരളക്കര മുഴുവന്‍ അലയടിക്കുകയുണ്ടായി. തിക്കുറിശ്ശി, കൊട്ടാരക്കര, ജി.കെ.പിള്ള, പദ്മിനി, രാഗിണി, അംബിക തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രത്തില്‍ അയ്യപ്പനെ അവതരിപ്പിച്ചത് ഹരിയാണ്. ജനഹൃദയം കവര്‍ന്ന ഹരി വമ്പിച്ച പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. പില്‍ക്കാലത്ത് ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം ഒരു ഡബ്ബിംഗ് അര്‍ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം ഒതുങ്ങിപ്പോകുകയാനുണ്ടായത്. മലയാളതിലെന്നപോലെ തമിഴിലും തെലുങ്കിലും ചിത്രം സൂപ്പര്‍ ഹിറ്റായി. മലയാളത്തിലെ രണ്ടാമത്തെ വര്‍ണചിത്രമായിരുന്നു ശബരിമല ശ്രീ അയ്യപ്പന്‍ എന്നും ഓര്‍ക്കാം.

1970 ലെ ‘ശബരിമല ശ്രീ ധര്‍മാശാസ്ത’യാണ് രണ്ടാമത്തെ അയ്യപ്പന്‍ ചിത്രം. സി.ആര്‍ .കെ.നായര്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ തിരക്കഥ രചിച്ചത് ജഗതി എന്‍ .കെ. ആചാരിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം നിര്മിക്കപ്പെട്ടത്. ഒരു പുരാണ ചിത്രം എന്ന നിലയില്‍ വര്‍ണമില്ലാതെ ചിത്രം വന്നത് ആസ്വാദകരെ അതില്‍ നിന്നും അകറ്റി. മനോഹരമായ ഗാനങ്ങളുണ്ടായിരുന്നു ഈ ചിത്രത്തില്‍. വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ ഗാനങ്ങളോടൊപ്പം കുറുമള്ളൂര്‍ നാരായണപിള്ള രചിച്ച ഗാനങ്ങളും. പിന്നെ സാക്ഷാല്‍ ശ്രീ ശങ്കരഭഗവല്‍പാദരുടെ തിരഞ്ഞെടുത്ത കൃതികളും ചേര്‍ന്നതായിരുന്നു ഗാനവിഭാഗം. വി. ദക്ഷിനാമൂര്‍ത്തിയായിരുന്നു സംഗീതസംവിധായകന്‍. ആ ഗാനങ്ങളൊക്കെ നഷ്ടപ്പെട്ടുവെന്നു വേണം മനസ്സിലാക്കാന്‍. ദാരുണമായ ഒരു നഷ്ടം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. കെ.പി.ഉമ്മറാണ് ഇതില്‍ പരമശിവനെ അവതരിപ്പിച്ചത്. ആ റോള്‍ ചെയ്യുന്നതിലെ വിമ്മിഷ്ടം ഉമ്മറിന്റെ മുഖത്ത് എഴുതിവച്ചതുപോലെ കാണാമായിരുന്നു. ശിവാജി ഗണേശന്റെയും ജെമിനി ഗണേശന്റെയും ശിവവേഷങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഒരു പാരഡിയായി മാത്രമേ ഉമ്മറിന്റെ വേഷം അനുഭവപ്പെടുമായിരുന്നുള്ളൂ.
xഇത്രയും വിമ്മിഷ്ടപ്പെട്ടു ഒരു വേഷം കൂടി മാത്രമേ ഉമ്മര്‍ ചെയ്തിട്ടുണ്ടാവൂ. ‘കരുണ’യിലെ ഉപഗുപ്തന്റെ വേഷം. എം.കൃഷ്ണന്‍ നായരായിരുന്നു ‘ധര്മാശാസ്ത’യുടെ സംവിധായകന്‍.

