Home / Poem / സ്വയംസേവകൻ

സ്വയംസേവകൻ

: — മനോജ് മനയിൽ

ആരാണു നീ സ്വയം സേവകൻ! ജീവന്റെ
നാരായ ധമനിയിൽ ചുടുചോരയായവൻ
ആരാണു നീ സ്വയംസേവകൻ! നീളുന്ന
ക്രൂരമാം പാതയിൽ തണലായി നിൽപ്പവൻ
ഞാനേകനല്ല, നാമേവരും നാടിന്റെ
ജ്ഞാനതപസ്വികളെന്നറിയുന്നവൻ
ജാതകർമത്തിനാല്ലല്ലി മാനുഷർ
ജേതാക്കളാകുന്നതെന്നുമറിഞ്ഞവൻ
ശൈലാബ്ധിപര്യന്തമാകുന്ന വിസ്മയം
ചേലാർന്ന സ്നേഹപര്യായമായ്ക്കണ്ടവൻ
ആരാണു നീ സ്വയംസേവകൻ! കണ്ണീരി-
നാഴങ്ങൾപോലും കുളിരായി നീന്തിയോൻ!

ആരാണു നീ സ്വയംസേവകൻ! ബ്രഹ്മാസ്ത്ര-
മാർജവംകൊണ്ടേ പണിത്തരമായവൻ
മേഘവിക്രാന്തഗർജനമൊന്നു കേൾക്കവേ
മണ്ണിൽ പുളയുന്ന നാഗഭയമല്ലവൻ
യാചനാനിർഭരം സോപാനമന്തികേ
രോദനം ചെയ്യുന്ന പ്രാർത്ഥനയല്ലവൻ
അന്തരാത്മാവിൻ പ്രദക്ഷിണവീഥിയിൽ
പെറ്റനാടിൻ ശ്രേയഗീതികയാണവൻ
മണ്ണും മനുഷ്യനും കിളികളും ലതകളും
കണ്ണാലെകണ്ടു നമസ്കരിക്കുന്നവൻ
പടനടുവിൽ പാർത്ഥനും സാരഥിയുമായവൻ
പടസഹസ്രങ്ങളിൽ ശസ്ത്രമുനയായവൻ
ഇടനെഞ്ചിലഭയം കൊടുത്തുവളർന്നവൻ
ഇമചിമ്മിടാതഗ്നിപോലെ ജ്വലിച്ചവൻ
ഇടവേളയറിയാതെ ധ്വജവാഹനായവൻ
ഇക്ഷിതിക്കൂറ്റം കൊടുത്തു വളർന്നവൻ!

ആരാണു നീ സ്വയംസേവകൻ! സ്വയമേവ
ആരാമമായവൻ, ആരാധ്യനായവൻ
പെറ്റമ്മയെപ്പോലെ നാടിനെക്കണ്ടു ശ്രീ-
രാമന്റെ മാതൃകാ ജീവിതമായവൻ
ക്ലേശമാർഗത്തിലും പുഞ്ചിരിതൂകി ശ്രീ-
കൃഷ്ണന്റെ ദർശനസങ്കൽപ്പമായവൻ
ധ്യേയമാർഗത്തിലായെന്നും ചരിപ്പവൻ
ധാരണത്താ,ലുദാഹരണമായ് മാറിയോൻ
യോഗീതപമാർന്നുയർന്നൊരീ നാടിനെ
യോഗമായ്ക്കണ്ടൂ സദാ പൂജചെയ്തവൻ
നൂറ്റാണ്ടുകൾ നീണ്ട ദണ്ഡനീതിപ്പൊരുൾ
മാറ്റുവാൻ കൈകളിൽ രാഖി ബന്ധിച്ചവൻ
സ്വപ്നമൊന്നും സ്വർഗകാമമല്ലെന്നോർത്തു
സ്വന്തമീ നാടിനെ നെഞ്ചേറ്റി നിന്നവൻ
കേവലം ജീർണമാം ദേഹത്തെയോർക്കാതെ
കാവിക്കൊടിയെ ഗുരുവായ് നമിച്ചവൻ
ശത്രുവിൻ കോട്ടകൾ ഭേദിച്ചുയുർത്തുവാൻ
സന്നദ്ധമായ് വൈജയന്തി ധരിച്ചവൻ
ആരാണവൻ, സ്വയമൊന്നും പറയാതെ
വീരനായ് നെഞ്ചുവിരിച്ചു നടപ്പവൻ
ത്യാഗമാണെങ്കിലും താഴ്മയിൽത്താഴ്ന്നവൻ
രാഗബ്ഭയക്രോധസംഗം ജയിച്ചവൻ
യോഗദണ്ഡും ജപമാലയുമില്ലാതെ
യോഗിയായ്ത്തീർന്നവൻ, നിശ്ശബ്ദസേവകൻ

ആരാണവൻ! പോയകാലം നമുക്കുമേൽ
ഭീതമായ്പ്പെയ്ത ചരിത്രത്തെ മായ്ക്കുവോൻ
ആർജവംകൊണ്ടേ നമുക്കുള്ളു വിശ്രാന്തി-
യെന്നസത്യത്തിനെ ധീരമായ് ചൊല്ലുവോൻ
ഉള്ളിന്റെ,യുള്ളിലെ,യഗ്നിയെ യാഗാഗ്നി-
യായ്ക്കണ്ടു പൂജകനായ്ത്തീർന്ന സേവകൻ
പൂജയെല്ലാം മാതൃഭൂവിന്റെ ശ്രേയസ്സു-
കാംക്ഷിച്ച നിസ്സംഗപൂജാരിയാണവൻ
ഇല്ല വഴിപാടു,ഹോമങ്ങൾ, നൈവേദ്യ-
മില്ല നിരർത്ഥക പ്രാർത്ഥനാദണ്ഡകം,
ഇല്ല ധ്വജാദി,പടഹാദിയുത്സവം
ഇല്ല കാണിക്കവഞ്ചീ സമർപ്പണം
ഇല്ല,നാഗതൈശ്വൈര്യ പ്രേക്ഷണം
ഇല്ല,സംബന്ധ മുദ്രാലയസ്വനം
ഇല്ല നാക,നരക വിമോഹനം
ഇല്ല വിധിവിളയാട്ട വിലാപനം
ഉള്ളതൊന്നേ ധരിത്രിയാമമ്മതൻ
പരമവൈഭവക്കാഴ്ചതൻ കണ്ണുകൾ
ഉള്ളതൊന്നേ,യകക്കണ്ണിനാൽ സദാ
ഉണ്മകാണുന്നവൻ, സ്വയംസേവകൻ!

ആരാണു നീ സ്വയംസേവകൻ! കേശവ-
മാർഗം നടന്നു സ്വയം സംഘമായവൻ!!

About Managing Editor

Leave a Reply