Home / News / Features / ശ്രീദേവി ബാലകൃഷ്ണന്‍ ബിജെപിയിലേക്ക്

ശ്രീദേവി ബാലകൃഷ്ണന്‍ ബിജെപിയിലേക്ക്

ചെങ്ങന്നൂര്‍ : മാര്‍ച്ച് 30 ന് നടന്ന ചെങ്ങന്നൂര്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിമതയും മുന്‍ ചെയര്‍പേഴ്‌സണും മൂന്നാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീദേവി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൊബൈല്‍ ഓണ്‍ ലൈനിലൂടെ ബിജെപി മെമ്പര്‍ഷിപ്പ് ശ്രീദേവി ബാലകൃഷ്ണന്‍ എടുക്കുകയായിരുന്നു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ഖജാന്‍ജി കെ.ജി.കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍, എം.ജി.എം. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Sobha-Varghese_Chengannur-C

ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ്

ശോഭാ വര്‍ഗീസ് ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍
ചെങ്ങന്നൂര്‍ നഗരസഭാ അദ്ധ്യക്ഷയായി കോണ്‍ഗ്രസിലെ ശോഭാ വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ സേതു സുരേന്ദ്രനാഥിനെ 11 ന് എതിരെ 14 വോട്ടുകള്‍ക്കാണ് ശോഭ പരാജയപ്പെടുത്തിയത്. ഏക ബിജെപി അംഗം ഭാര്‍ഗവി ടീച്ചറും, കോണ്‍ഗ്രസ് വിമത ശ്രീദേവി ബാലകൃഷ്ണനും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് പുതുവന ശോഭയുടെ പേര് നിര്‍ദ്ദേശിച്ചു. സുജന്‍ ഐക്കര പിന്താങ്ങി. സേതു സുരേന്ദ്രനാഥിന്റെ പേര് ബി. സുദീപ് നിര്‍ദ്ദേശിച്ചു, ദീപ പിന്താങ്ങി. യൂഡിഎഫിന്റെ ധാരണ പ്രകാരം വത്സമ്മ ഏബ്രഹാം (കേരളാ കോണ്‍. എം) രാജിവെച്ച ഒഴിവിലാണ് ഇപ്പോള്‍ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 15 ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ശോഭാ വര്‍ഗീസ് ഇതേ കൗണ്‍സിലിന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍ ആയി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ കൗണ്‍സിലിന്റെ നാലാമത്തെ ചെയര്‍പേഴ്‌സണ്‍ ആണ് ശോഭ. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ആര്‍ഡിഒ വി.ഡി. ലതാമ്മ റിട്ടേണിംഗ് ഓഫീസറായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി എ.എസ്. സുഭഗന്‍, എഞ്ചിനീയര്‍ എം. ആരീഫ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ ചെയര്‍പേഴ്‌സണ്‍ ആയി ശോഭാ വര്‍ഗീസ് ചുമതലയേറ്റു. ചെങ്ങന്നൂര്‍ നഗരസഭയില്‍ അടിക്കടി ഭരണം മാറുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ സമയത്ത് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. യുഡിഎഫ് 15, എല്‍ഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയാണ് 27 അംഗ കൗണ്‍സിലിന്റെ ഇപ്പോഴത്തെ കക്ഷിനില.
കേരളാ കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് വിമതരേയും ഒതുക്കി എംഎല്‍എയുടെയും എംപിയുടെയും ഇടപെടല്‍
കഴിഞ്ഞ ഒരു മാസമായി നഗരസഭാ അധ്യക്ഷസ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂഡിഎഫിന് അകത്ത് നിരവധി കോലാഹലങ്ങള്‍ നടന്നുവരികയായിരുന്നു. ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വത്സമ്മ ഏബ്രഹാം ഇക്കഴിഞ്ഞ മാര്‍ച്ച് 5 ന് യൂഡിഎഫ് ധാരണ പ്രകാരം സ്ഥാനം രാജിവെച്ചിരുന്നു. അതോടൊപ്പം വൈസ് ചെയര്‍മാന്‍ ബിജു. ആര്‍ (കോണ്‍ഗ്രസ്) തത്സ്ഥാനം രാജിവെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ശഠിച്ചെങ്കിലും അത് ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസിലെ ജോസ് പുതുവനയും, വത്സമ്മ ഏബ്രഹാമും ബജറ്റ് യോഗം ബഹിഷ്‌കരിച്ചിരുന്നു. അതേ സമയം കോണ്‍ഗ്രസിനകത്തും കല്ലുകടികളുണ്ടായി. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മൂന്ന് പേരുകളാണ് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ശോഭാ വര്‍ഗീസ്, സുജാ ജോണ്‍, ശ്രീദേവി ബാലകൃഷ്ണന്‍ എന്നിവരാണ് അവര്‍. മൂവരും മുന്‍ നഗരസഭാ അധ്യക്ഷമാരുമാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഹിതപരിശോധന നടത്തിയപ്പോള്‍ സുജക്ക് ആറും ശോഭക്കും ശ്രീദേവിക്കും മൂന്നും വോട്ടുകള്‍ വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിക്ക് ശോഭ ചെയര്‍പേഴ്‌സണ്‍ ആകുന്നതിനായിരുന്നുവത്രെ താല്പര്യം. വിമതസ്വരത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസിലെ ടി.കെ.നാരായണന്‍ നായരും, ശ്രീദേവി ബാലകൃഷ്ണനും ബജറ്റ് അവതരണത്തിലും ചര്‍ച്ചയിലും പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇ.കെ. നാരായണന്‍ നായര്‍ക്ക് പാര്‍ലമെന്ററി ലീഡര്‍ സ്ഥാനം നല്‍കാമെന്ന് നേതൃത്വം വാഗ്ദാനം ചെയ്തു. ശ്രീദേവിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു ഉന്നത സ്ഥാനവും നല്‍കാമെന്ന് ഉറപ്പ് നല്‍കി. അങ്ങനെ എംഎല്‍എപി.സി. വിഷ്ണുനാഥും എംപി കൊടിക്കുന്നില്‍ സുരേഷും ചേര്‍ന്ന് നടത്തിയ ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിമത ശബ്ദം ഇല്ലാതാക്കിയാണ് ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എന്നാല്‍ ശ്രീദേവി ബാലകൃഷ്ണന്‍ തന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭ്യര്‍ത്ഥന മാനിക്കാത്ത നേതൃത്വത്തിനെതിരെ പ്രതിഷേധ സൂചകമായി വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പാര്‍ട്ടി വിപ്പ് ലഭിച്ചതോടെ മറ്റ് വിമതരും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. അതേസമയം എല്‍ഡിഎഫ് അവരുടെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച പ്രഖ്യാപനം വോട്ടെടുപ്പിന് തൊട്ടുമുമ്പു വരെ വൈകിപ്പിച്ചത് യൂഡിഎഫിലെ പ്രതിസന്ധി മുതലാക്കാം എന്ന കണക്കുകൂട്ടലോടെ ആയിരുന്നുവെന്ന് പറയപ്പെടുന്നു. എന്തായാലും അത്തരമൊരു അട്ടിമറിക്കുളള സാദ്ധ്യത വഴിമാറുകയായിരുന്നു.

About Managing Editor

Leave a Reply