മൂന്നാമതായെത്തിയ അയ്യപ്പന്‍ ചിത്രമാണ് മലയാളം ഇരുകൈകളും നീട്ടി ഏറ്റുവാങ്ങിയ അയ്യപ്പസിനിമ. തികഞ്ഞ ആസ്തിക്യ ബോധത്തോടെ, അയ്യപ്പസേവ എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ സിനിമ. പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പനാണ്’ഈ ചിത്രം. ശ്രീകുമാരന്‍ തമ്പിയാണിതിന്റെ രചന നിര്‍വഹിച്ചത്. വയലാറും ശ്രീകുമാരന്‍ തമ്പിയും രചിച്ച ഗാനങ്ങള്‍ക്ക് ദേവരാജന്‍ സംഗീതം പകര്‍ന്നു. നിരീശ്വരവാദികളായി അറിയപ്പെടുന്ന വയലാറും ദേവരാജനും മലയാളത്തിലെ ഏറ്റവും ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ക്കാണ് ജന്മം നല്കിയത്. ജെമിനി ഗണേശന്‍, മധു, തിക്കുറിശ്ശി. ഉണ്ണിമേരി, ശ്രീവിദ്യ, ലക്ഷ്മി തുടങ്ങിയവര്‍ ഇതിലഭിനയിച്ചു. ഈ ചിത്രത്തില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ട് സുബ്രഹ്മണ്യം ഒരു റിലിജിയസ് ട്രസ്റ്റ് ആരംഭിച്ചു. ട്രസ്റ്റ് ശബരിമലയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവ്വിധത്തില്‍ ട്രസ്റ്റ് വലിയ സാമൂഹികസേവനമാണ് നിര്‍വഹിച്ചത .ഒരു പക്ഷെ സര്‍ക്കാരുകള്‍ക്ക് പോലും ഏറ്റെടുക്കാനാവാത്ത സാമൂഹിക ദൗത്യം.

ഇവിടെ നിന്നങ്ങോട്ട് അയ്യപ്പചരിതം തികച്ചും കച്ചവട വട്ക്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. എഡിറ്ററായ സുരേഷ് സംവിധാനം ചെയ്ത ‘ശ്രീ അയ്യപ്പനും വാവരും’ വിശ്വസനീയമാകാതെ പോയി. പുരുഷന്‍ ആലപ്പുഴയും കാര്‍ത്തികേയന്‍ ആലപ്പുഴയുമാണ് ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ .ലൈംഗിക ചിത്രങ്ങളുടെ എഴുത്തുകാരനും നിര്‍മാതാവുമാണ് പുരുഷന്‍ എന്നുള്ളതുകൊണ്ടാണ് ഇതിനു വിശ്വാസ്യതയില്ലാതെ പോയത്. പൂവച്ചല്‍ ഖാദര്‍ എഴുതി എ.ടി.ഉമ്മര്‍ സംഗീതം നല്കിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. പ്രേം നസീറും സോമനും മോഹന്‍ ലാലുമൊക്കെ ഇതിന്റെ താരനിരയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതുവരെ പറഞ്ഞ ചിത്രങ്ങളൊക്കെ മലയാളത്തില്‍ നിര്‍മിക്കപ്പെടുകയും പിന്നീട് മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്താപെടുകയും ചെയ്തവയാണ്. എന്നാല്‍.ഇതിനു ശേഷം വന്ന അയ്യപ്പന്‍ ചിത്രങ്ങള്‍ തമിഴിലോ തെലുങ്കിലോ നിര്‍മിക്കപ്പെട്ടശേഷം മലയാളത്തിലേക്ക് പകര്‍ത്തിയവയാണ്. ശബരിമല ശ്രീ അയ്യപ്പന്‍ (രേണുകാ ശര്‍മ്മ), ശബരിമലയില്‍ തങ്കസൂര്യോദയം (കെ.ശങ്കര്‍) എന്നീ ചിത്രങ്ങള്‍ മൊഴിമാറ്റം ചെയ്തത് പി.സുബ്രഹ്മണ്യത്തിന്റെ മകന്‍ സുബ്രഹ്മണ്യം കുമാറാണ്.

