Home / News in Pictures / സ്ത്രീ പ്രതിനിധാനം മലയാളത്തിലെ പഴഞ്ചൊല്ലുകളില്‍

സ്ത്രീ പ്രതിനിധാനം മലയാളത്തിലെ പഴഞ്ചൊല്ലുകളില്‍

അനുമോള്‍. കെ.ആര്‍

ഒരു ജനതയുടെ ഏറ്റവും വിശ്വസനീയമായ സാംസ്‌കാരിക സ്രോതസ്സായിട്ടാണ് നാട്ടുമൊഴികള്‍ അഥവാ പഴഞ്ചൊല്ലുകള്‍ അംഗീകരിക്ക പ്പെട്ടിട്ടുളളത്. സമൂഹത്തെ നില നിര്‍ത്തുന്ന അലിഖിത നിയമങ്ങളാണ് പഴഞ്ചൊല്ലുകള്‍ എന്ന ധാരണ അവയ്ക്ക് ആധികാരിക സ്വഭാവം പ്രദാനം ചെയ്യുന്നു. പുരുഷാധിപത്യ പരമായ അധികാരഘടന നില നിന്നിരുന്ന വരു സമൂഹത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ പഴഞ്ചൊല്ലു കളെ പുനര്‍വായനക്ക് വിധേയമാക്കു മ്പോള്‍ സ്ത്രീകളെക്കുറിച്ച് പരാമര്‍ ശിക്കുന്ന നമ്മുടെ പഴഞ്ചൊല്ലുകള്‍ തികച്ചും സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വയാണെന്നു കാണാം. സമൂഹത്തില്‍ നിലീനമായ ആണ്‍ക്കോയ്മാ പ്രത്യയശാസ്ത്രവും മൂല്യസംഹിതയും അവയില്‍ പ്രതിഫലിക്കുന്നു. ഇത്തരം പഴഞ്ചൊല്ലുകളുടെ സ്ത്രീപക്ഷ വീക്ഷണത്തിലുളള പുനര്‍വായനയും പൊളിച്ചെഴുത്തും പുരുഷമേധാവിത്വ ത്തിന്റെ ചിഹ്നങ്ങളെയും അധികാര വര്‍ഗ്ഗപ്രത്യയശാസ്ത്രത്തിന്റെ അടി സ്ഥാനത്തെയും തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു.

സ്ത്രീയുടെ വിവിധ വ്യക്തിത്വാവിഷ്‌കാരം പഴഞ്ചൊല്ലുകളില്‍

പ്രതിനിധീകരിക്കപ്പെടുകയും സംസാരിക്കപ്പെടുകയും ചെയ്യാന ല്ലാതെ സ്വന്തം ജീവിതഭാഗധേയം നിര്‍ണ്ണയിക്കുവാന്‍ സ്ത്രീക്ക് ഒരിക്കലും അവസരമുണ്ടായിട്ടില്ല. പുരുഷ മേധാവിത്വ വ്യവസ്ഥിതിയുടെ ബന്ധ ങ്ങളാണ് സ്ത്രീയുടെ ബോധത്തെ എല്ലാക്കാലത്തും നിര്‍ണ്ണയിച്ചിട്ടുളളത്. ഉത്പന്നമേഖലയില്‍ മുതലാളിത്ത സമൂഹത്തിന്റെ മര്‍ദ്ദനവ്യവസ്ഥിതി തൊഴിലാളി വര്‍ഗ്ഗത്തെ ചൂഷണം ചെയ്യുകയും അവരെ പൂര്‍ണ്ണ മനുഷ്യരും സര്‍ഗ്ഗധനരുമായി വളരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യു ന്നതുപോലെ പുരുഷമേധാവിത്ത വ്യവസ്ഥിതി അവളുടെ വിപ്ലവ സാധ്യതകളെ മെരുക്കിയെടുക്കുന്നു.