സീരിയലുകളുടെ കാലത്തിനു ശേഷം മിക്കവാറും മണ്ഡലകാലങ്ങളില്‍ ഓരോ സീരിയല്‍ വച്ച് പ്രക്ത്യക്ഷപ്പെടുന്നുണ്ട്. കച്ചവടം എന്ന ഏക ലക്ഷ്യമേ ഇവയ്ക്കുള്ളൂ. ഇവയെല്ലാം തന്നെ പരമ്പരാഗതമായ ഐതിഹ്യത്തെതന്നെ അവലംബിച്ച് നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍ ആദ്യമായി ഏഷ്യാനെറ്റില്‍ പ്രക്ത്യക്ഷപ്പെട്ട പി.എന്‍ മേനോന്റെ ‘അയ്യപ്പന്‍’പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്ന് ഭിന്നമായി ഡോ.എസ് .കെ.നായര്‍ രചിച്ച ഒരു നോവലിനെ അവലംബിച്ചുള്ളതാണ്. അത് ഒട്ടും തന്നെ ജനപ്രീതി നേടാഞ്ഞത് കൊണ്ട് ആ കഥയെ പിന്തുടരാന്‍ പിന്നീടാരും തയാറായില്ല.
എന്തായാലും ഒന്ന് സത്യമാണ്: മറ്റെല്ലാ ഹൈന്ദവ പുരാണ കഥകളും പോലെ ശ്രീ അയ്യപ്പന്റെ കഥയും കലാപരമായ ആവിഷ്‌കരണത്തിന് വിധേയമായിട്ടില്ല. എല്ലാം ഇനിയും പുനര്‍നിര്‍മിക്കപ്പെടെണ്ടാതായുണ്ട്.

നൂറു കൊല്ലം മുന്‍പ് ഫോട്ടോഗ്രാഫിയിലും മാജിക്കിലുമൊക്കെ തല്പരനായ ഒരു യുവാവ് മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ഒരു ദിവസം ഒരു സിനിമ കാണാന്‍ കയറി. 'ക്രിസ്തുവിന്റെ ജീവിതം' എന്ന സിനിമയായിരുന്നു അത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ യുവാവിനു ഒരു തോന്നലുണ്ടായി. ക്രിസ്തുവിന്റെ കഥ സിനിമയില്‍ വന്നതുപോലെ നമ്മുടെ പുരാണ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും?പിന്നെയങ്ങോട്ട് തിരശീലയില്‍ വന്നുകൊണ്ടിരുന്ന ഇമെജുകളല്ല യുവാവ് കണ്ടത്.അയാളുടെ മനസ്സിലെ വെള്ളിത്തിരയില്‍ ശ്രീരാമനും ശ്രീകൃഷ്ണനും അവരുമായി ബന്ധപ്പെട്ട സംഭവപരമ്പരകളും ഒന്നിനു പിന്നിലൊന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മനസ്സില്‍ക്കണ്ടാതോക്കെ കാലാന്തരത്തില്‍ അയാള്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. അയാളുടെ ആദ്യചിത്രമായിരുന്നു 'രാജാ ഹരിശ്ചന്ദ്ര'. ഇന്ത്യയുടെ ആദ്യചിത്രം. ആ യുവാവ് ദാദാ സാഹെബ് ഫാല്‌കെ ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന് പില്‍ക്കാലത്തറിയപ്പെട്ടു. ഭാരതത്തിന്റെ പുരാണേതിഹാസങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വെള്ളിത്തിരയിലേക്ക് പകര്‍ത്തി. ഭക്തിചിത്രങ്ങള്‍ പിന്നീട് വെറുമൊരു ബോക്‌സ് ഓഫീസ് തന്ത്രം മാത്രമായി മാറി. ആത്മീയതയെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത വ്യക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യാനായി ഭക്തി…

Review Overview

Best

Summary : നൂറു കൊല്ലം മുൻപ്

User Rating: Be the first one !
0

About Managing Editor

Leave a Reply