‘പുരുഷന്മാര്‍ ഉടമകളായിരി ക്കണമെന്നും സ്ത്രീകള്‍ അടിമകളാ യിരിക്കണമെന്നും പ്രകൃതി നിശ്ചയിച്ചതല്ല. ഈ അവസ്ഥ പുരുഷാധിപത്യത്തിന്റെ ലിംഗപദവി നിര്‍മ്മിതിയും നിയമവുമാണ്.’ (ചന്ദ്രിക, 2008:165)

സ്ത്രീവിരുദ്ധമായ അനേകം ആചാരങ്ങളും വിശ്വാസങ്ങളും നിലനിന്നുപോരുന്ന കേരളീയ സമൂഹത്തിന്റെ സ്ത്രീ സങ്കല്‍പ്പത്തിന് ദൗര്‍ബ്ബല്യതയും ചപലതയും ചാര്‍ത്തിക്കെുടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുളള ഒരു വിഭാഗമാണ് പഴഞ്ചൊല്ലുകള്‍. കാര്‍ഷികവൃത്തി, വ്യാപാരം, തൊഴില്‍, സാമൂഹ്യബന്ധങ്ങള്‍, ഗാര്‍ഹി കാന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട് അനേകം പഴമൊഴികള്‍ വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുപോരുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയിലെ മുതലാളി- തൊഴിലാളി വിവേചനങ്ങളും, സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്നിങ്ങനെ യുളള മതപരമായ വിവേചനവും നിലനില്‍ക്കുന്നതുപോലെ ആണ്‍ക്കോയ്മാ വ്യവസ്ഥയില്‍ ഉടലെടുത്ത ആണ്‍-പെണ്‍ വിവേചന ങ്ങളെ ഊട്ടിയുറപ്പിക്കു ന്നതില്‍ ഇത്തരം പഴഞ്ചൊല്ലുകള്‍ നിര്‍ണ്ണായ കമായ പങ്ക് വഹിക്കുന്നു.

പെണ്ണിനോടുളള സമൂഹത്തിന്റെ വിവേചന മനോഭാവം പ്രകടിപ്പി ക്കപ്പെടുന്ന നിരവധി പഴഞ്ചൊല്ലുകള്‍ പ്രചാരത്തിലുണ്ട്. പെണ്ണിനെ രണ്ടാം സൃഷ്ടിയായി പരിഗണിക്കുകയും സ്‌ത്രൈണമായതിനെയെല്ലാം നിരാകരിക്കുകയും ചെയ്യുന്ന പ്രവണത ഇത്തരം ചൊല്ലുകളുടെ പൊതുസ്വഭാവമാണ്.

”’അന്ന് പെറ്റ് അന്ന് ചത്താലും ആണിനെ പെറണം.’
‘ആണ്‍മൂലം അറ വയ്ക്കും, പെണ്‍മൂലം നിര്‍മ്മൂലം.’
‘നാലാമത്തെ പെണ്ണ് തറവാടു മുടിക്കും.”

ആണ് മഹത്വമുളളവനും അവനുമായി ബന്ധപ്പെടുന്നതെന്തും മികച്ചതാണെന്നുമുളള സമൂഹത്തിന്റെ മുന്‍ധാരണകളെ അവ പ്രതിഫലിപ്പി ക്കുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ് സ്ത്രീയുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത്. ആണിന്റെ ജനനത്തെയും ആണിന് ജന്മം നല്‍കുന്ന കര്‍മ്മത്തെയും മഹത്വവല്ക രിക്കുന്ന സമൂഹം പെണ്ണിന്റെ ജനനത്തെ അങ്ങേയറ്റം നികൃഷ്ട മായിട്ടാണ് നോക്കി കാണുന്നത്. ഇത്തരം സാഹചര്യങ്ങള്‍ക്കെ ല്ലാമിടയില്‍ ജനിക്കുന്ന പെണ്ണിന് രണ്ടാംകിട സ്ഥാനമാണ് സമൂഹം പതിച്ചു നല്‍കുന്നത്.

സ്ത്രീയുടെ വിധേയ പദവി സ്ഥാപിച്ചെടുക്കുന്നതിനുളള സമൂഹത്തിന്റെ ശ്രമങ്ങള്‍ പഴഞ്ചൊ ല്ലുകളില്‍ പ്രബലമാണ്. വിനയം, ക്ഷമ, മിതത്വം തുടങ്ങിയ വിധേയ വ്യക്തിത്വഗുണങ്ങളാണ് സമൂഹം സ്ത്രീകളില്‍ നിന്ന് പ്രതീക്ഷിക്കു ന്നതെന്ന് ഇത്തരം ചൊല്ലുകള്‍ വ്യക്തമാക്കുന്നു.

”’ഉറക്കെ ചിരിക്കുന്നവളെ ഉലക്ക കൊണ്ടടിക്കണം.’
‘പെണ്‍ ചിരിച്ചാല്‍ പോയി, പുകയില വിടര്‍ന്നാല്‍ പോയി.’
‘ആണായാല്‍ കണക്കിലാവണം, പെണ്ണായാല്‍ പാട്ടിലാവണം.’
‘ആണിനും തൂണിനും അടങ്ങാ ത്തവള്‍.’
‘കൊട്ടയിലൊതുങ്ങാത്ത വടിവും, പിടിയിലൊതുങ്ങാത്ത പെണ്ണും.’
‘മുരട്ടു പെണ്ണും ചുരുട്ടുപായും.”’

സമൂഹത്തിന്റെ അഭിമതങ്ങള്‍ക്ക നുസൃതമായി മെരുക്കപ്പെട്ട വ്യക്തിത്വം മാത്രമാണ് പെണ്ണിന് അനുയോജ്യ മായിട്ടുളളത് എന്ന സമീപനമാണ് മേല്‍ സൂചിപ്പിച്ച പഴഞ്ചൊല്ലുകളിലുളളത്. ‘ഉറക്കെ ചിരിക്കുന്നവളെ ഉലക്ക കൊണ്ടടിക്കണം.’ എന്ന ചൊല്ലില്‍ പെണ്ണിന്റെ സ്വയം നിര്‍ണ്ണയാ വകാശവും പ്രകടനസ്വഭാവമുളള പെരുമാറ്റരീതികളും നിഷേധിക്കാനും അവളെ വിധേയവ്യക്തിത്വമായി രൂപപ്പെടുത്തിയെടുക്കുന്നതിനുമുളള സമൂഹത്തിന്റെ വ്യഗ്രത പ്രകടമാണ്. ആണിന് വികാരപ്രകടനങ്ങളാകാം, എന്നാല്‍ പെണ്ണിന്റെ വികാരപ്രകടന ങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്ക പ്പെട്ടിട്ടുണ്ട്. പെണ്ണിന്റെ കരച്ചില്‍ സമൂഹത്തിന് സ്വീകാര്യമാണ്. എന്നാല്‍ അവളുടെ ആഹ്ലാദപ്രകടന ങ്ങളും രോഷപ്രകടനങ്ങളും അംഗീകരി ക്കാന്‍ സമൂഹം തയ്യാറല്ല. വിടര്‍ ത്താത്ത പുകയിലപോലെ വികാര ങ്ങളെ തുറന്നു പ്രകടിപ്പിക്കാന്‍ ശ്രമിക്കാത്ത നിശബ്ദയായ പെണ്ണാണ് സമൂഹത്തിന് കൂടുതല്‍ സ്വീകാര്യം. അങ്ങനെയല്ലാത്ത പെണ്ണ് സമൂഹ ത്തിന്റെ കണ്ണില്‍ വെറുക്കപ്പെട്ടവളാണ്. കുടയിലൊതുങ്ങാത്ത വടിപോലെ ഉപേക്ഷിക്കപ്പെടേണ്ടവളാണ് അത്തരം പെണ്ണ് എന്ന് മേല്‍ സൂചിപ്പിച്ച പഴഞ്ചൊല്ലുകള്‍ സൂചിപ്പിക്കുന്നു. ഇവയിലെല്ലാംതന്നെ സ്ത്രീകള്‍ ആശ്രിതരും പുരുഷസംരക്ഷണം എപ്പോഴും വേണ്ടവരുമാണെന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തുന്ന സമൂഹമനസ് പ്രതിഫലിപ്പിക്കുന്നു. ജീവിതത്തില്‍ സമസ്തമേഖലകളിലും സ്ത്രീയെ അപരയും അന്യയുമാക്കി ത്തീര്‍ക്കുന്നതിനുളള സമൂഹത്തിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇവയിലെല്ലാം പ്രവര്‍ത്തിച്ചു് കാണുന്നത്. സ്ത്രീയുടെ ബൗദ്ധികവും സര്‍ഗാത്മകവുമായ എല്ലാ ആവി ഷ്‌കാരസാധ്യതകളെയും അടിച്ചമര്‍ ത്തുന്നതിനായി രൂപപ്പെടുത്തപ്പെട്ട നിയമസംഹിതകളായി ഇവ നില നില്‍ക്കുന്നു.

”’അഴിഞ്ഞവള്‍ ആരോടുകൂടി പോയാലെന്ത്?’
‘അഴകുണ്ടെന്നുവച്ച് അഴിഞ്ഞ വളെ കെട്ടരുത്.’
‘മാടോടിയ തൊടിയും നാടോടിയ പെണ്ണും സമം.’
‘ആയിരം ആണ് പിഴച്ചാലും അരപ്പെണ്ണ് പിഴയ്ക്കരുത്.”

എന്നിങ്ങനെ കേരളീയ സമൂഹ ത്തിന്റെ കപടസദാചാരവ്യവസ്ഥയുടെ പ്രഖ്യാപനങ്ങളായി മാറുന്ന ചൊല്ലുകള്‍ നിരവധിയാണ്. സമൂഹത്തിന്റെ എല്ലാ അടരുകളിലും നിലകൊളളുന്ന ലൈംഗികരാഷ്ട്രീയത്തിന്റെ പ്രധാന പത്രികകളായി ഈ പഴഞ്ചൊല്ലുകള്‍ മാറുന്നു. പെണ്ണിന്റെ ലൈംഗികത അടക്കപ്പെടേണ്ടതാണെന്നും ആണ്‍ലൈംഗികത സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നുമുളള ഇരട്ടത്താപ്പ് ഈ പഴഞ്ചൊല്ലുകളില്‍ പ്രകടിപ്പിക്കുന്നുണ്ട്.

സ്ത്രീയുടെ പാതിവ്രത്യത്തിന് ഏറെ പ്രാമുഖ്യം കല്‍പ്പിക്കുന്ന സമൂഹത്തില്‍ നിയമങ്ങളെ അതിലംഘിക്കുന്ന പെണ്ണിനെ താന്തോന്നിയായി മുദ്ര കുത്തുന്ന സമീപനമാണ് ആണ്‍കോയ്മാ സമൂഹം സ്വീകരിക്കുന്നത്. സമൂഹത്തിന്റെ കണ്ണില്‍ അവള്‍ ‘അഴിഞ്ഞവളാണ്. ‘അഴിയുക’ എന്നത് പെണ്ണിന്റെ ലൈംഗികതയുമായി ബന്ധപ്പെടുത്തിയാണ് പ്രയോഗിക്കുന്നത്. പെണ്‍സ്വാതന്ത്ര്യത്തെ എല്ലായ്‌പ്പോഴും അവളുടെ ലൈംഗി കതയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുന്ന സമീപനമാണ് സമൂഹത്തിനുളളത്. സ്വാതന്ത്ര്യം പുലര്‍ത്തുന്ന സ്ത്രീ സദാചാരഭ്രംശം സംഭവിച്ചവളാ ണെന്നും സ്വാതന്ത്ര്യം പുലര്‍ത്തുന്ന പുരുഷന്‍ വ്യക്തിത്വമുളളവനാ ണെന്നുമുളള ഇരട്ടത്താപ്പാണ് ഈ പഴഞ്ചൊല്ലുകളില്‍ പ്രകടമാകുന്നത്.

പെണ്ണിന്റെ പാതിവ്രത്യഭ്രംശം സമൂഹത്തിന് കളങ്കമായിത്തീരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന സമൂഹം അവളു ടെ പാതിവ്രത്യത്തിന് മറ്റെല്ലാ ഗുണങ്ങള്‍ക്കും മുകളിലാണ് സ്ഥാനം കല്‍പ്പിച്ചിട്ടുളളത്. ‘മാടോടിയ തൊടിയും നാടോടിയ പെണ്ണും സമം’ എന്ന ചൊല്ലില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന പെണ്ണ് സമൂഹത്തിന്റെ നിലനില്‍പ്പിനെ തകരാറിലാക്കുമെന്ന് ധ്വനിപ്പിക്കുന്നു. ‘അഴകുണ്ടെന്നുവച്ച് അഴിഞ്ഞവളെ കെട്ടരുത്’ എന്ന ചൊല്ലിലൂടെ അവളുടെ സദാചാര നിഷ്ഠമായ ജീവിതത്തെ മുന്‍നിര്‍ ത്തിയാണ് എന്ന് സൂചിപ്പിക്കുന്നു. സ്ത്രീക്ക് ഏകഭര്‍തൃത്വവും പാതിവ്ര ത്യവും നിര്‍ദ്ദേശിക്കുന്ന ഇടങ്ങളി ലെങ്ങുംതന്നെ പുരുഷന്റെ അപഥ സഞ്ചാരങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട് കാണുന്നില്ല. മറിച്ച് ‘ആണു പിഴച്ചാലും അരപ്പെണ്ണ് പിഴയ്ക്കരുത്’ എന്ന മട്ടില്‍ പുരുഷന്റെ സൈര്യവിഹാരത്തിന് വഴിയൊരുക്കുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്.

സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ സ്ത്രീയുടെ സദാചാരനിഷ്ഠമായ ജീവിതവുമായി ബന്ധപ്പെട്ടാണിരി ക്കുന്നത് എന്ന മിഥ്യിധാരണയുടെ പ്രചാരത്തിന് ഇത്തരം പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നല്ല സ്ത്രീ / ചീത്ത സ്ത്രീ എന്നീ ദ്വന്ദ്വ മാതൃക കളുടെ രൂപവല്‍ക്കരണത്തിലൂടെയാണ് സ്ത്രീ സമൂഹത്തിലെ സദാചാര വ്യവസ്ഥയില്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. (ചന്ദ്രിക, 2008, 95)

അധികാര വിധേയ ബന്ധത്തി ലൂന്നിയ സ്ത്രീ പുരുഷ ബന്ധങ്ങളുടെ പ്രാതിനിധ്യ സ്വഭാവമുളള പഴഞ്ചൊല്ലുകളില്‍ പ്രതിഫലിക്കുന്നത് ആണ്‍കോയ്മയി ലധിഷ്ഠിതമായ സ്ഥാപനങ്ങളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തന്നെയാണ്. ലൈംഗിക രാഷ്ട്രീയത്തിന്റെ സംവാഹകരായി മാറുന്ന നിരവധി സ്ഥാപനങ്ങളില്‍ ഒന്നുമാത്രമാണ് പഴഞ്ചൊല്ലുകള്‍. അവയുടെ പുനര്‍വായനയും വിനിര്‍മ്മിതിയും സമൂഹത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ അനാവൃതമാക്കുന്നു. എന്നാല്‍ അടിസ്ഥാനപരമായി സമൂഹത്തിന്റെ സ്ത്രീസങ്കല്‍പ്പത്തിലും സമീപനത്തിലുമാണ് പരിണാമം സംഭവിക്കേണ്ടത്.

About Managing Editor